- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പാക് പ്രധാനമന്ത്രിയുടെ വസതി വാടകക്ക്; കാറും വിറ്റു, പോത്തുകളെ ലേലം ചെയ്തു; വിലക്കയറ്റം 56 ശതമാനം; ചൈനക്കും സൗദിക്കും മുന്നിൽ കൈ നീട്ടുന്നു; യൂക്രൈയിൽ ദൗത്യത്തിൽ മോദിയെ സ്തുതിച്ച് പ്രതിപക്ഷം; 24പേർ മറുകണ്ടം ചാടിയതോടെ പ്രധാനമന്ത്രി സ്ഥാനം തുലാസിൽ; ഇന്ത്യയെ വെല്ലുവിളിച്ച ഇമ്രാൻഖാൻ ആഗോള ഭിക്ഷക്കാരനാവുമ്പോൾ!
ആഗോള ഭിക്ഷക്കാരൻ! പാക് പ്രധാനമന്ത്രി ഇംറാൻഖാന് അവിടുത്തെ പ്രതിപക്ഷം ചാർത്തിക്കൊടുത്ത പുതിയ ചെല്ലപ്പേരാണിത്. ബിലാവൽ ഭൂട്ടോയെപ്പോലുള്ള നേതാക്കൾ അത് പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്യുന്നു. പ്രയോഗം കടുത്തത് ആണെങ്കിലും ഒരു പരിധിവരെ അത് ശരിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും പൊറുതിമുട്ടുന്ന പാക്കിസ്ഥാനെ രക്ഷിക്കാനായി ഇംറാന്റെ മുന്നിലുള്ള പോംവഴി, പച്ച മലയാളത്തിൽ പറഞ്ഞാൽ തെണ്ടൽ തന്നെയാണ്. റഷ്യയോടും, ചൈനയോടും, സൗദിയോടും സഹായത്തിനായി ആ രാജ്യം കേഴുകയാണിപ്പോൾ.
ഐഎംഎഫിൽനിന്ന് പുതിയ വായ്പ്പകൾ എടുക്കുന്നു. എന്തിന് താരതമ്യേന കൊച്ചു രാഷ്ട്രമായ കസാഖിസ്ഥാനിൽനിന്നുപോലും വായ്പ്പയെടുക്കുന്നു. യുക്രൈയിനെ റഷ്യ ആക്രമിച്ച ദിവസം, മോസ്ക്കോയിൽ പോയി പ്രസിഡന്റ് വ്ളാദിമിർ പുടിനെ കാണാൻപോയ ഇംറാന്റെ നടപടി വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. സത്യത്തിൽ കുറച്ച് സാമ്പത്തിക സഹായം ചോദിച്ചായിരുന്നു പുള്ളി പോയിരുന്നത്. തൊട്ടയൽ രാജ്യമായ ശ്രീലങ്കയിലേതിന് സമാനമായ കടുത്ത പ്രതിസദ്ധിയിലേക്കാണ്, പാക്കിസ്ഥാനും നീങ്ങുന്നതെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
സിക്സർ അടിക്കാൻ ശ്രമിക്കവേ ക്ലീൻബൗൾഡ് ആയിപ്പോയ കളിക്കാരന്റെ അവസ്ഥയിയാണ് മൂൻ ക്രിക്കറ്റ് താരം കൂടിയായ ഇംറാൻഖാൻ ഇപ്പോഴത്തെ അവസ്ഥ. 2018ൽ അധികാരമേറ്റപ്പോൾ അദ്ദേഹം പറഞ്ഞത് പാക്കിസ്ഥാനെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുമെന്നായിരുന്നു. ഒരു ജനപ്രിയനായ വ്യക്തി അധികാരത്തിൽ ഏറിയപ്പോൾ, തങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും എന്നാണ് ഇന്ത്യയും കരുതിയത്. പക്ഷേ ബേനസീർ ഭൂട്ടോയുടെ കാലത്ത് എന്നപോലെ കടുത്ത ഇന്ത്യാ വിരുദ്ധതയാണ്, ഇംറാൻഖാൻ പലപ്പോഴും പുറത്തെടുത്തത്. ഭീകരതയെ പ്രോൽസാഹിപ്പിച്ച് അവർ സർജിക്കൽ സ്ട്രൈക്ക് ഇരന്നുവാങ്ങി നാണം കെട്ടു. ഇപ്പോഴിതാ മോദി സർക്കാർ, യുക്രൈനിലെ സ്വന്തം ജനതയെ രക്ഷിച്ചെടുത്തപ്പോൾ, കൈയും കെട്ടിയിരുന്നു ഇംറാൻഖാന് എതിരെയും പാക്കിസ്ഥാനിൽ പ്രതിഷേധം ഉയരുകയാണ്.
്.ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റവും പണപ്പെരുപ്പവും അഭിമുഖീകരിക്കുന്ന പാക്കിസ്ഥാനിൽ ഭരണപ്രതിസന്ധിയും രൂക്ഷമാണ്. അവിശ്വാസ പ്രമേയം പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിൽ വോട്ടിനിട്ടാൽ കസേര പോകുമെന്ന് ഉറപ്പായതോടെ ഭരണം നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ് ഇംറാൻ. സ്വന്തം പാർട്ടിയിലെ 24 വിമതർ കൂറമാറിയതോടെ കാര്യങ്ങൾ സങ്കീർണ്ണമാണ്.
