തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം എത്രയാകണമെന്നതിനെക്കുറിച്ചു മുസ്ലിം മതപണ്ഡിതരും സമുദായ സംഘടനാ നേതാക്കളും വാദവിവാദങ്ങളുമായി രംഗത്തെത്തുമ്പോള്‍ അവരൊന്നുമല്ല തങ്ങളുടെ വിവാഹപ്രായത്തെക്കുറിച്ചു തീരുമാനിക്കേണ്ടതെന്നു എംഎസ്എഫ് വനിതാനേതാവ് ഫാത്തിമ തഹിലിയ. ഓരോ പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളുമാണ് വിവാഹം എപ്പോള്‍ വേണമെന്നു തീരുമാനിക്കേണ്ടതെന്നു നേതാക്കളും പണ്ഡിതരും വെറുതേ വിവാദങ്ങളുണ്ടാക്കേണ്ട ആവശ്യമില്ലെന്നും ഫാത്തിമ മറുനാടന്‍ മലയാളിയോടു പറഞ്ഞു. മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ ജനറല്‍ സെക്രട്ടറിയാണ് ഫാത്തിമ.

ഇക്കാര്യത്തില്‍ ഒരു സര്‍വേ നടത്തുകയാണെങ്കില്‍ 99.9 ശതമാനം പെണ്‍കുട്ടികളും ഇതേ അഭിപ്രായത്തോട് യോജിക്കും. ചെറിയപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസമാണ്. ഇന്നത്തെ തലമുറയിലെ ഒരു പെണ്‍കുട്ടിയും തനിക്ക് 18 വയസാകുന്നതിനു മുമ്പ് വിവാഹം വേണമെന്ന് പറയില്ല. അങ്ങനെ പറഞ്ഞാല്‍ പോലും അത് വളരെ ചെറിയൊരു വിഭാഗം മാത്രമായിരിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കേണ്ട ആവശ്യം പോലുമില്ല. കാരണം അവര്‍ ചിന്തിക്കാനുള്ള കഴിവുള്ളവരാണ്.

ബോധവത്ക്കരിക്കേണ്ടത് 18 വയസിനു മുമ്പേ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കണം എന്ന് പറയുന്നവരെയാണെന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായക്കാര്യത്തില്‍ വിവാദ പ്രസ്താവന നടത്തിയ ലീഗ് നേതാവ് എം സി മായിന്‍ഹാജിക്കു മറുപടിയായി ഫാത്തിമ പറഞ്ഞു. പതിനഞ്ചു വയസായ പെണ്‍കുട്ടി 25 വയസിന്റെ ശാരീരിക വളര്‍ച്ച കാണിച്ചാല്‍ കെട്ടിച്ചുവിടാതെ എന്താണു ചെയ്യുകയെന്നതായിരുന്നു മായിന്‍ഹാജിയുടെ പ്രസ്താവന.

15 വയസുള്ള പെണ്‍കുട്ടിക്ക് 25 വയസിന്റെ ശാരീരിക വളര്‍ച്ച ഉണ്ടായാല്‍ വിവാഹം കഴിപ്പിക്കേണ്ടേ ന്ന സംശയത്തിന് യാതൊരു പ്രസക്തിയുമില്ല. കാരണം 18 വയസ് എന്നത് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ജാതിമതഭേദമനേ്യ ഇന്ത്യക്കാര്‍ക്കു ഭരണഘടന അനുശാസിക്കുന്ന വിവാഹപ്രായമാണ്. വിവാഹത്തിന് ശാരീരിക വളര്‍ച്ച മാത്രം പോര. മാനസികമായി പക്വതകൈവരിക്കാത്ത ഒരു പെണ്‍കുട്ടിയെ ഒരിക്കലും വിവാഹത്തിന് നിര്‍ബന്ധിക്കരുത്.

പ്രായപൂര്‍ത്തിയായിട്ടും മാനസികമായ പക്വതയില്ലാത്ത എത്രയോ പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നു. അതൊരിക്കലും ഒരു നല്ല ദാമ്പത്യബന്ധം പ്രദാനം ചെയ്യില്ല. കേരളത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ ആണ്‍കുട്ടികള്‍ നേരത്തേ വിവാഹം കഴിക്കുന്ന കാഴ്ചയാണ് കാണുന്നത്. 23 വയസെങ്കിലുമാകാതെ വിവാഹ ജീവിതത്തിലേക്ക് കിടക്കാന്‍ ആഗ്രഹിക്കാത്തവരാണു ഭൂരിഭാഗം പെണ്‍കുട്ടികളും.

അതുപോലെ ശരിയത്ത് നിയമത്തിന്റെ മറപിടിച്ച് ഇങ്ങനെയൊരു തീരുമാനം എടുത്താല്‍ അതൊരിക്കലും അംഗീകരിക്കാനാകില്ല. മുഹമ്മദ് നബിയുടെ കാലം മുതല്‍ പിന്തുടരുന്നതാണ് ശരിയത്ത്. അതിനെ തെറ്റായാണ് ഇന്ന് എല്ലാവരും വ്യാഖ്യാനം ചെയ്യുന്നത്. വളരെ വിശാലമായ കാഴ്ചപ്പാടാണ് ഇസ്ലാമിന്റേത്. 'വായിക്കുകന' എന്നാണ് തുടക്കത്തിലേ പറയുന്നത്. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മതവിഭാഗമാണ് ഇസ്ലാം. എന്നാല്‍ യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ഒരു വിഭാഗം ഇതിനെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ഇത്തരം തീരുമാനങ്ങളുടെ ഭാഗമായാണ് ഇന്നും നമ്മുടെ നാട്ടില്‍ അറബിക്കല്ല്യാണം പോലുള്ള ക്രൂരകൃത്യങ്ങള്‍ നടക്കുന്നത്.

വിവാഹപ്രായം പതിനെട്ടില്‍ നിന്നും എടുത്തുകളയുക എന്ന തീരുമാനത്തോട് യോജിക്കാന്‍ ഒരിക്കലും എംഎസ്എഫിനാകില്ല. അത് ഉയര്‍ത്തുകയാണെങ്കില്‍ അത്രയും നല്ലത്. 18 വയസാകുന്നതിനുമുമ്പ് ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അത് തടയാന്‍ എംഎസ്എഫ് പരമാവധി ശ്രമിക്കാറുണ്ട്. ഇനിയും അത് അങ്ങനെതന്നെയായിരിക്കും. ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കളാണു പെണ്‍കുട്ടികള്‍ക്കു പൂര്‍ണപിന്തുണ നല്‍കേണ്ടത്.

വിവാഹത്തിനുമുമ്പ് പെണ്‍കുട്ടിയുടെ താത്പര്യം അന്വേഷിച്ച്‌  അതനുസരിച്ച് മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. എന്നാല്‍ പലയിടങ്ങളിലും നടക്കുന്നത് മറിച്ചാണ്. മാതാപിതാക്കള്‍ കാര്യങ്ങള്‍ തീരുമാനിക്കും, പെണ്‍കുട്ടികള്‍ അത് അനുസരിക്കേണ്ട സാഹചര്യമാണ്. ഈ അവസ്ഥയില്‍ മാറ്റം വരണം- ഫാത്തിമ പറഞ്ഞു.

കോഴിക്കോട്ടുകാരിയായ ഫാത്തിമ തഹിലിയ കോഴിക്കോടു ലോ കോളേജിലെ നാലാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയാണ്. മുസ്ലീം ലീഗ് നേതാവായ കെ.അബ്ദുള്‍റഹിമാനാണ് ഫാത്തിമയുടെ പിതാവ്.