- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനലൂരിൽ പകൽ ചൂട് 30 ഡിഗ്രി; രാത്രിയിൽ അത് 19ഉം! കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിൽ 10 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ വ്യത്യാസം അനുഭവപ്പെടുന്നത് ഗുരുതര സാഹചര്യം; മേഘങ്ങളില്ലാത്ത ആകാശം ഉയർത്തുന്നത് മരുഭൂവൽക്കരണ ആശങ്ക
കൊച്ചി: ഇത് കരുതിയിരിക്കേണ്ട കാലം. കേരളത്തിൽ കനത്ത ചൂട് തുടരുമെന്നാണ് സൂചന. മേഘങ്ങളില്ലാത്ത ആകാശമാണ് ഈ പ്രതിഭാസത്തിന് കാരണം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനു പിന്നിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വരണ്ട കാറ്റിനു പുറമേ വർധിച്ച അൾട്രാവയലറ്റ് (യുവി) തോതും കാരണമാണ്. മേഘങ്ങൾ മാറുന്നതാണ് ഇതിന് കാരണം.കേരളത്തിന്റെ പല ജില്ലകളിലും യുവി ഇൻഡക്‌സ് 12 കടന്നതായി ആഗോള ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങൾ പറയുന്നു. ഇത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നത്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ ദിവസങ്ങളിൽ പതിവിലും വളരെ കൂടിയ താപനിലയാണ് അനുഭവപ്പെടുന്നത്. സൂര്യന്റെ ഉത്തരായന സമയമായതിനാൽ മാർച്ച് 20 മുതൽ ഏപ്രിൽ പകുതി വരെ താപനില കൂടിയിരിക്കും. ഏപ്രിൽ 14നു ശേഷം വേനൽമഴ എത്തുമെന്നാണ് പ്രതീക്ഷ. ഇതു സംഭവിച്ചില്ലെങ്കിൽ കേരളം വരളർച്ചയ്ക്ക് വഴിമാറും. വെള്ളപ്പൊക്കമുണ്ടാക്കുന്ന പെരുമഴ പെയ്തിട്ടും മാസങ്ങൾ കഴിയുമ്പോൾ വരൾച്ച് സാഹചര്യമൊരുക്കുന്ന ചൂട. ഇതിന് ആഗോള താപനവും കാരണമാണ്.
ഭൂമധ്യരേഖയോടു ചേർന്നു നിൽക്കുന്നതാണ് കേരളത്തിൽ യുവി കൂടാൻ കാരണം. കേരളത്തിൽ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ താപനിലയായ 39 ഡിഗ്രി രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ രാത്രി താപനിലയും ഇവിടെതന്നെ രേഖപ്പെടുത്തി. 19 ഡിഗ്രി. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിൽ 10 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ വ്യത്യാസം അനുഭവപ്പെടുന്നതുതന്നെ മരുഭൂവൽക്കരണ സൂചനയാണെന്ന അഭിപ്രായവും ശക്തമാണ്. പുനലൂരിൽ ഈ അന്തരം ഏകദേശം 20 ഡിഗ്രി വരെയാണ്. ഇതും ആശങ്ക കൂട്ടുന്നു.
ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്നാണ് മരുഭൂവൽക്കരണം. കടൽ ഉൾവലിയുന്നു. മരുഭൂമി ഫലഭൂയിഷ്ഠത കാർന്നുതിന്നുന്നു. വെള്ളം കിട്ടാക്കനിയാകുന്നതും ഇതിനു തെളിവാണ്. വരണ്ട പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫലഭൂയിഷ്ഠമായ ഭൂമി ഒരിക്കൽ മരുഭൂമിയായി മാറുന്ന പ്രക്രിയയാണ് മരുഭൂവൽക്കരണം. മരുഭൂമീകരണത്തിന് നിരവധി കാരണങ്ങളുണ്ട്. അവയെല്ലാം പ്രകൃതിദത്തവും മനുഷ്യ പ്രവർത്തനങ്ങളുടെ ഫലവുമായി വിഭജിക്കാം. ഒരു പ്രത്യേക പ്രദേശത്തിന്റെ സ്വാഭാവിക പ്രതിഭാസങ്ങൾ കാരണം ആളുകളുടെ ഇടപെടൽ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നത് പലപ്പോഴും സംഭവിക്കുന്നു. മഴ കുറയുന്നതും ചൂടു കൂടുന്നതും ഇതിന് കാരണമായി മാറുന്നു.
മേഘങ്ങളില്ലാതെ ആകാശം തെളിയുന്നതാണു സൂര്യനിൽ നിന്നുള്ള യുവി കിരണങ്ങളുടെ തീവ്രത വർധിച്ച് കേരളത്തിൽ ചൂടു കൂടുന്നത്. ആഗോള താപനവും വാഹനപ്പുകയും ടാറും കോൺക്രീറ്റും പരിസ്ഥിതി നാശവും ഈ സാഹചര്യത്തെ കൂടുതൽ തീവ്രമുള്ളതാക്കുന്നു. കേരളത്തിന്റെ പല ജില്ലകളിലും യുവി ഇൻഡക്‌സ് 12 കടന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. യൂറോപ്പിലും മറ്റും യുവി തോത് 7 കടന്നാൽതന്നെ മുന്നറിയിപ്പു നൽകും. ഈ സ്ഥാനത്താണ് കേരളത്തിൽ ഇൻഡക്‌സ് 12 കടന്നതായി സൂചനയുള്ളത്.
ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന് യുവി തോത് അളക്കാനുള്ള സംവിധാനമില്ല. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇതിനായി നടപടി സ്വീകരിച്ചെങ്കിലും കൃത്യമായ മുന്നറിയിപ്പുകൾക്കു സജ്ജമായിട്ടില്ല. യുവി ഏറ്റവും ശക്തമാകുന്ന 11 മുതൽ 3 മണിവരെ പുറത്തുള്ള ജോലികൾ നിയന്ത്രിക്കുകയാണ് വേണ്ടത്. ഈ സമയത്ത് വിശ്രമം അനുവദിക്കണമെന്ന് തൊഴിൽ വകുപ്പ് നിർദ്ദേശിച്ചു. അല്ലാത്ത പക്ഷം ദുരന്തം ഉണ്ടാകുമെന്നുറപ്പാണ്.
യുവി ശക്തമായാൽ ത്വക്കിൽ ആദ്യം നീറ്റലും (സൺബേൺ സൂര്യാതപം) തുടർന്നു സൂര്യാഘാതവും (സൺസ്‌ട്രോക്ക്) ഉണ്ടാകാൻ സാധ്യതയേറെയാണ്. വെയിലത്ത് നിന്നാൽ നിർജലീകരണം അനുഭവപ്പെടാം. ഇതും ആളുകളെ ക്ഷീണാവസ്ഥയിലാക്കും. കേരളത്തിൽ കഴിഞ്ഞ വർഷം ഏകദേശം 1,600 പേർക്ക് സൂര്യാഘാതം ഏറ്റെന്നാണ് കണക്ക്.
മറുനാടന് മലയാളി ബ്യൂറോ