തിരുവനന്തപുരം: ദേശീയ ഗെയിംസിനായുള്ള ജിംനാസ്റ്റിക് മത്സരത്തിനുള്ള ഉപകരണങ്ങൾ ഒരു കാരണവശാലും ഈ മാസം 30ന് മുമ്പ് എത്തില്ലെന്ന് ഉറപ്പായി. സായിയിൽ നിന്ന് കടമെടുക്കുന്ന ഉപകരണമാകും ജിംനാസ്റ്റിക് മത്സരങ്ങൾക്ക് ഉപയോഗിക്കുക. മറ്റ് ഗെയിംസുകൾക്കുള്ള വിദേശത്ത് നിന്ന് വാങ്ങിയ ഉപകരണങ്ങളും യാത്രയിലാണ്. ഇവ ഒരാഴ്ചയ്ക്കുള്ളിൽ പൂർണ്ണമായും തിരുവനന്തപുരത്ത് എത്തുമെന്നാണ് ഗെയിംസ് സംഘാടകരുടെ പ്രതീക്ഷ. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ഉപകരണങ്ങൾ എത്താതിരുന്നാൽ ഗെയിംസ് മുടങ്ങാതിക്കാനുള്ള മറു തന്ത്രങ്ങളും ഒരുക്കും. ഗെയിംസിന് തുടങ്ങിയാലും വിദേശ രാജ്യത്ത് നിന്ന് വാങ്ങിയ ഉപകരണങ്ങൾ എത്തില്ലെന്ന മറുനാടൻ മലയാളി വാർത്തയെ ശരിവയ്ക്കുന്നതാണ് ഈ നീക്കങ്ങൾ.

അടിയന്തരമായി കോമൺവെൽത്ത് ഗെയിംസിനുപയോഗിച്ച ഉപകരണങ്ങൾ എത്തിക്കാനാണ് നീക്കം. സായി കേന്ദ്രങ്ങളിലുള്ള മുഴുവൻ കായിക ഉപകരണങ്ങളും തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളിൽ എത്തും. അതിന് ശേഷം കണ്ണൂർ വരെ നീളുന്ന സ്റ്റേഡിയങ്ങളിൽ ഇവ എത്തിക്കും. ഇരുപതാം തീയതിക്ക് മുമ്പ് എല്ലാ സ്‌റ്റേഡയങ്ങളിലും ഉപകരണങ്ങൾ സജ്ജീകരിക്കും. ഇരുപതാം തീയതിക്ക് മുമ്പെത്തുന്ന പുതിയ വിദേശ ഉപകരണങ്ങളാകും ഉപോയോഗിക്കുക. ബാക്കിയുള്ളവയ്ക്കായി സായിയിൽ നിന്ന് കടമെടുത്ത ഉപകരണമാകും ഉപയോഗിക്കുക. പ്രഖ്യാപിച്ച സമയത്ത് ഗെയിംസ് നടത്താനുള്ള കേരളത്തിന്റെ നീക്കത്തിന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും എല്ലാ പിന്തുണയും നൽകും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കേരളവുമായി അടുപ്പിച്ചത്.

നാളെയും മറ്റെന്നാളുമായി മത്സരവേദികളിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ ടെക്‌നിക്കൽ സമിതി പരിശോധന നടക്കും. അതിനുശേഷം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) ഗെയിംസിന്റെ തീയതി സംബന്ധിച്ച് അവസാന തീരുമാനം എടുക്കും. ഓരോ മത്സരത്തിന്റെയും ദേശീയ ഫെഡറേഷൻ പ്രതിനിധിയും അതത് ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ പ്രതിനിധിയും ഉൾപ്പെട്ടതാകും പരിശോധക സംഘം. 16 ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ഇവരുടെ റിപ്പോർട്ട് പരിശോധിച്ചശേഷം ഐ.ഒ.എ. തീയതിയിൽ അന്തിമതീരുമാനം പ്രഖ്യാപിക്കും. എന്നാൽ ഗെയിംസ് മാറ്റിവയ്ക്കാത്ത തരത്തിലെ തീരുമാനങ്ങളേ ഈ കമ്മറ്റികൾ എടുക്കൂ. ഇക്കാര്യത്തിൽ എല്ലാ ഉറപ്പും ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

