കാസർകോട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടർന്ന് കാസർകോട്ട് ഒറ്റപ്പെട്ട അക്രമങ്ങൾ.കാഞ്ഞങ്ങാട് അരയിയിൽ സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് ബിജെപി ഓഫീസ് അടിച്ചുതകർത്തു. ബുധനാഴച്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ബിജെപി പ്രവർത്തകരായ അളറായിയിലെ വിനയ്(18), അനീഷ്(21) എന്നിവർക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

തദ്ദേശതിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയാണ് ബിജെപി പ്രവർത്തകർക്കുനേരെ അക്രമം നടന്നത്. ബിജെപി ഓഫീസ് കെട്ടിടം ഭാഗികമായും ഫർണീച്ചറുകൾ മുഴുവനും അക്രമികൾ തകർത്തിരിക്കുകയാണ് . കാഞ്ഞങ്ങാട് നഗരസഭയിലെ ഏഴാംവാർഡ് ബിജെപി സ്ഥാനാർത്ഥി പി.വി മാധവന്റെ വീടിന് നേരെയും ബിജെപി നേതാവ് ഉമാനാഥറാവുവിന്റെ മകൾ പ്രസന്നകുമാരിയുടെയും വീടുകൾക്ക് നേരെ ആക്രമണം നടന്നു. പ്രസന്നകുമാരിയുടെ വീടിന് നേരെ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. വീടാക്രമണത്തിന് പിന്നിലും സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു . സംഘർഷാവസ്ഥ കണക്കിലെടുത്ത് അരയിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന അതിർത്തിയായ ഹൊസങ്കടിയിൽ എസ്.ഡി.പി.ഐ-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി പരിക്കേറ്റവരെ മംഗളൂരുവിലെ വിവിധ ആസ്ധത്രികളിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് സംഭവം. വിജയിച്ച ബിജെപി സ്ഥാനാർത്ഥി ആദർശിന്റെ ആഹ്ലാദ പ്രകടനത്തിനിടെ നവാസ് എന്നയാളുടെ വീടിന് നേരെ പടക്കംപൊട്ടിക്കുകയും ജനൽ ഗ്ലാസ് എറിഞ്ഞു തകർക്കുകയുമായിരുന്നു. ഇതിന് സമീപത്തായി മറ്റൊരു റോഡിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൽ ഹമീദിന്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത ചിലർ നവാസിന്റെ വീട് അക്രമിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുന്നതിനിടെ ബിജെപി പ്രവർത്തകരായ ഒരു സംഘം ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അതേസമയം ആഹ്ലാദ പ്രകടനത്തിനിടെ എസ്.ഡി.പി.ഐ പ്രവർത്തകർ സ്ത്രീ അടക്കമുള്ളവരെ അക്രമിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.

അംഗഡിപ്പദവിലെ ബിജെപി പ്രവർത്തകരായ സുധാകരൻ (33), സുകുമാരൻ (35), സരിത (19), എസ്.ഡി.പി.ഐ പ്രവർത്തകരായ അംഗഡിപ്പദവിലെ അബൂബക്കർ സിദ്ദീഖ് (40), സനാഫ് (22), യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നവാസ് (25), ലീഗ് പ്രവർത്തകൻ സാദിഖ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.