കൊച്ചി:ഇനി ഇ- മാലിന്യങ്ങൾ തെരുവിലെ വേസ്റ്റ് ബോക്‌സിൽ നിക്ഷേപിക്കേണ്ട.കൊടുത്താൽ സർക്കാർ പണം തരും.സംസ്ഥാനത്തെ ഇ-മാലിന്യങ്ങൾ വില കൊടുത്ത് വാങ്ങി സംസ്‌കരിക്കാൻ സർക്കാർ തീരുമാനം.

ഇതോടെ സമ്പൂർണമായി ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ക്ലീൻ കേരള കമ്പനിയാണ് സ്ഥാപനങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും നേരിട്ട് ഇ-മാലിന്യം ശേഖരിക്കുന്നത്. കിലോവിന് പത്ത് രൂപ വില നൽകിയാണ് ശേഖരണം. സ്‌കൂളുകളും വിദ്യാർത്ഥികളും നൽകുന്ന ഇ-മാലിന്യത്തിന് കിലോവിന് 25 രൂപയാണ് നൽകുക. നേരത്തെ അഞ്ച് രൂപയാണ് ഒരു കിലോയ്ക്ക് നൽകിയിരുന്നത്.

ഇ-മാലിന്യത്തിനെതിരായ സന്ദേശം കുടുംബങ്ങളിൽ എത്തിക്കുന്നതിനും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് കുട്ടികൾക്ക് ഉയർന്ന വില നൽകുന്നത്. സ്‌കൂൾ വിദ്യാർത്ഥികളെ ഇ-മാലിന്യ ശേഖരത്തിൽ പങ്കാളികളാക്കാനും ഉദ്ദേശിക്കുന്നുണ്ട്. മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് സ്‌കൂളുകളിലേക്കും എല്ലാ നഗരസഭകിലേക്കും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ കഴിയുന്നവ റീസൈക്ലീങ്ങ് നടത്തിയെടുക്കാൻ ഉദ്ദേശമുണ്ട്. പറ്റാത്തവ സംസ്‌കരിക്കും.

ഇപ്പോൾ ഹൈദരാബാദിലെ റീസൈക്ലിങ്ങ് കമ്പനിക്ക് കിലോവ്ിന് 45 രൂപ നിരക്കിൽ വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനകം 135 ടൺ ഇ-മാലിന്യങ്ങൾ ഹൈദരാബാദിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.സ്വകാര്യ സ്ഥാപനങ്ങളിലേയും സർക്കാർ ഓഫീസുകളിലേയും ഇ-മാലിന്യങ്ങൾ അതാത് കേന്ദ്രത്തിൽ സൂക്ഷിച്ച് ക്ലീൻ കേരള കമ്പനിയെ അറിയിക്കാം.നഗരസഭ പരിധിയിലുള്ള മാലിന്യങ്ങൾ ഒരു കേന്ദ്രത്തിലോ കോർപ്പറേഷനുകളിൽ ഒന്നിൽ കൂടുതൽ കേന്ദ്രങ്ങളിലോ സൂക്ഷിക്കാം.

500 കിലോവിൽ കുറയാത്ത ഇ-മാലിന്യമുണ്ടെങ്കിൽ ക്ലീൻ കേരള കമ്പനിയുടെ വാഹനമെത്തി കൊണ്ടുപോകും.കോളേജുകളിലും മറ്റും ആറ് മാസത്തിലെത്തി ഇ.മാലിന്യം ശേഖരിച്ചു പോകും.നഗരസഭകളിൽ കുടംബശ്രീ മുഖേന മാലിന്യംശേഖരിച്ചാൽ മൂന്ന് മാസത്തിലൊരിക്കൽ വാഹന സൗകര്യം ലഭിക്കും.കമ്പ്യൂട്ടർ,ലാപ്‌ടോപ്, ടി.വി,ഫോട്ടോ കോപ്പിയർ,ടേപ്പ് റെക്കോർഡർ,വാഷിങ്ങ് മെഷീൻ,റഫ്രിജറേറ്റർ,ഗ്രെയ്ന്റർ,മിക്‌സി, ഇസ്തിരിപ്പെട്ടി, തുടങ്ങിയ എല്ലാം ഇ മാലിന്യത്തിൽ പെടും.