തിരുവനന്തപുരം. ആർ സി സി യിൽ നിന്നും രക്തം സ്വീകരിച്ച ഒമ്പതു വയസുകാരിയുടെ രക്തം ചെന്നൈ റീജണൽ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ എച്ച് ഐ വി വൈറസുകളെ കണ്ടെത്താനായില്ല എന്ന റിപ്പോർട്ടാണ് കഴിഞ്ഞ ആഴ്ച ആർ സി സി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിച്ചത്. സാധാരണ ഗതിയിൽ എച്ച ഐ വി ടെസ്റ്റ് നടത്തുമ്പോൾ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് ഉറപ്പിച്ച് പറയാറുണ്ട് എന്നാൽ ഇവിടെ നിന്നും അയച്ച രക്ത സാമ്പിളിന്റെ റിസൾട്ടിലാണ് ആശയക്കുഴപ്പം ഉണ്ടാക്കും വിധം മറുപടി ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ആർ സി സി ഡയറക്ടർ പോൾ സെബാസ്റ്റ്്യൻ ചെന്നൈ റീജണൽ ലബോറട്ടറിക്ക് ഈമെയിൽ അയച്ചു.

റിസൾട്ടിൽ വ്യക്തത ആവിശ്യപ്പെടുന്നതായിരുന്നു മെയിലിന്റെ ഉള്ളടക്കം. റിസൾട്ടിൽ ഡബിൾ കൺഫർമേഷൻ വേണമെന്നും ആവിശ്യം ഉന്നയിച്ചിരുന്നു. മെയിൽ ലഭിച്ച റീജണൽ ലബോറട്ടറി അധികൃതർ വിദഗ്ധ ഉപദേശത്തിന് ഡൽഹിയിലെ നാഷണൽ എക്സപേർട്ട് പാനലിനെ സമീപിച്ചരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചെന്നൈ ലാബ് ദേശീയ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പ്രത്യേക അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നത്.ലാബ്്്‌ടെസ്റ്റുകളിൽ ആശയക്കുഴപ്പം വരുമ്പോൾ ചെന്നൈ ലാബ് നാഷണൽ എക്സപേർട്ട് പാനലിനെ സമീപിക്കാറുണ്ട്. പാനലിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ ഇക്കാര്യം അടക്കം ഉള്ളടക്കം ചെയ്തു ആർ സി സി ക്ക് കത്തയക്കുമെന്ന് റീജണൽ ലബോറട്ടറി അധികൃതർ മറുനാടൻ മലയാളിയോടു വ്യക്തമാക്കി.

ആർ സി സി യിലെ ഡോക്ടർമാർ ഇപ്പോഴും വിശ്വസിക്കുന്നത് കുട്ടി എച്ച ഐ വി പോസിറ്റീവ് ആണെന്നു തന്നെയാണ്. ആന്റി റിട്രോ വൈറൽ ചികിത്സ നടക്കുന്നതിനാൽ എച്ച്.ഐ.വി വൈറസിന്റെ ശക്തി കുറഞ്ഞതാകാം റിപ്പോർട്ട് ഇങ്ങനെയാകാൻ കാരണമെന്ന് ഡോക്ടർമാർ കരുതുന്നു. അതേ സമയം വിഷയത്തിൽ കരുതലോടെയാണ് ആർ സി സി നീങ്ങുന്നത്. വിഷയത്തിൽ നേരത്തെ ഉണ്ടായ പേരു ദോഷം മാറ്റാൻ നാഷണൽ എക്സപേർട്ട് പാനലിന്റെ റിപ്പോർട്ട് വഴി വെയ്ക്കുമെന്നാണ് ആർ സി സി ഡയറക്ടറുടെ പ്രതീക്ഷ.

രക്തദാന സ്വീകരണ സംവിധാനത്തിൽ അത്യാധുനിക മാറ്റത്തിന് കൂടി ആർ സി സി നീക്കം ആരംഭിച്ചിട്ടുണ്ട്. ആലുപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ രക്തപരിശോധനയിൽ രക്താർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സകൾക്കായാണ് കുട്ടിയെ തിരുവനന്തപുരം ആർസിസിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒൻപതിന് ആർ.സി.സിയിൽ നിന്നുള്ള രക്തപരിശോധന റിപ്പോർട്ടിൽ കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ല എന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പലതവണ ആർഎസിയിയിൽ നിന്ന് രക്തം സ്വീകരിച്ച ശേഷം ആണ്്് ഓഗസ്റ്റ് 25ന് വീണ്ടും ആർസിസിയിൽ നടന്ന രക്തപരിശോധനയിൽ കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്.

തുടർന്ന് മെഡിക്കൽ കേളേജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. രക്ഷിതാക്കൾക്ക് എച്ച്ഐവിയില്ലെന്ന് വ്യക്തമായതോടെയാണ് ആർസിസിക്ക് നേരെ ആരോപണമുയർന്നത്. ചികിൽസയിൽ ഇരിക്കുന്ന കുട്ടിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തിൽ ആർ സി സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. . വിൻഡോ പിരിഡിൽ രക്തം നൽകിയതാകാം രോഗബാധക്ക് കാരണമായത്. ഇത് കണ്ടെത്താൻ അത്യാധുനിക പരിശോധന സംവിധാനങ്ങൾ ആർ സി സിയിൽ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കുട്ടിക്ക് നൽകിയ 49 യൂണിറ്റ് രക്ത ഘടകവും കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പാലിച്ചുള്ള എല്ലാ പരിശോധനകളും നടത്തി രോഗബാധയില്ലെന്നും ഉറപ്പിച്ചിരുന്നു. എന്നാൽ വിൻഡോ പിരിഡിലുള്ള രക്തമാണെങ്കിൽ രോഗബാധ തിരിച്ചറിയാനുള്ള സംവിധാനം ആർ സി സിയിൽ ഇല്ല. ഇതാകാം രോഗബാധയ്ക്ക് കാരണമായത്. ആർ സി സിക്ക് സാങ്കേതികമായോ മനഃപൂർവമായോ ഉള്ള പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. . അതേസമയം വിൻഡോ പിരിഡിൽ തന്നെ രോഗബാധ കണ്ടെത്താനുതകുന്ന ന്യൂക്ലിക് ആസിഡ് പരിശോധയടക്കം സംവിധാനങ്ങളുടെ പോരായ്മ ആർ സി സിക്ക് ഉണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

ഇത് പരിഹരിക്കപ്പെടണമെന്ന നിർദ്ദേശവും റിപ്പോർട്ട് മുന്നോട്ടു വെച്ചിരുന്നു. പരാതിയിൽ ശാസ്ത്രീയ തെളിവുകൾ കിട്ടിയാലേ ആശുപത്രിക്കെതിരെ നടപടിയെടുക്കൂവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കിയിരുന്നു. . സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് ആശുപത്രിയിൽ പരിശോധന നടത്തി എന്നതല്ലാതെ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല . ഇതിനിടെ രക്തം കൊടുക്കുന്നതിന് മുമ്പുള്ള പരിശോധയിൽ കുട്ടിക്ക് എച്ച്.ഐ.വി ബാധ കണ്ടെത്താനായില്ലെന്ന് ആർ.സി.സി വിശദീകരണക്കുറിപ്പിൽ സമ്മതിക്കുകയും ചെയ്തു.