തിരുവനന്തപുരം: കേരള സർക്കാരിന്റെ പദ്ധതികളെ അട്ടിമറിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. സർക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് മുകളിൽ പറന്ന് അത് ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവാദങ്ങൾക്കു പിന്നാലെ പോകാൻ സർക്കാരില്ല. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു. കെ ഫോൺ എന്ന പദ്ധതിയെ അടക്കം അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്.ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നു മാറ്റിനിർത്താൻ ഒരു ശക്തിക്കും സാധിക്കില്ല. നാടിന്റെ വികസനത്തിന് തുരങ്കം വച്ച് രാഷ്ട്രീയം കളിക്കുകയാണ് ചിലർ. ഹീനമായ രാഷ്ട്രീയം കളിച്ച് പദ്ധതികൾ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.

അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നു. അത് ഏറ്റ് പിടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ചില കേന്ദ്ര ഏജൻസികൾ സർക്കാർ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാകുമോ എന്ന് കൂടി ആലോചിക്കുന്നു. വിവാദങ്ങൾക്ക് പുറകെ പോകാനൊന്നും ഇല്ല. ഏറ്റെടുത്ത ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്ന് ഒരു ശക്തിക്കും പിന്തിരിപ്പിക്കാൻ കഴിയില്ല. ഇത് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്.

ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ്. നാടിന്റെ കുതിപ്പിന് അനുയോജ്യമായ പദ്ധതികളെ നാടുകടത്തി ഹീനമായ രാഷ്ട്രീയം കളിക്കുന്നവരോട് ഒരു കാര്യമേ പറയാനുള്ളു എന്തിനാണ് ഈ പദ്ധതികൾ, നാടിനെന്താണ് ഗുണം എന്ന് മനസിലാക്കാൻ തയാറാകണം എന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

100 ദിവസം കൊണ്ട് 50000 തൊഴിലവസരം വിജയകരമായി പിന്നിട്ടു. 61,290 അവസരങ്ങൾ സൃഷ്ടിച്ചു. ഡിസംബർ അവസാനിക്കും മുൻപ് മറ്റൊരു 50000 തൊഴിലവസരങ്ങൾ കൂടി ഉണ്ടാക്കും. നാലുമാസം കൊണ്ട് ഒരുലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് പദ്ധതിയെന്നും മുഖ്യമന്ത്രി അറിയിച്ചു.