ആഗ്ര: അദ്ധ്യാപികയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ. ആഗ്രയിലാണ് സംഭവം. വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ അദ്ധ്യാപികയുടെ എഡിറ്റ് ചെയ്ത ഫോ‌ട്ടോ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി.

അധ്യപിക കുട്ടികൾക്ക് വീട്ടിൽവച്ച് കണക്കിന് ട്യൂഷൻ നൽകാറുണ്ടായിരുന്നു. ഒരുമാസം മുൻപ് കുട്ടിയുടെ പെരുമാറ്റത്തെ തുടർന്ന് ട്യൂഷൻ തുടരുന്നത് ടീച്ചർ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ഈ കുട്ടി നിരന്തരം ടിച്ചറെ വിവിധ നമ്പറുകളിൽ നിന്ന് ഫോൺ വിളിച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ കുട്ടി അദ്ധ്യാപികയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്.

അദ്ധ്യാപികയെ ഉപദ്രവിക്കാനാണ് വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് ഒൻപതാം ക്ലാസുകാരൻ പറഞ്ഞതായി പൊലീസ് പറഞ്ഞു. ബന്ധുവായ 22 കാരന്റെ സഹായത്തോടെയാണ് വ്യാജ് അക്കൗണ്ട് ഉണ്ടാക്കിയതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. 35 വയസുകാരിയായ അധ്യപികയെ അപകീർത്തിപ്പെടുത്തുവാൻ അവർ ആഗ്രഹിച്ചു. എന്നാൽ ഇതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

കുട്ടിയെ സഹായിച്ച 22 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 22 കാരനെ പൊലിസ് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവൈനൽ ഹോമിലയച്ചു.