പോത്തുകളെ വിറ്റു; കാറും വിറ്റു
ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വാടകക്ക് കൊടുക്കുന്നതിനെപറ്റി നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ! എന്തൊരു നാണക്കേടാണ്. എന്നാൽ അത്തരത്തിലുള്ള ഒരു കടുംവെട്ടിനാണ് കഴിഞ്ഞവർഷം പാക്കിസ്ഥാൻ സാക്ഷ്യം വഹിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവുചുരുക്കി മാതൃകകാണിക്കാനാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകിയത് എന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്. കട ബാധ്യതകൾ നേരിടുന്ന രാജ്യത്തിന് വരുമാനം ഉണ്ടാക്കാനായി, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾ എന്നിവ നടത്താനായാണ് വീട് വാടകയ്ക്ക് നൽകിയിരിക്കുന്നത് എന്നാണ് പ്രമുഖ പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തിരുന്നത്. 2019ൽ ബ്രിഗേഡിയർ വസീം ഇഫ്തിഖർ ചീമയുടെ മകൾ അനം വസീമിന്റെ വിവാഹത്തിനായാണ് വസതി ആദ്യം വാടകയ്ക്ക് നൽകിയത്. ഇമ്രാൻ ഖാന്റെ മിലിട്ടറി സെക്രട്ടറിയാണ് ബ്രിഗേഡിയർ. ചടങ്ങിൽ പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു.
്ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് സർക്കാർ, 2019 ആഗസ്റ്റിൽ ഈ വസതി ഒരു ബിരുദാനന്തര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർവകലാശാലയാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചെലവ് കുറയ്ക്കാനും ഗവർണർമാരും ഗവർണർ ഭവനങ്ങളിൽ താമസിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഭവനം വിട്ട് ബനി ഗാലയിലെ മറ്റൊരു വസതിയിലേക്ക് ഇംറാനും മാറി. പ്രധാനമന്ത്രിയുടെ വീട് പരിപാലിക്കുന്നതിനുള്ള ചെലവ് 47 കോടി രൂപയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത്ത് മെഹ്മൂദ് ഒരിക്കൽ പറഞ്ഞിരുന്നു.
2018 സെപ്റ്റംബറിൽ, തന്റെ മുൻഗാമിയായ നവാസ് ഷെരീഫ് പധാനമന്ത്രി ഭവനിൽ വളർത്തിയിരുന്ന എട്ട് പോത്തുകളെ ലേലം ചെയ്തത് വഴി ഖാൻ സർക്കാർ 23 ലക്ഷം രൂപ നേടിയതും വാർത്തയായിരുന്നു. ഇസ്ലാമാബാദിൽ നടന്ന ലേലത്തിലൂടെയാണ് ഇവയെ വിറ്റഴിച്ചതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. തുടർന്നും വലിയ ചെലവു ചുരുക്കൽ പദ്ധതിയാണ് പാക്കിസ്ഥാനിൽ നടത്തിയത്. ഇതുപ്രകാരം പ്രധാനമന്ത്രിയുടെ 61 ലക്ഷ്വറി കാറുകൾ ലേലം ചെയ്തു. ഏകദേശം 20 കോടി രൂപ ഇതുവഴി സർക്കാർ സമാഹരിച്ചു.
പക്ഷേ ഇതെല്ലാം മാധ്യമങ്ങളിൽ വലിയ വാർത്തയായെങ്കിലും ഇംറാൻ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങൾ പോയത്. പാക്കിസ്ഥാന്റെ അഭിമാനം തകർത്തുവെന്നും, രാജ്യത്തെ ഒരു ദരിദ്രരാഷ്ട്രമാക്കി ചിത്രീകരിച്ചുവെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പക്ഷേ ഇതുകൊണ്ട് ഒന്നും പാക്കിസ്ഥാന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതുമില്ല.
വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം
ഇമ്രാൻ ഖാന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ തകർത്തു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രാജ്യത്ത് എല്ലാ സാധനങ്ങൾക്കും വില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഇക്കഴിഞ്ഞ ജനുവരിയിൽ 24 മാസത്തെ ഏറ്റവും കൂടിയ നിരക്കായ 13 ശതമാനത്തിലെത്തിയിരുന്നു. 2020 ജനുവരിയിൽ പണപ്പെരുപ്പം 14.6 ശതമാനത്തിലെത്തിയതിനു ശേഷമുള്ള കൂടിയ നിരക്കാണ് ഇത്. 2018ൽ ഇംറാൻ അധികാരത്തിൽ ഏറിയകാലവുമായി തട്ടിച്ചുനോക്കുമ്പോൾ 55 ശതമാനം വിലക്കയറ്റം ഇപ്പോൾ ഉണ്ടെന്നാണ് പറയുന്നത്. അതായത അന്ന് നൂറുരുപക്ക് വാങ്ങിയ സാധനത്തിന് ഇന്ന് വില 155 രൂപ. ജനം തിരിഞ്ഞതിൽ പിന്നെ കുറ്റം പറയാനില്ല.
