ന്യൂയോർക്ക്: അമേരിക്കൻ വിദേശ നയവും സാമ്പത്തിക വ്യവസ്ഥയും ചർച്ച ചെയ്ത് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്റന്റെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെയും ആദ്യ പ്രസിഡന്റ് സംവാദത്തിൽ നിറഞ്ഞത് ആരോപണ പ്രത്യാരോപണങ്ങൾ. ചിരിച്ച് ഹസ്തദാനം നടത്തിയതിന് ശേഷം തുടങ്ങിയ സംവാദത്തിൽ ഇരുവരും പരസ്പരം കൊമ്പുകോർത്തു. സംവാദം ഡമോക്രാറ്റ് സ്ഥാനാർത്ഥി ഹിലറി ക്ലിന്റന് അനുകൂലമായിരുന്നു. വാർത്താചാനലായ സി.എൻ.എൻ നടത്തിയ അഭിപ്രായസർവേയിൽ ഹിലരി മുന്നിലാണ്. 62 ശതമാനം പേരാണ് ഹിലരിയെ പന്തുണച്ചത്. ട്രംപിന് 27 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

വംശീയവാദിയെന്നും സ്ത്രീലബടനെന്നും പരോക്ഷ പരാമർശവുമായി ട്രംപിനെ ഹിലരി കടന്നാക്രമിച്ചു. ഇതിന് മുന്നിൽ ട്രംപ് അക്ഷരാർത്ഥത്തിൽ പതറി. പലപ്പോഴും ഹിലരിയെ തടസ്സപ്പെടുത്താനും ശ്രമിച്ചു. എന്നാൽ വഴങ്ങിക്കൊടുക്കാതെ എതിരാളിയെ കടന്നാക്രമിച്ചു. ഇമെയിൽ വിവാദത്തിലെ കുറ്റം ഏറ്റു പറഞ്ഞും തെറ്റാവർത്തിക്കില്ലെന്ന് തുറന്ന് പറഞ്ഞും ഹിലരി താരമായി. പ്രതീക്ഷിച്ചതു പോലും മുസ്ലിം തീവ്രവാദമായിരുന്നു ട്രംപിന്റെ തുറുപ്പ് ചീട്. അത് അത്രകണ്ട് ഏറ്റതുമില്ല. ഇതോടെയാണ് ഹിലരി സംവാദത്തിൽ ഒന്നാമത് എത്തിയത്.

നികുതിയെ കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്. ഹിലരി ഡിലീറ്റ് ചെയ്ത 33,000 ഇമെയിലുകൾ പുറത്തുവിട്ടാൽ തന്റെ നികുതി വിവരങ്ങൾ പുറത്തുവിടാൻ ഒരുക്കമാണെന്ന് ട്രംപ് പറഞ്ഞു. ധനികനല്ലെന്നും ദാനശീലനെന്നും അവകാശപ്പെടുന്ന ട്രംപ് എന്തിനാണ് നികുതിയിൽ ഒളിച്ചുകളി നടത്തുന്നതെന്നായിരുന്നു ഹിലരിയുടെ മറുപടി. ഇ മെയിലിന്റെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഹിലരി മറുപടി നൽകി. ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയും ഹിലരിയുമാണെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഇറാഖ് അധിനിവേശം റിപ്പബ്ലിക്കൻ പാർട്ടിയുടെ തീരുമാനമായിരുന്നെന്ന് ഹിലരി തിരിച്ചടിച്ചു. മാറി വന്ന സർക്കാരുകൾ കറുത്തവർഗക്കാരോട് അനീതി കാണിച്ചു. ഇതാണ് അവരെ തോക്ക് എടുപ്പിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. നീതിന്യായവ്യവസ്ഥയുടെ കുഴപ്പമാണ് കറുത്തവർഗക്കാരെ അസ്വസ്ഥരാക്കുന്നത് എന്ന് ഹിലരി തിരിച്ചടിച്ചു.

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കൻ ജനതയുടെ തൊഴിലവസരങ്ങൾ തട്ടിയെടുക്കുന്നു. ഇതു തടയാനുള്ള നടപടികൾ സ്വീകരിക്കും. നികുതി ഇളവ് നൽകി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നത് തടയുെമന്നും ട്രംപ് പ്രതികരിച്ചു. എന്നാൽ പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് സ്വപ്നമെന്നായിരുന്നു ഹിലരിയുടെ മറുപടി. സ്ത്രീകൾക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തിൽ വർധന എന്നിവയാണ് സ്വപ്നം. സാധാരണക്കാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ട്രംപ് പണക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഹിലരി പറഞ്ഞതോടെ സംവാദം ചൂടുപിടിച്ചു. അവസരസമത്വം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാണ് സ്ഥാനാർത്ഥികൾ നേരിട്ട് പങ്കെടുക്കുന്ന നാല് സംവാദങ്ങൾ. ആദ്യ സംവാദം ലക്ഷക്കണക്കിനു പേരാണ് തൽസമയം കണ്ടത്. 1980ൽ റോണൾഡ് റീഗനും ഡിമ്മി കാർട്ടറും തമ്മിൽ നടന്നസംവാദമാണ് ഇതിന് മുമ്പ് ഏറ്റവും വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. 8 കോടി ആളുകളാണ് അന്ന് സംവാദം കണ്ടത്.