മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ക്ലീൻ ചിറ്റ്. ആര്യൻ ഖാൻ ഉൾപ്പെടെ ആറു പേർക്കെതിരെ തെളിവില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. ഏറെ വിവാദമായ കേസ് സമീർ വാംഖഡെ എന്ന ഉദ്യോഗസ്ഥന്റെ വൈര്യനിര്യാതന ബുദ്ധിയിൽ ഉരുത്തിരിഞ്ഞതാണെന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.

കേസിൽ ആര്യനെ അറസ്റ്റു ചെയ്ത എൻസിബി തന്നെ കുറ്റപത്രത്തിൽ ആര്യനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി. ലഹരി കേസിൽ 14 പേർക്കെതിരയാണ് എൻ.സി.ബി. കുറ്റപത്രം സമർപ്പിച്ചത്. 10 വാള്യങ്ങളിലായാണ് എൻ.സി.ബി. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രം. കഴിഞ്ഞ വർഷമാണ് മുംബൈ തീരത്ത് ആഡംബര കപ്പലിൽ ലഹരിമരുന്ന് പാർട്ടി നടത്തിയതിൽ ആര്യൻ ഖാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നത്.

ആഡംബര കപ്പലിൽ എൻ.സി.ബി. സംഘം നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ നടന്നതായും ആരോപണമുണ്ടായിരുന്നു കപ്പലിൽനിന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ ആര്യൻ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അദ്ദേഹത്തിന്റെ മൊബൈൽ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളിൽനിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. എൻ.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകർത്തിയിട്ടില്ല.

ഒട്ടേറെ പ്രതികളിൽനിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എൻ.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നതോടെയാണ് അന്വേഷണം എൻ.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.

2021 ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻ.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ എൻ.സി.ബി. സോണൽ ഡയറക്ടറായിരുന്ന സമീർ വാംഖഡെയ്ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയർന്നു. ആര്യൻ ഖാനെ കേസിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായി ജയിലിൽ പോകേണ്ടിവന്ന ആര്യൻ ഖാന്, ആഴ്ചകൾക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

വില്ലനായത് സമീർ വാംഖഡെ

മയക്കുമരുന്നു മാഫിയയുടെ പേടിസ്വപ്നം, മുഖം നോക്കാതെ വമ്പന്മാർക്കെതിരെ നടപടി സ്വീകരിക്കുന്ന സത്യസന്ധനായ ഉദ്യോഗസ്ഥൻ, തൊഴിലിനോടുള്ള ആത്മാർഥന മൂലം സ്വന്തം ഭാര്യക്കൊപ്പം പോലും അധിക സമയം ചിലവഴിക്കാത്ത വ്യക്തി എന്നിങ്ങനെ സൂപ്പർതാര പരിവേഷമായിരുന്നു ആര്യനെ അറസ്റ്റു ചെയ്തപ്പോൾ സമീർ വാംഖഡെക്ക് ലഭിച്ചത്. എന്നാൽ, അധികം താമസിയാതെ വില്ലൻ പരിവേഷത്തിലാക്ക് സമീർ മാറി.

ആര്യൻഖാനെ രക്ഷിക്കാൻ 25 കോടി രൂപ ഷാരൂഖ് ഖാനിൽ നിന്നും ആവശ്യപ്പെട്ടു എന്നതായിരുന്നു ഉദ്യോഗസ്ഥന് എതിരായ ആരോപണം. തുടക്കത്തിൽ കേസിനെ തള്ളിക്കളഞ്ഞ നാർക്കോടിക് കൺട്രോൾ ബ്യൂറോ എന്നാൽ ആരോപണം അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഡൽഹിയിലേക്ക് വിളിപ്പിച്ച വാങ്കഡയെ എൻസിബി കേസ് അന്വേഷണത്തി്ൽ നിന്നും മാറ്റിനിർത്തി.

ആര്യനെ അറസ്റ്റ് ചെയ്ത റെയ്ഡിൽ സ്വകാര്യ ഡിറ്റക്ടീവ് എന്ന് അവകാശപ്പെട്ട് എൻസിബി സംഘത്തിനൊപ്പം എത്തിയ കിരൺ ഗോസാവിയാണ് വാങ്കഡെയ്ക്കു വേണ്ടി കോഴ ചോദിച്ചതെന്നാണ് ആരോപണം. തൊഴിൽ തട്ടിപ്പുകേസുകളിൽ പ്രതിയായ ഗോസാവിയും ആര്യൻ കേസിൽ സാക്ഷിയാണ്. ആരോപണങ്ങൾ കള്ളമാണെന്ന് ഒളിവുകേന്ദ്രത്തിൽ നിന്നുള്ള അഭിമുഖത്തിൽ ഗോസാവി അവകാശപ്പെട്ടിരുന്നു.

അതേസമയം സൂപ്പർതാര പരിവേഷത്തിൽ നിന്നും സമീർ വാങ്കഡെയെ പുറത്തെത്തിച്ചത് ലഹരിക്കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ ആരോപണമാണ്. ആര്യൻ ഖാനെതിരായ കേസിൽ ഷാരൂഖിൽ നിന്ന് പണം തട്ടാൻ ഗൂഢാലോചന നടന്നു എന്നായിരുന്നു ആരോപണം. ഈ പ്രഭാകർ സെയിലിനെ പിന്നീട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

ആര്യനോടൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ കുറ്റാന്വേഷകൻ കെ.പി.ഗോസവിയുടെ അംഗരക്ഷകനാണ് താനെന്നാണ് സെയിൽ അവകാശപ്പെട്ടത്. ആര്യനെവച്ച് ഷാറുഖുമായി വിലപേശുന്നതിനെ കുറിച്ച് സാം ഡിസൂസ എന്നയാളുമായി സംസാരിക്കുന്നത് കേട്ടുവെന്നാണ് സെയിൽ പറഞ്ഞത്. '25 കോടി ചോദിക്കണം, എന്നിട്ട് 18ന് ഉറപ്പിക്കണം. കാരണം എട്ടു കോടി സമീർ വാങ്കഡേയ്ക്ക് നൽകണം' എന്നായിരുന്നു സംഭാഷണമെന്നായിരുന്നു സെയിലിന്റെ വെളിപ്പെടുത്തൽ.

ഇതുസംബന്ധിച്ച് സത്യവാങ്മൂലവും സെയിൽ നൽകി. ഗോസവി ഒളിവിലാണെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും അതിനാലാണു സത്യവാങ്മൂലം നൽകിയതെന്നുമാണു പ്രഭാകർ പറഞ്ഞത്. 50 ലക്ഷം രൂപ ആര്യൻ അറസ്റ്റിലായതിന്റെ പിറ്റേന്ന് ഗോസവിക്ക് കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു. സെയിലിന്റെ വെളിപ്പെടുത്തലുകൾ, മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് എൻസിബി അന്വേഷണത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.