സത്യത്തിൽ ഇംറാന് മുമ്പേ ഭരിച്ചവർ നടത്തിയ മോശം ഫിനാൻസ് മാനേജ്മെന്റിന്റെ ഇരയാണ് അദ്ദേഹം. അതിന് പിന്നാലെ കൂനിൽമ്മേൽ കുരുവെന്നപോലെ കോവിഡ് മഹാമാരിയും വന്നു. പാക്കിസ്ഥാനിലെ വാഹന വിപണിയൊക്കെ തകർക്കുന്ന രീതിയിലായിരുന്നു, കോവിഡ്ക കാലാമാന്ദ്യം വന്നത്.
ലോക്ഡൗണിലേക്ക് പോയ ആ ഒരുമാസം, പാക്കിസ്ഥാനിലെ വാഹന വിപണിയിൽ ആകെ വിറ്റത് വെറും 39 വാഹനങ്ങൾ മാത്രമാണ്. കോവിഡ് ബാധയെ പ്രതിരോധിക്കാൻ മറ്റു പല രാജ്യങ്ങളിലെയും പോലെ, പാക്കിസ്ഥാനിലെ നിരവധി പ്രവിശ്യകൾ ലോക്ക് ഡൗണിൽ ആയിരുന്നു. ഈ ലോക്ക്ഡൗണിന്റെ ഫലമായി ഉൽപാദനവും ചില്ലറ വിൽപ്പനയും നിർത്തലാക്കപ്പെട്ടിരുന്നു. പക്ഷേ കോവിഡിന്റെ തീവ്രതക്കുശേഷം പല ലോകരാജ്യങ്ങളും കരകയറിയെങ്കിലും പാക്കിസ്ഥാന് അതിന് കഴിഞ്ഞില്ല.
ഇപ്പോൾ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസദ്ധിക്കൂമെതിരെ ലക്ഷങ്ങളെ അണിനിരത്തിയാണ് പാക്കിസ്ഥാനിൽ പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. തുടക്കത്തിൽ
'തക്കാളിയുടേയും കിഴങ്ങിന്റെയും വിലയറിയാനല്ല രാഷ്ട്രീയത്തിൽ വന്നത്' എന്ന ഇമ്രാൻ ഖാന്റെ ധാർഷ്ട്യത്തോടെയുള്ള പ്രസ്താവനയും എരിതീയിൽ എണ്ണ പകർന്നു. പ്രതിപക്ഷത്തെ വിമർശിക്കുന്നതിന്റെ ഭാഗമായി പറഞ്ഞതാണെങ്കിലും ഈ പ്രസ്താവന വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.
ചൈനയുടെയും സൗദിയുടെയും കാല് പിടിക്കുന്നു
ഇപ്പോൾ പ്രതിസദ്ധി മറികടക്കാൻ ചൈന, റഷ്യ, സൗദി തുടങ്ങിയ രാജ്യങ്ങളുടെ കാലുപിടിക്കേണ്ട ഗതികേടിലാണ് പാക്കിസ്ഥാൻ. സഹായിച്ച് സഹായിച്ച് പാക്കിസ്ഥാനെ ഒരു സാമന്ത രാഷ്ട്രം പോലെ ചൈന മാറ്റിയിരുന്നു. ഇനി പാക്കിസ്ഥാനുമേലിലുള്ള ചൈനയുടെ സ്വാധീനം ഇതിലും കൂടാൻ ഇടയുണ്ട്.
സൽമാൻ രാജകുമാരനുമായി നടത്തിയ ചർച്ചകളെ തുടർന്ന പാക്കിസ്ഥാന് സൗദി അറേബ്യയുടെ വൻ സഹായം ലഭിച്ചിട്ടുണ്ട്. 300 കോടി ഡോളർ പാക്കിസ്ഥാൻ സെൻട്രൽ ബാങ്കിൽ നിക്ഷേപിക്കുന്നതിന് പുറമെ 120 കോടി ഡോളറിന്റെ എണ്ണ ഉൽപ്പന്നങ്ങളും സൗദി പാക്കിസ്ഥാന് നൽകും. പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ലക്ഷ്യം. പ്രതിസന്ധിയിലായ പാക്കിസ്ഥാനെ സഹായിച്ചതിൽ ഇമ്രാൻ ഖാൻ നന്ദിയും അറിയിച്ചിട്ടുണ്ട്.
2018ലും 600 കോടി ഡോളറിന്റെ സാമ്പത്തിക സഹായം സൗദി പാക്കിസ്ഥാന് നൽകിയിരുന്നു. അന്ന് 200 കോടി ഡോളർ പാക്കിസ്ഥാൻ സൗദിക്ക് തിരിച്ചു നൽകി. സൗദി പ്രതിവർഷം 150 കോടി ഡോളറിന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾ പാക്കിസ്ഥാന് നൽകുമെന്ന് പാക്കിസ്ഥാൻ ജൂണിൽ അറിയിച്ചിരുന്നു. എന്നാൽ ഇമ്രാൻ ഖാന്റെ സന്ദർശനത്തിന് പിന്നാലെ 300 കോടിയുടെ സാമ്പത്തിക സഹായം നേരിട്ടു നൽകാൻ സൗദി തീരുമാനിക്കയായിരുന്നു.