ഇതോടെ സ്‌റ്റേഡിയ പരിശോധ ഒത്തുകളിയുമാകും. കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയം പോലും അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലമായി പത്ത് ദിവസത്തിനുള്ളിൽ മാറുമെന്നാണ് സംഘാടകരുടെ അവകാശവാദം. ഇതിനെ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും പിന്തുണയ്ക്കുന്നു. എങ്ങനേയും ഗെയിംസ് നടത്തി തലവേദന ഒഴിവാക്കുന്ന തരത്തിലാണ് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും പെരുമാറുന്നത്. എല്ലാ വേദികൾക്കും നിലവാര സർട്ടിഫിക്കറ്റ് ടെക്‌നിക്കൽ സമിതി നൽകിയേക്കും. ഇതിനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് ഐഒസി നൽകി കഴിഞ്ഞു. എല്ലാ സ്റ്റേറ്റ് അസോസിയേഷനും ഗെയിംസിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്.

ദേശീയ ഗെയിംസിനായി ആധുനിക കായിക ഉപകരണങ്ങൾ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. സ്വിറ്റ്‌സർലൻഡ്, അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ജർമനി, ചൈന, തായ്വാൻ, തുർക്കി എന്നിവിടങ്ങളിൽനിന്ന് 20 കോടിയുടെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാണ് ഓർഡർ നൽകിയത്. എന്നാൽ ഈ ഓർഡറുകളിൽ പലതും കപ്പലുകളിൽ ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. ഈ സാഹചര്യത്തിലാണ് കോമൺവെൽത്ത് ഗെയിംസിനായി വാങ്ങിയ ഉപകരണങ്ങൾ കേരളത്തിൽ എത്തിക്കുന്നത്. ഇതിനുള്ള ചെലവും ഇൻഷുറൻസ് പരിരക്ഷയും സംസ്ഥാന സർക്കാർ ഒരുക്കും. ഇങ്ങനെ എത്തുന്ന ഉപകരണങ്ങൾ അപ്പോൾ തന്നെ സ്‌റ്റേഡിയങ്ങളിൽ സജ്ജമാക്കും.

കടമെടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിനും എല്ലാ പിന്തുണയും നൽകുന്നത് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ തന്നെയാണ്. എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും കായികോപകരണങ്ങൾ ശരിയാക്കി വയ്ക്കാൻ നിർദ്ദേശം അസോസിയേഷനും നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ഈ പഴകിയ ഉപകരണങ്ങൾ പോലും കേരളത്തിലെത്തും. നിലവാരം കുറഞ്ഞാലും ഗെയിംസ് നടക്കട്ടേ എന്ന ഒളിമ്പിക് അസോസിയേഷന്റെ നിലപാട് തന്നെയാണ് തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നത്.

ചുരുക്കത്തിൽ കോടികളുടെ നഷ്ടമാണ് ദേശീയ ഗെയിംസിന് ഉണ്ടാകാൻ പോകുന്നത്. കോടികൾ മുടക്കി കേരളത്തിലെത്തുന്ന ഉപകരണങ്ങളിൽ ബഹുഭൂരിഭാഗവും മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിൽ ഉപയോഗിക്കില്ലെന്നതാണ് യാഥാർത്ഥ്യം. ആറ് കൊല്ലം സമയം കിട്ടിയിട്ടും ഉപകരണങ്ങൾ നേരത്തെ വാങ്ങുന്നതിന് പോലും കേരളത്തിന് കഴിഞ്ഞില്ലെന്ന യാഥാർത്ഥ്യവുമായാകും ഗെയിംസ് തുടങ്ങുക.