കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും ചർച്ച ചെയ്യാൻ പാരീസിൽ ചേർന്ന ഉച്ചകോടിയിൽ നരേന്ദ്ര മോദി വഹിച്ച നിർണായകമായ പങ്കിന് ആഗോള തലത്തിൽ അംഗീകകാരം. ആഗോള താപനം തടയാൻ ലോകരാഷ്ട്രങ്ങൾ കൈകോർത്ത ഉച്ചകോടിയിൽ മോദി വഹിച്ച പങ്കിന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ തിരികെ നാട്ടിലെത്തിയശേഷം ഡൽഹിയിലേക്ക് വിളിച്ച് നന്ദി പറഞ്ഞു.

ഉച്ചകോടിക്കിടെ കരാറിലുൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് മോദിയും ഒബാമയും പലതവണ ആശയവിനിമയം നടത്തിയിരുന്നു. യു.എന്നിന്റെ നേതൃത്വത്തിൽ നടന്ന ഉച്ചകോടി വിജയിപ്പിക്കുന്നതിൽ വളരെ ക്രിയാത്മകമായ പങ്കാണ് ഇന്ത്യ വഹിച്ചത്. ഇതിനുള്ള നന്ദി പ്രകടനമാണ് ബുധനാഴ്ച വൈകിട്ട് പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് ഒബാമ നടത്തിയത്.

ആഗോള താപനം ചെറുക്കാൻ എന്തൊക്കെ ചെയ്യാനാവുമെന്നത് സംബന്ധിച്ച് മോദിയും ഒബാമയും നവംബർ 30-ന് പാരീസിൽ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. ദ്വിദിന ഉച്ചകോടിയുടെ ആദ്യദിനമായിരുന്നു നേതാക്കൾ തമ്മിലുള്ള ചർച്ച. ഈ ചർച്ചകളിലും തുടർന്നുനടന്ന ചർച്ചകളിലും മോദിയും ഇന്ത്യയിൽനിന്നുള്ള പ്രതിനിധി സംഘവും നിർണായകമായ ഇടപെടലുകളാണ് നടത്തിയത്.

ഒബാമ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. പാരീസ് ഉച്ചകോടി ചരിത്രവിജയമാക്കുന്നതിൽ ഇന്ത്യ നിർണായകമായ പങ്കാണ് വഹിച്ചതെന്ന് ഒബാമ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച കരാറിൽ 190-ലേറെ രാജ്യങ്ങൾ ഒപ്പുവച്ചിരുന്നു. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്്കുന്നത് സംബന്ധിച്ച് വികസിത-വികസ്വര രാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന തർക്കങ്ങൾക്കും ഒരു പരിധിവരെ പരിഹാരം കാണാൻ ഈ ഉച്ചകോടിക്കായി.

ആഗോളതാപ വർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയായി പരിമിതപ്പെടുത്തുക, ഈ ലക്ഷ്യം കൈവരിക്കാൻ വികസ്വര രാഷ്ട്രങ്ങൾക്ക് 2020 മുതൽ പ്രതിവർഷം പതിനായിരം കോടി ഡോളറിന്റെ (ഏകദേശം 6,70,000 കോടി രൂപ) സഹായം നൽകുക, ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നടപടികൾ അഞ്ചു വർഷം കൂടുമ്പോൾ അവലോകനം ചെയ്യുക തുടങ്ങിയവയാണു കരാറിലെ പ്രധാന നിർദ്ദേശങ്ങൾ.

പാരീസ് ഉച്ചകോടിയോടെ ഇന്ത്യയും അമേരിക്കയുമായുള്ള സൗഹൃദം കൂടുതൽ ശക്തമായതായി വിലയിരുത്തപ്പെടുന്നു. ഉച്ചകോടിയിൽ മോദി വഹിച്ച നേതൃപരമായ പങ്കിനെ ഒബാമ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് ഇരുനേതാക്കൾക്കുമിടയിലെ ഊഷ്മളമായ ബന്ധത്തിന് തെളിവായും വിലയിരുത്തപ്പെടുന്നു.