നിലവിലെ സഹായത്തിന് പുറമെ പ്രതിവർഷം 150 കോടി ഡോളറിന്റെ ക്രൂഡ് ഓയിലും സൗദി പാക്കിസ്ഥാന് നൽകുമെന്നാണ് അറിയുന്നത്. അതുപോലെ റഷ്യ, കസാഖിസ്ഘാൻ തുടങ്ങിയ രാജ്യങ്ങളുടെ സഹായവും പാക്കിസ്ഥാൻ തേടിയിട്ടുണ്ട്. നിലവിൽ ആണവപദ്ധതികളും മാറ്റുമായി റഷ്യ പാക്കിസ്ഥാനും സാങ്കേതിക സഹായം നൽകുന്നുണ്ട്. പക്ഷേ റഷ്യ ആയുധങ്ങൾ കൂടതൽ ഉള്ളത് ഇന്ത്യക്ക് തന്നെയാണ്. അതുപോലെ എംഎംഎഫിൽനിന്നും കൂടുതൽ സഹായം തേടിയിട്ടുണ്ട്.
യൂക്രൈയിനിൽ മോദി സ്തുതിച്ച് പ്രതിപക്ഷം
ഏറ്റവും ഒടുവിലായി യുദ്ധം നടക്കുന്ന യുക്രൈനിൽ നിന്ന് സ്വന്തം പൗരന്മ്മാരെ കൊണ്ടുവരുന്നതിൽ ഉദാസീന കാട്ടിയതും ഇംറാനെതിരെയുള്ള പ്രതിഷേധ കൊടുങ്കാറ്റായി. ഞങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ വിളിക്കണോ, ഇന്ത്യ ചെയ്തത് കണ്ടില്ലേ എന്ന് യുക്രൈനിലെ പാക് വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചതും പ്രതിപക്ഷം ആയുധമാക്കി.
''ഇന്ത്യയാണ് പാക്കിസ്ഥാൻ പൗരന്മാരെ വരെ രക്ഷിച്ചെടുക്കുന്നത്. പാക്കിസ്ഥാൻ സ്വന്തം പൗരന്മാരെ യുദ്ധമുഖത്ത് കൈയൊഴിയുകയായിരുന്നു. കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളും പാക്കിസ്ഥാൻ ദിനംപ്രതി അരങ്ങേറുകയാണ്. അതിൽ ഒരു നിമിഷം പോലും ഇമ്രാൻ ഖാൻ ആസ്ഥാനത്ത് ഇരിക്കാൻ അർഹനല്ല.''- പതിനായിരങ്ങളെ സാക്ഷിനിർത്തി ബിലാവൽ പ്രഖ്യപിച്ചത് ഒരു പുതിയ യുദ്ധത്തിന്റെ തുടക്കമാണ്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിൽ പടുകൂറ്റൻ റാലിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.
അതുപോലെ മന്ത്രിമാരുടെ മഠയത്തരങ്ങൾക്കും ഇംറാൻ വലിയ വില കൊടുക്കേണ്ടി വന്നു. വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ ഫവാദ് ചൗധരി വിഡ്ഢിത്തം മൂലം വാർത്തകളിൽ നിറഞ്ഞത് നിരവധി തവണയാണ്.പാക്കിസ്ഥാനിലെ വിലക്കയറ്റം സംബന്ധിച്ചായിരുന്നു വാർത്താ സമ്മേളനത്തിൽ രാജ്യത്ത് വിലക്കയറ്റം വളരെ കുറഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടത് വലിയ കോമഡിയായി.
അതേ വാർത്താസമ്മേളനത്തിനിടെ ചൗധരി രാജ്യത്ത് സവാളയുടെയും വെളുത്തുള്ളിയുടെയും വില കുറഞ്ഞതായി പറയാനാണ് ശ്രമിച്ചത്. എന്നാൽ, ആശയക്കുഴപ്പം അതിരുകടന്ന സാഹചര്യത്തിൽ മന്ത്രിക്ക് ഗാർലിക്ക് എന്നത് വെളുത്തുള്ളിയാണോ അതോ ഇഞ്ചിയാണോ എന്ന് ബലമായ സംശയമായി. അടുത്ത് നിന്നവരോട് ചോദിക്കുകയും ചെയ്തു. ആദ്യം വെളുത്തുള്ളി എന്ന് പറഞ്ഞുകൊടുത്തവർ പിന്നീട് അത് ഇഞ്ചിയാക്കി മാറ്റി. മന്ത്രി അത് വിശ്വസിക്കുകയും ചെയ്തു. ഈ ജാതി മണ്ടന്മ്മാരാണ് ഇംറാൻ മന്ത്രിസഭയിൽ ഉള്ളതെന്ന് ചുരുക്കം.
മുമ്പ് രാജ്യത്തു നടക്കുന്ന തീവ്രവാദ പ്രവർത്തനം സംബന്ധിച്ചും മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. തീവ്രവാദത്തിന് പിന്നിലെ പ്രധാന കാരണം മദ്രസകളല്ല, സ്കൂളുകളും കോളേജുകളുമാണെന്നായിരുന്നു മന്ത്രി ഫവാദ് ചൗധരിയുടെ പരാമർശം. തീവ്രവാദത്തെ വേരോടെ പിഴുതെറിയണമെങ്കിൽ അതിനെ ചുറ്റിപ്പറ്റിയുള്ള കഥ മാറ്റേണ്ടതുണ്ടെന്നും ചൗധരി പറഞ്ഞ കളഞ്ഞു! ഇതൊക്കെ മൊത്തത്തിൽ ഇംറാന്റെ കാബിനറ്റിന്റെ വിലയിടിച്ചു.
