- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥികൾക്കുള്ള ഉപഹാരം പിന്നീട് എത്തിച്ചെന്ന് ശിവശങ്കർ; ഞാൻ ബാഗേജ് ഒന്നും എടുക്കാൻ മറന്നില്ലെന്ന് പിണറായി വിജയനും; സ്വപ്നയുടെ ആരോപങ്ങൾ 'ശ്രദ്ധയിൽ പെട്ടില്ലെന്ന്' നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് എത്തിയപ്പോൾ പ്രതികരിച്ചത് എല്ലാം അറിയുന്ന പടത്തലവനെ പോലെ; മുഖ്യമന്ത്രിയുടെ ഉത്തരം അവകാശ ലംഘനമോ?
തിരുവനന്തപുരം: നിയമസഭയിൽ പറയുന്നത് ഒന്ന്.. പുറത്ത് പറയുന്നത് മറ്റൊന്ന്... ഇതിനിടെയിലെ സത്യം ദുരൂഹമായി തുടരും. സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങൾ ശ്രദ്ധയിൽ പെട്ടില്ലെന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച മുഖ്യമന്ത്രി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് മറ്റ് ചിലത്. നിയമസഭ കഴിഞ്ഞ ശേഷമാകും ഒരുപക്ഷേ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കാര്യങ്ങൾ പെട്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു ബിരിയാണിച്ചെമ്പിൽ ലോഹവസ്തുക്കൾ കടത്തിയെന്ന സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കേട്ടപ്പോഴാണു ഈ സംഭവം താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യങ്ങളോട് വെളിപ്പെടുത്തുമ്പോൾ നിയമസഭയിലെ ചോദ്യത്തിനുള്ള ഉത്തരത്തിൽ അസ്വാഭാവികത നിറയുകയാണ്.
സ്വപ്ന ഉന്നയിച്ചതു വ്യാജ ആരോപണമാണെങ്കിൽ എന്തുകൊണ്ടു നിയമ നടപടി സ്വീകരിക്കുന്നില്ലെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, 'അതു ഞാൻ ആലോചിച്ചു കൊള്ളാം' എന്നായിരുന്നു മറുപടി. സ്വപ്ന ഈ ആരോപണം ഉന്നയിച്ച ശേഷം പിണറായി ഇന്നലെയാണ് ആദ്യമായി മാധ്യമങ്ങളെ കണ്ടത്. സ്വർണ്ണ കടത്തിൽ സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തൽ തനിക്ക് അറിയാമെന്ന തരത്തിലായിരുന്നു പത്ര സമ്മേളനത്തിലെ പ്രതികരണങ്ങൾ. അതുകൊണ്ട് തന്നെ നിയമസഭയെ തെറ്റിധരിപ്പിക്കുന്ന തരത്തിലാണ് ശ്രദ്ധയിൽ പെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഉത്തരം ഇപ്പോൾ ചർച്ചയാകുന്നത്. എന്നാൽ നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറ്റൊരു മറുപടി ആശയക്കുഴപ്പമാകുന്നതുണ്ട്. അവകാശ ലംഘനത്തിന് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറെ സമീപിക്കാൻ ഇടയുണ്ട്.
അതിഥികൾക്കുള്ള ഉപഹാരങ്ങൾ പിന്നീട് ദുബായിലേക്ക് എത്തിച്ചുവെന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇന്നലെ മുഖ്യമന്ത്രി സഭയെ അറിയിച്ചത് ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നില്ലെന്നായിരുന്നു. ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. സ്വർണ്ണക്കടത്തിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി നിയമസഭയിൽ രേഖാമൂലം മറുപടി നൽക്കുകയായിരുന്നു മുഖ്യമന്ത്രി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാൽ കറൻസി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ ഈ ആരോപണം പൂർണ്ണമായും തള്ളികയാണ് മുഖ്യമന്ത്രി. അതിനിടെയാണ് മുമ്പ് കസ്റ്റംസിന് നൽകിയ മൊഴിയിൽ മുഖ്യമന്ത്രിയുടെ യാത്രയിൽ അതിഥികൾക്കുള്ള ഉപഹാരപ്പെട്ടി കൊടുത്തയയ്ക്കാൻ വൈകിയെന്ന് ശിവശങ്കർ പറഞ്ഞതും ചർച്ചയാകുന്നത്.
നിയമസഭയിൽ ശ്രദ്ധയിൽ പെട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ എല്ലാം അറിയാവുന്നത് പോലെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതല്ലേ കേരളത്തിൽ കലാപത്തിനു കാരണമായതെന്ന ചോദ്യത്തിന്, ''നിങ്ങൾ കേരളത്തിൽ ഇപ്പോൾ വന്നയാളല്ലല്ലോ.... ഇവിടെ ജീവിച്ചയാളല്ലേ'' എന്നായിരുന്നു മറുചോദ്യം. ''നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു പലതും ഇതിന്റെ പേരിൽ കെട്ടിപ്പൊക്കാൻ ശ്രമിച്ചത് അറിയില്ലേ? ഭരണ നേതൃത്വത്തിനെതിരെ മൊഴി കൊടുക്കാൻ ചിലരുടെ മേൽ കടുത്ത സമ്മർദം ഉണ്ടായെന്നു പ്രതികളിൽ ചിലർ തന്നെ വെളിപ്പെടുത്തിയല്ലോ. അന്വേഷണ ഏജൻസികൾ തിരിച്ചും മറിച്ചും പരതിയിട്ടും എന്തെങ്കിലും കിട്ടിയോ. എൽഡിഎഫ് തീർന്നു, ഇനി തങ്ങൾ തന്നെ എന്ന ശുഭപ്രതീക്ഷയിൽ ആയിരുന്നു. എന്നിട്ടും തിരഞ്ഞെടുപ്പിൽ ജനം എൽഡിഎഫിനു 99 സീറ്റ് സമ്മാനിച്ചില്ലേ.-ഇതായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
ഈ വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണു ചിലരുടെ മോഹം. എന്റെ കുടുംബത്തിനെതിരെ തപ്പു കൊട്ടിക്കൊടുക്കുന്നു. അങ്ങനെയൊന്നും അപകീർത്തിപ്പെടുന്നതല്ല എന്റെ പൊതു ജീവിതം. ബിരിയാണിച്ചെമ്പ് വിഷയത്തിൽ നിങ്ങൾ തെറ്റിദ്ധരിക്കില്ലെന്ന് എനിക്കറിയാം. എന്നാൽ, ഇതിന്റെ പേരിൽ അപകീർത്തിപ്പെടുത്താം എന്നു തലപ്പത്തിരിക്കുന്ന ചിലർ ചിന്തിക്കുന്നുണ്ടാകാം. ജനങ്ങൾക്കു മുന്നിലുള്ള തുറന്ന പുസ്തകമാണു ഞങ്ങളുടെ ജീവിതം. സംഘപരിവാറിനു വേണ്ടി ആരെയാണ് ഇപ്പോൾ എഴുന്നള്ളിക്കുന്നത്. അവർ പറയുന്നതു മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നു പറയേണ്ടി വന്നില്ലേ'' മുഖ്യമന്ത്രി ചോദിച്ചു.
സ്വപ്ന ക്ലിഫ് ഹൗസിലെത്തിയപ്പോഴെല്ലാം കോൺസുലേറ്റ് ജനറലിന്റെ കൂടെയാണു തന്നെ കണ്ടതെന്നു നേരത്തേ വിശദീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