ഒഹായോ: ക്ലീവ് ലാന്റിലെ ഒഹായോ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ഇടവക 2014 ഡിസംബർ അവസാന വാരത്തിൽ സ്വന്തമായി ദേവാലയം വാങ്ങി. മെട്രോ ക്ലീവ് ലാന്റ് ഭാഗമായ മാസിഡോണിയ നഗരകേന്ദ്രത്തിലാണ് പുതിയ ദേവാലയം സ്ഥിതിചെയ്യുന്നത്. അഞ്ച് ഏക്കർ സ്ഥലത്തിനുള്ളിൽ 1987-ൽ പണികഴിപ്പിച്ച അയ്യായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ദേവാലയമാണ് ദൈവകൃപയാൽ വാങ്ങാൻ സാധിച്ചതെന്ന് വികാരി റവ.ഫാ. ജയിംസ് ചെറിയാനും, കമ്മിറ്റി അംഗങ്ങളും അറിയിച്ചു. ഒഹായോയിൽ ഇന്ത്യൻ വംശജരായ ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയമാണിത്.

പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ വളരെ ചെറിയ ഈ ഇടവക 1990-കളുടെ തുടക്കംമുതൽ മുടങ്ങാതെ വിശുദ്ധ കുർബാനയും പ്രാർത്ഥനാ യോഗങ്ങളും നടത്തിവരുന്നു. 90-ളുടെ അവസാനത്തോടെ കുർബാന അർപ്പണം മാസത്തിൽ ഒന്നുവീതവും പിന്നീട് 2004 മുതൽ രണ്ടു തവണ എന്ന രീതിയിലും ക്രമീകരിച്ചു. 2009-ൽ സൗത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ഈ കോൺഗ്രിഗേഷനെ ഇടവകയായി ഉയർത്തി. റവ.ഫാ. ജെയിംസ് ചെറിയാൻ 2012 മുതൽ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്നു.

മാത്യു വി. തോമസ് (ട്രസ്റ്റി), ജോയ്‌സ് ജോസഫ് (സെക്രട്ടറി), ഡോ. തോമസ് പി. മാത്യു (ഡയോസിഷൻ കൗൺസിൽ പ്രതിനിധി), ഏബ്രഹാം പന്നിക്കോട്ട് (ബിൽഡിങ് കമ്മിറ്റി കൺവീനർ), ഷിനോയ് വർഗീസ്, ഷിബി തോമസ്, സുബിൻ ജോർജ് എന്നിവരാണ് മാനേജിങ് കമ്മിറ്റിയംഗങ്ങൾ. ഗ്രെയിറ്റർ ക്ലീവ്‌ലാന്റിലും സമീപ പ്രദേശങ്ങളായ കൊളംബസ്, സിൻസിനാറ്റി, പിറ്റ്‌സ്ബർഗ് നഗരങ്ങളിലും താമസിക്കുന്ന എല്ലാ ജനങ്ങൾക്കും ഈ ദേവാലയം അനുഗ്രഹപ്രദമായിത്തീരും എന്ന പ്രത്യാശയോടെ വികാരിയും ഇടവകാംഗങ്ങളും എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.stgregorioscleveland.org