പ്രധാനമന്ത്രി സ്ഥാനം തുലാസിൽ
അഴിമതിക്കെതിരെ ആഞ്ഞടിച്ചാണ് നവാസ് ഷെരീഫിനെ താഴെ ഇറക്കി, ഇമ്രാൻ ഖാൻ 2018ൽ അധികാരം പിടിക്കുന്നത്. ഇംറാൻ ഭരണത്തിൽ അഴിമതി കുറഞ്ഞു എന്ന് സമ്മതിക്കുന്നവർ തന്നെ സാമ്പത്തിക പ്രതിസദ്ധി വർധിച്ചുവെന്ന് സമ്മതിക്കുന്നു. അതിനിടെ ഇംറാന്റെ പ്രധാനമന്ത്രി സ്ഥാനവും തുലാസിൽ ആയിരിക്കയാണ്.
ഇമ്രാൻ പ്രധാനമന്ത്രിയായ മൂന്നര വർഷം രാജ്യത്തെ നശിപ്പിച്ചു എന്നാരോപിച്ച് സംയുക്ത പ്രതിപക്ഷം കൊണ്ടുവന്നിട്ടുള്ള അവിശ്വാസ പ്രമേയം 28ന് വോട്ടിനിടാനിരിക്കെ, അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് 24 പേർ കൂടി മറുകണ്ടം ചാടുകയും ചെയ്തു.
ഇമ്രാൻ ഖാനെ പ്രധാനമന്ത്രി പദത്തിൽനിന്ന് പുറത്താക്കി രണ്ട് സാധ്യതകളാണ് സംയുക്ത പ്രതിപക്ഷം ആരായുന്നത്. മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരികയും ചെയ്ത നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കി ഇടക്കാല സർക്കാർ രൂപീകരിക്കുകയും വൈകാതെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യുക, അല്ലെങ്കിൽ അടുത്ത അഞ്ചു വർഷത്തേക്കുള്ള സർക്കാർ രൂപീകരിക്കുക. എന്നാൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നത് എന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷമാണ് ഇനി പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഇമ്രാൻ ഖാനെതിരെ കലാപം പ്രഖ്യാപിച്ച ശേഷം അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലെ 24ഓളം എംപിമാർ ഇപ്പോൾ കഴിയുന്നത് ഇസ്ലാമബാദിലെ സിന്ധ് ഹൗസിലാണ്. ഇതാകട്ടെ സിന്ധ് സർക്കാരിന്റെ ഭാഗവും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ളതുമാണ്. തങ്ങളെ തട്ടിക്കൊണ്ടു പോകാൻ സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷത്തിനരികിൽ അഭയം പ്രാപിച്ചത് എന്ന് വിമത എംപിമാർ പറയുന്നു. ഇതിനിടെ ഇമ്രാന്റെ പാർട്ടി അംഗങ്ങൾ ഇവിടേക്ക് മാർച്ച് നടത്തുകയും ഗേറ്റ് തകർത്ത് ഉള്ളിൽ പ്രവേശിക്കുകയും ചെയ്തു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. 'നിങ്ങൾക്ക് സർക്കാർ നിലനിർത്താൻ കഴിയില്ല. പക്ഷേ കുറച്ചെങ്കിലും മാനം ബാക്കിയുണ്ടെങ്കിൽ ഇറങ്ങിപ്പോകണം', സംഭവത്തോട് പ്രതികരിച്ചു കൊണ്ട് പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽഎൻ) വൈസ് പ്രസിഡന്റ് മറിയം നവാസ് ട്വിറ്ററിൽ കുറിച്ചു. ഇമ്രാൻ ഖാന്റെ 'ഫാസിസ്റ്റ് സർക്കാർ' വിമത എംപിമാരെ വേട്ടയാടുകയാണെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും പ്രതികരിച്ചു.
പാക്കിസ്ഥാൻ അധോസഭയായ നാഷണൽ അസംബ്ലിയിലെ 342 പേരിൽ ഇമ്രാൻ ഖാന്റെ പിടിഐക്ക് 155 അംഗങ്ങളാണുള്ളത്. ആറോളം ചെറു പാർട്ടികളുടെ 23 അംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള കൂട്ടുകക്ഷി സർക്കാരാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഈ മുൻ ക്യാപ്റ്റന്റേത്. 172 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇമ്രാൻ ഖാൻ അവിശ്വാസത്തെ അതിജീവിക്കൂ. ഇതിൽ മൂന്ന് പാർട്ടികൾ ഇപ്പോൾ തന്നെ ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാർലമെന്റ് സമ്മേളനം ആരംഭിക്കാനും വിമതർക്കെതിരെ സ്പീക്കറെ ഉപയോഗിച്ച് നടപടിയെടുക്കാനുമാണ് ഇമ്രാൻ ഖാൻ ആലോചിക്കുന്നത്. കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. പാർട്ടി തീരുമാനത്തിന് എതിരായി വോട്ട് ചെയ്താൽ അംഗത്വം നഷ്ടപ്പെടും എന്നതിനാൽ ഇമ്രാനെതിരെ വിമതർ വോട്ട് ചെയ്താൽ അവർ പിന്നീട് അയോഗ്യരാക്കപ്പെടും. എന്നാൽ വോട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ ഈ നിയമം പ്രയോഗിക്കാൻ കഴിയുമോ എന്നാണ് ഇമ്രാനും കൂട്ടരും നോക്കുന്നത്. പാക് സുപ്രീം കോടതി മുമ്പാകെയും ഇക്കാര്യം ഉന്നയിക്കുമെന്നാണ് അറിയുന്നത്.
