റിയാദ്: സമൂഹത്തിൽ ആഗ്രഹിക്കുന്നത് എല്ലാം നേടാൻ സാധിക്കുന്നവരും മറിച്ചുമുള്ളവരുണ്ട്. എന്നാൽ, കൊതിച്ചിട്ടും കിട്ടാതെ പോയ ഒരു വസ്തു അപ്രതീക്ഷിതമായി കൈയിൽ എത്തുമ്പോൾ ലഭിക്കുന്ന സന്തോഷം വളരെ ഏറെയാകും. അത്തരമൊരും അവസ്ഥയിലാണ് ബംഗ്ലാദേശ് സ്വദേശിയായ നാസർ അൽ ഇസ്ലാം അബ്ദുൾ കരീം. 65കാരനായ കരീമായിരിക്കും ഒരു പക്ഷേ ലോകത്തിലെ ഏറ്റവും അധികം സന്തോഷമുള്ള വ്യക്തി. സൗദിയിലെ ക്ലീനറായ അദ്ദേഹം ക്ലീനിംഗിനിടെ ജൂവലറിക്ക് മുന്നിലെത്തിയപ്പോൾ ഷെൽഫിലെ വിലയേറിയ ആഭരണങ്ങളെ കുറച്ച് നേരം കൊതിയോടെ നോക്കി നിന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായിരിക്കുന്നത്.

ഈ ചിത്രം ആരോ ഇൻസ്റ്റാഗ്രാമിലിട്ട് നാസറിനെ കളിയാക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് മാലിന്യം നോക്കി നിൽക്കാൻ മാത്രമേ അർഹതയുള്ളുവെന്ന് അടിക്കുറിപ്പിട്ടായിരുന്നു ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചിരുന്നത്. ആ പാവപ്പെട്ടവന്റെ ദാരിദ്ര്യത്തെ പരിഹസിച്ച ഈ നടപടി പലരെയും വേദനിപ്പിച്ചിരുന്നു. എന്നാൽ, ഈ അവഹേളിക്കൽ ഒരു നല്ല മനുഷ്യന്റെ ഹൃദയത്തിൽ കൊണ്ടു. സാധുവായ ആ മനുഷ്യനെ സഹായിക്കാൻ മനസലിവുള്ള അബ്ദുള്ള അൽഖ്വഹാതാനി എന്ന മനുഷ്യസ്‌നേഹി രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് നാസറിനെ കളിയാക്കുന്ന കാര്യം അബ്ദുള്ള മനസിലാക്കിയത്. നാസറിനെ തേടി കണ്ടുപിടിച്ച് ആഭരണങ്ങളും ഐഫോണും വരെ സമ്മാനമായി നൽകി നാസറിനെ പരിഹസിച്ചയാളോട് മധുരതരമായ പ്രതികാരം വീട്ടുകയും ചെയ്തു അബ്ദുള്ള അൽഖ്വഹാതാനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

നാസറിനെ കണ്ടെത്താൻ വേണ്ടി അൽഖ്വഹാതാനി ഇട്ട ട്വീറ്റ് 6500 പ്രാവശ്യമാണ് ഷെയർ ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് നാസറിനെ കണ്ടെത്തുകയുമായിരുന്നു. നാസറിന് റിയാദിൽ ലഭിക്കുന്ന പ്രതിമാസ ശമ്പളം 700 സൗദി റിയാൽ അഥവാ 187 ഡോളർ മാത്രമാണ്. താൻ ആഭരണം നോക്കി നിൽക്കുന്ന ഫോട്ടോ എടുത്ത കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് നാസർ പ്രതികരിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ ക്ലീനിങ് ജോലി ചെയ്യുന്നതിനിടെ താൻ ജൂവലറിക്ക് മുന്നിൽ എത്തിയപ്പോൾ ആഭരണങ്ങളെ അറിയാതെ നോക്കി നിന്ന് പോയതായിരുന്നു. തന്നെ പോലൊരു ദരിദ്ര്യന് ആഗ്രഹിക്കാൻ കഴിയുന്നതിൽ അപ്പുറമായതിനാൽ അത് വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്തായാലും അവിചാരികമായി ഭാഗ്യം തേടിയെത്തിപ്പോൽ അതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. തനിക്കീ ഭാഗ്യമുണ്ടായതിന് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

നാസറിന് താൻ വാഗ്ദാനം ചെയ്ത സമ്മാനങ്ങളെല്ലാം അദ്ദേഹത്തിന് നൽകിയെന്നാണ് അൽഖ്വഹാതാനി വെളിപ്പെടുത്തുന്നത്. അരിയും തേനും ബംഗ്ലാദേശിലേക്കുള്ള മടക്ക യാത്രക്കുള്ള ടിക്കറ്റും ഐഫോൺ 7ഉം സാംസങ് ഗാലക്‌സിയും പണവും ആഭരണങ്ങളും നൽകിയെന്നാണ് അൽഖ്വഹാതാനി വിശദീകരിക്കുന്നത്. ഇതിന് പുറമെ സൗദിയിലെ സോഷ്യൽ മീഡിയ യൂസർമാർ പ്രത്യേകിച്ച് ട്വിറ്റർ യൂസർമാർ നാസറിന് ഇപ്പോഴും സമ്മാനങ്ങൾ അയക്കുന്നുണ്ട്. ഇതിലൊരാൾ അദ്ദേഹത്തിന് 2000 റിയാൽ അയക്കാൻ തയ്യാറായിട്ടുണ്ട്.

തനിക്ക് ലഭിച്ച പുതിയ സമ്മാനങ്ങളുമായി നാസർ നിൽക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ക്ലീനറെ കണ്ടെത്താൻ നിരവധി പേർ നടത്തിയ പ്രയത്‌നങ്ങളിൽ താൻ സന്തുഷ്ടനാണെന്നാണ് അൽഖ്വഹാതാനി പ്രതികരിച്ചിരിക്കുന്നത്. തന്നെ സഹായിക്കാൻ ആളുകൾ പുലർത്തിയ താൽപര്യത്തിലും നാസറിനോട് കാണിച്ച ദയാവായ്പിലും അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുന്നു. എന്തായാലും ഈ ദയാവായ്‌പ്പിന്റെ കഥ സോഷ്യൽ  മീഡിയ ശരിക്കും ഏറ്റെടുത്തിട്ടുണ്ട്.