തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമായിരുന്നു. എന്നാൽ ഇത് ഫലം കാണുന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. അവിടെത്തെ ബിഷപ്പ് ബിജെപിക്കെതിരായ ഇറക്കിയ ഇടയലേഖനം ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യയിലെ കത്തോലിക്കാ സഭ നിലപാട് വിശദീകരിക്കുകയാണ്.

മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെടുകയാണെന്ന് കത്തോലിക്ക സഭ പറയുന്നു. ക്രൈസ്തവ സമൂഹത്തിന് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്നും സിബിസിഐ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. 'ദി ഇന്ത്യൻ എക്സ്‌പ്രസിനു' നൽകിയ അഭിമുഖത്തിലാണ് സർക്കാരിനെതിരെ സഭാ നേതൃത്വം പരസ്യമായി നിലപാട് സ്വീകരിക്കുന്നത്. ക്രിസ്മസ് കരോളിന്റെ പേരിലെ ആക്രമങ്ങൾക്ക് പിന്നാലെയാണ് ക്രൈസ്തവ സഭയുടെ വിശദീകരണം എത്തുന്നത്. മോദിയോട് ചേർന്ന് പ്രവർത്തിക്കുകയാണ് ക്രൈസ്തവ സഭ ചെയ്യുന്നതെന്ന തോന്നൽ സമൂഹത്തിലുണ്ടാക്കാൻ മോദി ശ്രമിച്ചിരുന്നു. ഇതാണ് തുറന്നു പറച്ചിലിലൂടെ പൊളിയുന്നത്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സത്‌നയിൽ കഴിഞ്ഞ ആഴ്ചയാണ് 30 ഓളം വരുന്ന വൈദികരേയും സെമിനാരി വിദ്യാർത്ഥികളെയും ബജ്രംഗ് ദൾ പ്രവർത്തകർ ക്രിസ്തുമസ് കരോൾ നടത്തിയതിന്റെ പേരിൽ തടഞ്ഞുവെച്ച് മർദ്ദിച്ചത്. കരോൾ പരിപാടി മതപരിവർത്തനമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വൈദികരെയും വിദ്യാർത്ഥികളെും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ ഇവരെ സന്ദർശിക്കാനെത്തിയ വൈദികരുടെ കാർ കത്തിക്കുകയും ചെയ്തിരുന്നു. മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഒരു വൈദികനെ പൊലീസ് അറസ്റ്റും ചെയ്തു. ഇതാണ് സഭയെ ചൊടിപ്പിക്കുന്നതെന്നാണ് സൂചന.

ഇതിനൊപ്പം പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തതും കത്തോലിക്കാ സഭയെ അലോസരപ്പെടുത്തുന്നുണ്ട്. മാർപാപ്പയെ വത്തിക്കാന്റെ രാജ്യ തലവനായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഔദ്യോഗിക ക്ഷണമുണ്ടെങ്കിൽ മാത്രമേ മാർപ്പാപ്പയ്ക്ക് മറ്റൊരു രാജ്യത്തേക്ക് പോകാനാകൂ. ഏഷ്യൻ സന്ദർശനത്തിനിടെ മാർപാപ്പയെ ഇന്ത്യയിൽ കൊണ്ടു വരാൻ കത്തോലിക്കാ സഭയും ആഗ്രഹിച്ചിരുന്നു. പക്ഷേ മോദി സർക്കാർ മാർപാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചില്ല. ഏഷ്യൻ സന്ദർശനത്തിന് വേണ്ടത്ര പ്രാധാന്യവും ലഭിച്ചില്ല. കത്തോലിക്കാ സഭയുടെ ഈ ആഗ്രഹം മോദി സർക്കാരിനെ അറിയിക്കുകയും ചെയ്തു. എന്നാൽ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കേണ്ടെന്ന നിലപാടാണ് മോദി സർക്കാർ എടുത്തത്. ഇതോടെയാണ് കോൺഗ്രസുമായി കൂടുതൽ അടുക്കാൻ ക്രൈസ്തവ സഭ തീരുമാനിച്ചത്. ക്ലീമീസിന്റെ കടന്നാക്രമണവും ഇതിന്റെ ഭാഗമാണ്.