സൈന്യം ഇംറാനെ കൈയൊഴിയുന്നു
അധികാരത്തിന്മേലുള്ള പിടി അയയുന്നു എന്നു ബോധ്യപ്പെട്ടതോടെ ശക്തി തെളിയിക്കാൻ ഇമ്രാനും ശ്രമിക്കുന്നുണ്ട്. ഈ മാസം 27ന് രാജ്യതലസ്ഥാനത്ത് നടക്കുന്ന റാലിയിൽ 10 ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയെപ്പോലെ സൈന്യം നിഷ്പക്ഷമായ രാജ്യമല്ല പാക്കിസ്ഥാൻ. മുമ്പ് പലതവണ അധികാരം പിടിച്ചപോലെ പട്ടാളവും ഇപ്പോൾ തക്കം പാർത്തിരിക്കയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
'കാത്തിരുന്നു കളി കാണാം' എന്ന നിലപാടിലാണ് സൈന്യം. തങ്ങൾ 'നിഷ്പക്ഷ'രാണെന്ന് സൈനിക വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് ഒരു പൊതു റാലിയിൽ ഇമ്രാൻ ഖാൻ പ്രതികരിച്ചത് 'മനുഷ്യരായാൽ പക്ഷം പിടിക്കും, മൃഗങ്ങൾ മാത്രമേ നിഷ്പക്ഷരാവുകയുള്ളൂ' എന്നായിരുന്നു. സൈന്യമാവട്ടെ, ഇതുവരെ ഇതിനു മറുപടി പറഞ്ഞിട്ടില്ല. അതിനി സൈനിക മേധാവി ജനറൽ ബജ്വയുമായുള്ള ഇമ്രാൻ കൂടിക്കാഴ്ചയും നടത്തി. സൈന്യത്തിന്റെ 'ഗുഡ് ബുക്കി'ൽ തിരികെ കയറാനും അതുവഴി അധികാരം നിലനിർത്താനുമുള്ള ഇമ്രാന്റെ അവസാന അവസരമായിക്കൂടിയും ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നുണ്ട്.
ഇമ്രാൻ ഖാൻ എന്ന മുൻ സ്വിങ് ബൗളറുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിൽ യഥാർഥത്തിലുണ്ടായിരുന്നത് പാക് രാഷ്ട്രീയത്തെ അദൃശ്യമായി നിയന്ത്രിക്കുന്ന സൈന്യമായിരുന്നു. അന്നു മുതൽ സൈന്യത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു ഇമ്രാൻ എങ്കിലും കഴിഞ്ഞ ഒക്ടോബറിൽ ഐഎസ്ഐയുടെ പുതിയ ഡയറക്ടർ ജനറലിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇമ്രാനും, ബജ്വയും തമ്മിലുണ്ടായ ഉരസലാണ് ഈ സ്ഥിതി വഷളാക്കിയത്. രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ തലപ്പത്തേക്ക് സൈന്യം നിർദേശിക്കുന്നയാളെ പ്രധാനമന്ത്രി നിയമിക്കുന്ന കീഴ്വഴക്കമാണ് പാക്കിസ്ഥാനിൽ നിലനിന്നിരുന്നത്. എന്നാൽ അത് തെറ്റിച്ച് പരിഗണിക്കേണ്ടവരുടെ ഒരു പട്ടിക തയാറാക്കി നൽകാനും അതിലുള്ളവരെ അഭിമുഖം നടത്തി തിര?ഞ്ഞെടുക്കാമെന്നും ഇമ്രാൻ അറിയിച്ചത് ബജ്വയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്.
മുൻ ഐഎസ്ഐ മേധാവി ലഫ്. ജനറൽ ഫൈസ് ഹമീദുമായി ഇമ്രാനുണ്ടായിരുന്ന അടുപ്പമാണ് ഉരസലിനു പ്രധാന കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കശ്മീർ, അഫ്ഗാനിസ്ഥാൻ വിഷയങ്ങളിൽ ഇരുവർക്കും ഒരേ താത്പര്യങ്ങളായിരുന്നു എന്നതാണ് ഇതിൽ പ്രധാനം. എന്നാൽ ആഭ്യന്തര കുഴപ്പങ്ങളാൽ വലഞ്ഞിരിക്കുന്ന പാക്കിസ്ഥാന് കശ്മീരിന്റെ പേരിൽ ഇപ്പോൾ ഇന്ത്യയുമായി കൊമ്പു കോർക്കാനോ അതിർത്തിയിൽ വീണ്ടും അശാന്തി വിതയ്ക്കാനോ കഴിയില്ലെന്ന് അറിയാവുന്ന ബജ്വ ഒരു 'താത്കാലിക വെടിനിർത്തലാ'ണ് ഇക്കാര്യങ്ങളിൽ ആഗ്രഹിക്കുന്നത്.
