കശ്മീർ: ജമ്മു-കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപം ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണം 15 ആയി ഉയർന്നു. 40 ഓളം പേരെ കാണാതായി. യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വച്ചു.

വൈകിട്ട് 5.30 ഓടെയായിരുന്നു മേഘവിസ്‌ഫോടനം. തീർത്ഥാടകർക്കായി ഒരുക്കിയ ടെന്റുകളും, കമ്യൂണിറ്റി കിച്ചനുകളും വെള്ളപ്പാച്ചിലിൽ, ഒലിച്ചുപോയി. സുരക്ഷാസേന ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും, മോശം കാലാവസ്ഥയും, ദുർഘടമായ പ്രദേശവും കാരണം തടസ്സങ്ങളുണ്ടായി.

ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവർത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സൈനിക ഹെലികോപ്ടറുകൾ പറക്കുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെങ്കിലും മഴ തുടരുകയാണ്. സ്ഥലത്ത് വെള്ളപ്പൊക്കം ഉണ്ടായതോടെയാണ് യാത്ര താൽക്കാലികമായി നിർത്തി വച്ചതെന്ന് ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് വക്താവ് അറിയിച്ചു. കാലാവസ്ഥ അനുകൂലമാവുകയാണെങ്കിൽ, നാളെ തന്നെ യാത്ര പുനരാരംഭിക്കും.

ഗുഹയുടെ മുകളിൽ നിന്നും വശങ്ങളിൽ നിന്നും വെള്ളം കുത്തിയൊലിച്ചുവരികയായിരുന്നു. ക്ഷേത്രത്തിൽ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്‌ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. സ്ഥലത്ത് നിരവധി തീർത്ഥാടകർ കുടുങ്ങികിടക്കുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

3 ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തിൽ തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കുടങ്ങിക്കിടക്കുന്നവർക്കായി സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. സൈന്യത്തിന്റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.