മതത്തിന്റെ പേരിലുള്ള വിഭാഗീയതയിൽ രാജ്യം വീണ്ടും വിഭജിക്കപ്പെടുകയാണ്. ക്രൈസ്തവ പുരോഹിതരും സത്‌നയിലെ സെമിനാരികളും ആക്രമിക്കപ്പെടുന്നു. എന്നാൽ സംസ്ഥാന സർക്കാരാകട്ടെ കുറ്റവാളികളെ കണ്ടെത്തുന്നതിനു പകരം പുരോഹിതർക്കെതിരെ നടപടി സ്വീകരിക്കുകയും പാവങ്ങളും നിഷ്‌കളങ്കരുമായി വിശ്വാസികളെ അറസ്റ്റു ചെയ്യുകയുമാണ്. ഈ സർക്കാരിൽ സമൂഹത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിൽ ഒന്നും ചെയ്യുന്നില്ല. ഈ സർക്കാരിൽ സഭാ സമൂഹത്തിന് വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ക്ലിമീസ് ബാവ പറഞ്ഞു.

ഒരു വലിയ രാജ്യത്ത് ഇത്തരം ചില സംഭവങ്ങൾ നടക്കുമെന്നത് താൻ അംഗീകരിക്കുന്നു. എന്നാൽ എങ്ങനെയാണ് സർക്കാരിന്റെ നിലപാടിനേയും ദൃഢതയേയും നാം വിലയിരുത്തുന്നത്. ഉചിതമായ നടപടികളും നിയമപരമായ സംരക്ഷണവും ലഭിക്കുമ്പോഴാണത്- ക്ലിമീസ് ബാവ പറയുന്നു. മതപരമായ വിഷയത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെടുന്നു എന്നത് ജനാധിപത്യ രാജ്യത്തിന് ഒരിക്കലും നല്ലതല്ല. മതേതര ചട്ടക്കൂടിൽ എന്റെ രാജ്യം ഒന്നിക്കണമെന്നാണ് തന്റെ നിലപാട്. എന്നാൽ, മതപരമായ വിഷയങ്ങളുടെ പേരിൽ ഇന്ന് രാജ്യം ധ്രൂവീകരിക്കപ്പെടുകയാണ്. ഇതിനെതിരെ പോരാടണം-കർദ്ദിനാൾ പറയുന്നു.

സത്‌നയിൽ ആക്രമണമുണ്ടായതിന്റെ കാരണം എന്താണെന്ന് തനിക്കോ ക്രിസ്ത്യൻ സമുദായത്തിനോ വ്യക്തമല്ല. വ്യക്തമായ എന്തെങ്കിലും കാരണങ്ങളോ തെളിവുകളോ ഇല്ല. ഇത് മുൻകൂട്ടി നിശ്ചയിച്ചുള്ള ആക്രമണമായിരുന്നു. സത്‌നയിൽ മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സത്‌ന രൂപത ഒരിക്കലും മതപരിവർത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് സഭകൾക്കെതിരെ ആക്രമണം നടക്കുന്നതെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ഇത് അടിസ്ഥാന രഹിതമായ ആരോപണമാണ്. തെരഞ്ഞെടുപ്പും സത്‌നയിലെ ആക്രമണവും തമ്മിൽ എന്താണ് ബന്ധം? രാജസ്ഥാനിലും സമാനമായ സംഭവമുണ്ട്. ക്രിസ്ത്യൻ സമൂഹം ആക്രമിക്കപ്പെട്ടു. അവിടെയും തെരഞ്ഞെടുപ്പ് ഒന്നും ഇപ്പോൾ നടക്കുന്നില്ലെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.

സത്നയിലെ സഭയുടെ ആശങ്ക കേന്ദ്രസർക്കാരിനെ അറിയിക്കാൻ ക്ലിമ്മീസിന്റെ നേതൃത്വത്തിലുള്ള സിബിസിഐ പ്രതിനിധി സംഘം ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും രാജ്യസഭാ വൈസ് ചെയർമാൻ പി.ജെ കുര്യനും സന്ദർശനത്തിൽ പങ്കെടുത്തിരുന്നു. രാജ്‌നാഥ് സിംഗിന്റെ പക്കൽ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായും ക്ലിമീസ് പറഞ്ഞു. നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ലിമീസ് വ്യക്തമാക്കി.

പൗരന്മാരുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ ഗൗരവമായ നടപടികൾ സ്വീകരിക്കണം. നിരപരാധികളെ ഉചിതമായാണ് കൈകാര്യം ചെയ്യുന്നതെന്നും അവർക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. രാജ്യത്തിന്റെ പ്രതിഛായ തകർക്കുന്ന മോശപ്പെട്ട പ്രവൃത്തി ചെയ്യുന്ന കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. നാം ഒരുമിച്ച് നിൽക്കണം. നാനാത്വത്തിലുള്ള ഐക്യമാണ് വേണ്ടത്. വംശീയവും മതപരവും ഭാഷപരവുമായി വേർതിരിവുകൾ നോക്കാതെ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ക്രിസ്ത്യൻ സമുദായവും നേതൃത്വവും പ്രതിജ്ഞാപബദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.