അതോടൊപ്പം അഫ്ഗാനിൽ ഭരണത്തിലുള്ള താലിബാൻ പോലുള്ള തീവ്ര മതസംഘടനകൾ പാക്കിസ്ഥാനിൽ പിടിമുറുക്കുന്നതിലും സൈന്യത്തിന് താൽപര്യമില്ലെന്നും റിപ്പോർട്ടകൾ പറയുന്നു. തിരഞ്ഞെടുപ്പ് നേരിടാനും ആഭ്യന്തര കുഴപ്പങ്ങൾ മറച്ചുപിടിക്കാനും പാക് രാഷ്ട്രീയക്കാർ സ്ഥിരമായി ചെയ്യുന്ന ഇന്ത്യാ വിരുദ്ധ പ്രചരണങ്ങളും കശ്മീർ വിഷയവും ഉപയോഗിക്കുന്ന ആളാണ് ഇമ്രാൻ ഖാനും. അതിനു പറ്റിയ ഒരു ഐഎസ്ഐ തലവനെയായിരുന്നു അദ്ദേഹത്തിന് ആവശ്യവും. എന്നാൽ ഇപ്പോൾ കടുത്ത നടപടികളിലേക്ക് പോവുന്നത് കാര്യങ്ങൾ കൈവിടുന്നതിനു തുല്യമാകും എന്നറിയാവുന്നതിനാൽ ലഫ്. ജനറൽ നദീം അഹ്മദ് അൻജുമിനെ രഹസ്യാന്വേഷണ തലവനാക്കണമെന്ന് ബജ്വ നിർദേശിച്ചു. ഇതിന്മേൽ തീരുമാനമെടുക്കുന്നത് വൈകിച്ചുവെങ്കിലും ഒടുവിൽ സൈന്യത്തിന്റെ തീരുമാനം തന്നെ ഇമ്രാന് അംഗീകരിക്കേണ്ടി വന്നിരുന്നു. ഇമ്രാൻ പോകട്ടെയെന്ന നിലപാട് പാക് സൈന്യം എടുത്താൽ എത്രയൊക്കെ തന്ത്രങ്ങളാവിഷ്കരിച്ചാലും പിടിച്ചു നിൽക്കുക പാക് പ്രധാനമന്ത്രിക്ക് എളുപ്പമാകില്ല.
നോട്ടടിച്ച് പണം ഇറക്കുന്നോ?
കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് അറിഞ്ഞതോടെ ഇംറാൻ അടുത്ത നമ്പർ ഇറക്കി. വിലക്കയറ്റം പിടിച്ചു നിർത്താൻ 1.5 ബില്യൺ ഡോളറിന്റെ സബ്സിഡി പാക്കേജിന് അനുമതി നൽകിയത് ഏവരെയും ഞെട്ടിച്ചു. എന്നാൽ എണ്ണ വില കുത്തനെ ഉയർന്നിട്ടും ഇന്ധന, വൈദ്യുതി വില പിടിച്ചുനിർത്താനും ജനരോഷം തണുപ്പിക്കാനും പാക്ക് ഭരണകൂടം പ്രഖ്യാപിച്ച സബ്സിഡിക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നു വിശദീകരിക്കാൻ പാക്കിസ്ഥാനോട് ഐഎംഎഫ് ആവശ്യപ്പെട്ടിരിക്കയാണ്. 2019ൽ പാക്കിസ്ഥാനുമായി ധാരണയിലായ 6 ബില്യൺ ഡോളറിന്റെ രക്ഷാ പാക്കേജിന്റെ ഏഴാമത്തെ അവലോകന യോഗത്തിലാണ് ഐ.എം.എഫ്് ിശദീകരണം ആവശ്യപ്പെട്ടത്. വെറുതെ നോട്ടടിച്ച് തള്ളുകയെന്ന അതീവ അപകടകരമായ കളിയാണ് ഇംറാന്റെത് എന്നും ഭാവിയിൽ പാക്ക് നോട്ടിന് കടലാസിന്റെ വിലപോലും ഉണ്ടാവില്ലെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നുണ്ട്.
എന്നാൽ ദുരിതാശ്വാസ പാക്കേജിനു പണം കണ്ടെത്താൻ തങ്ങൾക്ക് സാമ്പത്തിക സ്രോതസ് ഉണ്ടെന്നും പണത്തിന്റെ വിശദാംശങ്ങൾ രാജ്യാന്തര നാണയനിധിക്ക് ഇതിനകം തന്നെ കൈമാറിയെന്നും പാക്ക് ധനമന്ത്രി പറയുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 285 ബില്യൺ രൂപയുടെ നികുതി അധികം പിരിച്ചെടുക്കാനായെന്നു ഇമ്രാൻ ഖാൻ അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷേ ഇതിന്റെ സത്യവസ്ഥയും കണ്ട് അറിയേണ്ടതാണ്.
