- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവരണത്തിന്റെ പേരിൽ ഭിന്നിപ്പിക്കൽ വേണ്ട; എല്ലാ വിഭാഗങ്ങൾക്കും ജീവിതയോഗ്യമായ സാഹചര്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുന്ന സംസ്ഥാന സർക്കാർ നയത്തിന്റെ പേരിൽ വലിയ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സംവരണത്തെ അട്ടിമറിച്ച് സാമ്പത്തിക സംവരണം സർക്കാർ നടപ്പിലാക്കുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. ഇതിൽ ഒരു അട്ടിമറിയും ഉണ്ടായിട്ടില്ല. നേരത്തേ ഉണ്ടായിരുന്ന സംവരണം ആർക്കും ഇല്ലാതായിട്ടുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജാതി ഘടകങ്ങൾ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂ എന്ന് ഒരു വാദവും, സാമ്പത്തിക ഘടകങ്ങൾ മാത്രമേ അടിസ്ഥാനമാകാവൂ എന്ന് മറ്റൊരു വാദവും ഉന്നയിക്കുന്നുണ്ട്. ഈ രണ്ടുവാദങ്ങളും നിലനിൽക്കുമ്പോൾ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ഗൗരവമായി കണക്കിലെടുത്തുകൊണ്ടുള്ള സമീപനമാണ് സർക്കാർ കൈക്കൊണ്ടത്. ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ കിട്ടുന്നത് ചൂണ്ടിക്കാട്ടി, അവർ കാരണമാണ് തങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടാത്തത് എന്ന് വാദിക്കുന്ന പ്രവണതയുണ്ട്.
ഇത് ശരിയല്ല. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യമുണ്ടാകുക എന്നതാണ് പ്രധാനം. നിലവിൽ ആ സാഹചര്യം ഇല്ല. അതിന് കാരണം വ്യവസ്ഥിതിയാണ്. അടിസ്ഥാനപരമായ ഇത്തരമൊരു അവസ്ഥയ്ക്ക് അറുതിവരുത്താനുള്ള കൂട്ടായ പോരാട്ടമാണ് നടക്കേണ്ടത്. ആ പോരാട്ടത്തിൽ അണിനിരക്കേണ്ട വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നത്, പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവരണേതര വിഭാഗത്തിൽ ഒരു വിഭാഗം പരമദരിദ്രരാണ്. അവർക്ക് ഒരു സംവരണ ആനുകൂല്യവും ലഭിക്കില്ല. ഇതാണ് 10 ശതമാനം സംവരണം വേണം എന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. കേരളത്തിൽ 50 ശതമാനം സംവരണം പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും കൂടി നിലനിൽക്കുന്നുണ്ട്.
ബാക്കിവരുന്ന 50 ശതമാനത്തിൽ പൊതുവിഭാഗത്തിലെ പാവപ്പെട്ട 10 ശതമാനത്തിന് പ്രത്യേക പരിഗണന നൽകുന്ന നിലയാണ് ഇപ്പോൾ വരിക. ഇതൊരു കൈത്താങ്ങാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
മറുനാടന് മലയാളി ബ്യൂറോ