തിരുവനന്തപുരം: സോളാർ അഴിമതിക്കേസിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സംഘടിപ്പിച്ച ക്ലിഫ്ഹൗസ് സമരം പൊളിക്കാൻ ശ്രമിച്ച വീട്ടമ്മയുടെ പേര് 'സന്ധ്യ' അല്ലെന്നല്ലെന്ന് വിവരാവകാശ രേഖകൾ. എസ്.ഗിരിജാ കുമാരിയെന്നാണ് അവരുടെ യഥാർത്ഥനാമമെന്നും രേഖകളിൽ പറയുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വഴിവിട്ട നിയമനങ്ങൾ കണ്ടുപിടിക്കുന്നതിന് വിവരാവകാശ പ്രവർത്തകൻ സജിമോൻ സലിം നൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയിലൂടെയാണ് പുതിയ തെളിവുകൾ ലഭിച്ചത്. ക്ലിഫ്ഹൗസ് സമരത്തിനുശേഷം 'സന്ധ്യ' എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്.

ചാനലുകളിലും പത്രങ്ങളിലും ഇതേ പേരുതന്നെയാണ് ഇവർ നൽകിയത്. സമരത്തെ ചോദ്യം ചെയ്തതിന് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ പാരിതോഷികം നൽകി ആദരിച്ചപ്പോഴും തന്റെ യഥാർത്ഥപേര് ഇവർ വെളിപ്പെടുത്തിയിരുന്നില്ല. സംഭവത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞ്, സ്പോർട്സ് കൗൺസിലിൽ അനധികൃത നിയമനം നേടിയതോടെയാണ് സന്ധ്യ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. എന്നാൽ 'സന്ധ്യ'-എന്ന പേരിൽ ഒരാൾക്ക് ജോലി നൽകിയിട്ടില്ലെന്നാണ് സജിമോൻ ആദ്യം നൽകിയ വിവരാവകാശത്തിന് സ്പോർട്സ് കൗൺസിൽ മറുപടി നൽകിയത്. തുടർന്ന് അദ്ദേഹം വീണ്ടും വിവരാവകാശംവഴി രേഖകൾ തേടിയപ്പോൾ 'ഒരുപാട് ഫയലുകൾ പരിശോധിക്കേണ്ടതുള്ളതിനാൽ നേരിട്ട് വന്ന് പരിശോധിക്കാം' - എന്നായിരുന്നു കൗൺസിലിന്റെ മറുപടി.

പിന്മാറാതെ സജിമോൻ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് സന്ധ്യ എന്നറിയപ്പെടുന്ന ഗിരിജാകുമാരിയുടെ അനധികൃത നിയമനത്തിന്റെ രഹസ്യങ്ങൾ പുറത്തുവന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നന്ദിയോട് സ്വിമ്മിങ് പൂളിന്റെ അഡ്‌മിനിസ്‌ട്രേറ്റർ തസ്തികയിലേക്കാണ് സർക്കാർ പരസ്യം നൽകിയത്. 35 വയസിൽ താഴെ പ്രായമുള്ളവർക്കും സമാന തസ്തികയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മാത്രമായിരുന്നു യോഗ്യത. രണ്ടുപേരാണ് ഈ തസ്തികയിൽ അപേക്ഷിച്ചത്. അതിൽ ഒന്ന് എസ് ഗിരിജാകുമാരി എന്ന 45 വയസുകാരി സന്ധ്യയും ഇതേ ജോലിക്കായി 23 വയസുള്ള ഹിഷാം എന്ന ബിരുദധാരിയും. 'ഒരു മുൻ കായികതാരം' എന്ന അവകാശവാദമാണ് ബയോഡേറ്റയിൽ ഗിരിജാ കുമാരി സൂചിപ്പിച്ചിട്ടുള്ളത്.

പ്രവൃത്തിപരിചയമില്ല, മാത്രമല്ല, വിവാഹിതയാണോ, കുടുംബത്തിന്റെ വിവരങ്ങൾ എന്നിവ പൂരിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല. ഗിരിജയേക്കാൾ യോഗ്യതയുള്ള ഹിഷാമിന് അഭിമുഖത്തിൽ കുറവ് മാർക്കുനൽകി കൗൺസിൽ ഭരണസമിതി പുറത്താക്കി. സന്ധ്യക്ക് സർക്കാർ ഇടപെട്ട് ഇടനടി നിയമന ഉത്തരവും നൽകി. പക്ഷേ, കേരള സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള നന്ദിയോട് സ്വിമ്മിങ് പൂളിൽ അട്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗിരിജയ്ക്ക് അവരുടെ സൗകര്യാർത്ഥം ജോലി നൽകിയത് ശംഖുമുഖം ഇൻഡോർ സ്റ്റേഡിയത്തിൽ. ശംഖുമുഖത്ത് ജോലി ചെയ്തിരുന്ന ഒരാളെ നന്ദിയോട് സ്ഥലം മാറ്റുകയും ചെയ്തു.

15,000 രൂപ പ്രതിമാസം ശമ്പളം പറ്റി ശംഖുമുഖം ഇൻഡോർ സ്റ്റേഡിയത്തിൽ ജോലിയിൽ പ്രവേശിച്ച സന്ധ്യ അവിടെ സ്ഥിരമായി എത്തിയിരുന്നില്ലെന്ന് സഹപ്രവർത്തകൻ നൽകിയ പരാതിയും സജിമോന് വിവരാവകാശരേഖയായി ലഭിച്ചു. 'ഗിരിജ കുമാരി' കാരണം സ്വസ്ഥമായി ജോലി നോക്കാൻ സാധിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അതേ സ്ഥാപനത്തിലെ ജീവനക്കാരൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സെക്രട്ടറി എന്നിവർക്ക് നൽകിയ പരാതി നൽകിയത്. 1,50000 രൂപ ശമ്പള ഇനത്തിൽ കൈപ്പറ്റിയശേഷം വിവാദമായപ്പോൾ ജോലി രാജിവച്ച് ഗിരിജകുമാരി തടിതപ്പുകയും ചെയ്തുവെന്നതിന്റെ തെളിവുകളാണ് വിവരാവകാശംവഴി ലഭിച്ചത്.