കുറവില്ലാത്തതത് ഭീകരതക്ക് മാത്രം
പക്ഷേ ഇംറാൻ ഭരണത്തിൽ കുറവില്ലാത്ത ഒന്ന് ഭീകരമാത്രമാണ്. ആദ്യം ഒരു മതേതരവാദിയുടെ മുഖം മൂടി അണിഞ്ഞ് ആധുനികനാവാൻ ശ്രമിച്ച ഇംറാൻ പിന്നീട് മതമൗലിക വാദികളുടെ താളത്തിന് തുള്ളുന്ന അവസ്ഥയാണ് കണ്ടത്. ഐഎസും ജെയ്ഷേ മുഹമ്മദും, ലശ്കറും തൊട്ടുള്ള എല്ലാവിധി ഭീകരവാദ സംഘടനകളുടെ ഹെഡ് ഓഫീസാണ് പാക്കിസ്ഥാൻ. അതുപോലെ ഇംറാൻ അധികാരത്തിൽ ഏറിയതിനുശേഷം മതനിന്ദാകുറ്റം പറഞ്ഞ് രണ്ടു ഡസനിലേറെ പേരെയാണ് ജനം തല്ലിക്കൊന്നത്. വെറുതെ ആരോപിച്ചാല മതി ഒന്നുകിൽ ജനം തല്ലിക്കൊല്ലും, അല്ലെങ്കിൽ കോടതി തൂക്കിക്കൊല്ലും. ഇതിൽ ഒന്നും ഒരു ഇടപെടലും ഇംറാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എല്ലാം കഴിയുമ്പോൾ അപലപിച്ച് ഒരു പ്രസ്താവന വരുമെന്ന് മാത്രം. ഇപ്പോൾ പാക്കിസ്ഥാനിലെ അവശേഷിക്കുന്ന ഹിന്ദു-ക്രിസത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരെ, സ്കുൾ കുട്ടികൾ പോലും മതനിന്ദാകുറ്റം പ്രയോഗിക്കുന്നു.
ഇസ്ലാമിലെ മറ്റൊരു വിഭാഗമായ ഷിയാ മുസ്ലീങ്ങൾക്കെതിരായ വേട്ടയും ഇംറാൻ ഭരണകാലത്ത് പൊടിപൊടിച്ചു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ആഴ്ച പെഷാവറിൽ ഷിയ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് തൊട്ടുമുൻപ് നടന്ന വൻ സ്ഫോടനത്തിൽ 30 പേർ ആണ് മരിച്ചത്.
ത്രിമൂർത്തികൾ പോരാട്ടത്തിൽ
ജാമിയത് ഉലമഇഇസ്ലാംഫസൽ (ജെയുഐഎഫ്) നേതാവ് ഫസലുർ റഹ്മാൻ, പിഎംഎൽഎൻ നേതാവ് ഷെഹ്ബാസ് ഷെരീഫ്, പിപിപി നേതാവ് ആസിഫ് അലി സർദാരി എന്നീ ത്രിമൂർത്തികളാണ് ഇമ്രാൻ ഖാനെതിരെയുള്ള പോരാട്ടത്തിൽ മുമ്പന്തിയിൽ. ഇമ്രാൻ ഖാൻ സർക്കാരുമായുള്ള നിരന്തര സംഘർഷത്തിലാണ് ജെയുഐഎഫും ഇതിന്റെ നേതാവ് ഫസലുർ റഹ്മാനും. തീവ്രമതവാദിയും മുൻ പ്രതിപക്ഷ നേതാവുമൊക്കെയായ ഫസലുർ റഹ്മാന്റെ നേതൃത്വത്തിലാണ് 11 പ്രതിപക്ഷ സംഘടനകൾ ചേർന്ന് പാക്കിസ്ഥാൻ ഡമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) എന്ന പ്രസ്ഥാനം രൂപീകരിക്കുന്നത്.
2020 മുതൽ ഈ സംഘടന സർക്കാരിനെതിരെ വൻ ജനമുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അതിനും മുമ്പു തന്നെ, 2018ലെ തിരഞ്ഞെടുപ്പ് ഇമ്രാൻ ഖാനു വേണ്ടി സൈന്യം അട്ടിമറിച്ചു എന്ന ആരോപണം ഉയർത്തി ഫസലുർ റഹ്മാനും സംഘവും അന്നു മുതൽ പ്രതിഷേധ പാതയിലാണ്. തന്റെ പൊതു റാലികളിലെല്ലാം ഇമ്രാൻ ഖാൻ ഫസലുർ റഹ്മാനെതിരെ കടുത്ത വിമർശനമുയർത്തുകയും അധിക്ഷേപ വാക്കുകൾ പ്രയോഗിക്കുകയും ചെയ്യാറുണ്ട്. പിപിപി നേരത്തെ പിഡിഎമ്മിൽ നിന്ന് പുറത്തു പോയിരുന്നെങ്കിലും അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എന്തായാലും ഇന്ത്യയെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ ഇംറാന്റെ സ്ഥിതി എന്താവുമെന്ന് ഇനി കണ്ടുതന്നെ അറിയണം.
വാൽക്കഷ്ണം: പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസദ്ധിയുടെ കാര്യത്തിൽ ഇന്ത്യയും ശരിക്കും പേടിക്കണം. കാരണം ഇത്തരം ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഭരണാധികാരികൾ അത് മറികടക്കുക, ഇന്ത്യാ വിരുദ്ധത ആളിക്കത്തിച്ചുകൊണ്ടാണ്. ബേനസീർ ഭൂട്ടോ ഉദാഹരണം. ഇംറാനും ആ വഴിക്ക് നീങ്ങാൻ നല്ല സാധ്യതയുണ്ട്. കാർഗിൽപോലെ ഒരു നുഴഞ്ഞുകയറ്റമോ, യുദ്ധസമാനമായ സാഹചര്യമോ ഇന്ത്യയും പ്രതീക്ഷിക്കണം. കരുതിയിരിക്കണം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