തിരുവനന്തപുരം : ഊരാളുങ്കൽ വഴി ക്ലിഫ് ഹൗസിൽ എത്ര കോടിയുടെ നിർമ്മാണ പ്രവൃത്തികൾ നടന്നു എന്ന് ചോദ്യവുമായി ഷാഫി പറമ്പിൽ . 4.7.22 ലെ നിയമസഭ ചോദ്യത്തിന് മറുപടി തരാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് .

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കോടി കണക്കിന് രൂപയുടെ നിർമ്മാണങ്ങൾ ക്ലിഫ് ഹൗസിൽ നടത്തുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പലതും പുറത്ത് വരുന്നില്ല. അതുകൊണ്ടാണ് ഷാഫി പറമ്പിൽ എംഎ‍ൽഎ മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് ഇത് സംബന്ധിച്ച നിയമസഭ ചോദ്യമുന്നയിച്ചത്.

ഇന്നലെ ചോദിച്ച മിക്ക ചോദ്യങ്ങൾക്കും മറുപടി നൽകിയ മന്ത്രി റിയാസ് വിവാദങ്ങളെ ഭയന്ന് ഉത്തരം തരാതിരിക്കുകയാണ്. 42 ലക്ഷം രൂപയ്ക്ക് ക്ലിഫ് ഹൗസിൽ കാലി തൊഴുത്ത് നിർമ്മിക്കാൻ കഴിഞ്ഞയാഴ്ച പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരുന്നു. കാലി തൊഴുത്തിന്റെ നിർമ്മാണവും ഊരാളുങ്കലിനാണെന്നാണ് റിപ്പോർട്ട്. പിണറായി മുഖ്യമന്ത്രിയായതിനു ശേഷം ക്ലിഫ് ഹൗസിലെ നീന്തൽകുളം കോടികൾ മുടക്കി നവീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് ചെലവാക്കിയ തുകയുടെ വിശദാംശങ്ങൾ ചോദിച്ചിട്ടും മന്ത്രി റിയാസ് മറുപടി നൽകിയിരുന്നില്ല.

ടൂറിസം വകുപ്പിനാണ് ക്ലിഫ് ഹൗസിന്റേയും മന്ത്രി മന്ദിരങ്ങളുടേയും ചുമതല. ടൂറിസം വകുപ്പിന്റെ ശുപാർശയനുസരിച്ച് പൊതുമരാമത്ത് വകുപ്പാണ് ഇവിടങ്ങളിലെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. തുടർ ഭരണം ലഭിച്ചതിനു ശേഷം 1 കോടി രൂപ മുടക്കിയാണ് ഊരാളുങ്കൽ വഴി ക്ലിഫ് ഹൗസിലെ ഔട്ട് ഹൗസുകൾ നവീകരിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസിന്റെ മതിലുകളുടെ ഉയരം വർദ്ധിപ്പിക്കാനും ലക്ഷങ്ങൾ ചെലവഴിച്ചിരുന്നു. നിയമസഭയിൽ പോലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുടക്കിയ കോടികൾ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം തരുന്നില്ലെങ്കിൽ പിന്നെയെവിടുന്ന് കിട്ടുമെന്ന ചോദ്യമാണ് ഉയരുന്നത്.

ജനങ്ങളുടെ നികുതി പണം എടുത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന കോടികളുടെ നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ജനങ്ങളുടെ അവകാശമാണ് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി റിയാസ് ഉത്തരം തരാതെ മറച്ച് വയ്ക്കുന്നത്.

 ' കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ക്ലിഫ് ഹൗസിൽ ഏതൊക്കെ നിർമ്മാണ പ്രവൃത്തികൾ ആണ് പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി മുഖേന നടപ്പാക്കിയിട്ടുള്ളത് , ഓരോ പ്രവൃത്തിയുടേയും അടങ്കൽ തുക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വ്യക്തമാക്കുമോ ?'.എന്നായിരുന്നു ഷാഫി പറമ്പിൽ ഉന്നയിച്ച ചോദ്യം