കാസർഗോഡ്: രാജ്യം എഴുപതാം സ്വാതന്ത്ര്യം കൊണ്ടാടുന്ന അവസരത്തിൽ ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്സ്(ജി എച്ച് എം) എന്ന അഴിമതി വിരുദ്ധ കൂട്ടായ്മ മൂന്ന് വർഷത്തിലധികമായി വൃത്തിഹീനമായി കിടന്നിരുന്ന കാസറഗോഡ് താലൂക്ക് ആശുപത്രി പരിസരം മാലിന്യ മുക്തമാക്കിയാണ് വ്യത്യസ്ത രീതിയിൽ ആഘോഷിച്ചത്.

ക്ലീൻ കാസറഗോഡ് ഗ്രീൻ കാസറഗോഡ് എന്ന ആശയവുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന മാലിന്യ നിർമ്മാർജന ക്യാമ്പയിനിനാണ് സ്വാതന്ത്ര ദിനത്തിൽ തുടക്കമിട്ടിരിക്കുന്നത്. ജില്ലയിലെ വിവിധ പ്രാദേശിക ക്ലബ്ബുകളെയും സാമൂഹിക കൂട്ടായ്മകളെയും പരിസ്ഥിതി സംഘടനകളെയും സഹകരിപ്പിച്ചു ശുചീകരണം നടത്താനാണ് പദ്ധതി. ജനപങ്കാളിത്തത്തോടെ ബോധവത്കരണവും നടത്തും.

ജനങ്ങൾ നടന്നു പോകുന്ന വഴികളിലാണ് ദുർഗന്ധമുള്ള മാലിന്യങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്നത്. അധികാരികൾ ഇത് കണ്ടില്ലന്ന് നടിക്കുകയാണ് പതിവ്. മാലിന്യ നിർമ്മാർജനത്തിന് തദ്ദേശ ഭരണകർത്താക്കൾ മുൻകൈയെടുക്കണമെന്നു ജി എച്ച് എം ആവശ്യപ്പെട്ടു.

ജി എച് എം ശുചീകരണം രാവിലെ 10 മണിക്കാരംഭിച്ചു രാത്രിവരെ നീണ്ടുനിന്നു. ജെസിബി ഉപയോഗിച്ചും പ്രവർത്തകർ മാലിന്യം നീക്കം ചെയ്യുകയാണ്. പൂർത്തിയാകാത്തതിനാൽ നാളെയും ശുചീകരണം തുടരും. സ്വദേശത്തും വിദേശത്തുമായി 1000 ത്തോളം കാസറഗോഡ് ദേശക്കാരാണ് ജി എച് എം എന്ന കൂട്ടായ്മയിൽ അംഗമായിട്ടുള്ളത്. പ്ലാസ്റ്റിക്ക് മാലിന്യം സംസ്‌കരിച്ചും ജൈവ മാലിന്യം ബന്ധപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു.

കേവലം പതാക ഉയർത്തലും മധുരം വിതരണം ചെയ്യലും മാത്രമല്ല സ്വാതന്ത്ര ദിനമെന്നും ഇതുപോലെയുള്ള സാമുഹിക പ്രവർത്തനത്തിലൂടെ ജനസേവനം ചെയുക എന്ന ഒരു സന്ദേശം കൂടി സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് ജി എച്ച് എം പ്രവർത്തകർ ചെയ്യുന്നത്. ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിച്ചു അവകാശങ്ങൾ നേടിയെടുക്കാനും അഴിമതി രഹിത വികസന കാസറഗോഡ് എന്ന ആശയവുമാണ് ജി എച് എം എന്ന കൂട്ടായ്മയുടെ മുഖ്യ അജണ്ട എന്ന് അഡ്‌മിൻ പാനൽ പറഞ്ഞു. ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരെയും ജിഎച്ച്എം അഡ്‌മിൻ പാനൽ അഭിനന്ദിച്ചു.