- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തിൽ ഹനിക്കാനോ തടയാനോ ദുർബലപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ല; വ്യാജവാർത്തകൾക്കെതിരായ പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകും; കോവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ വളരെ ഗൗരവമായി കാണണം; തെറ്റായ വാർത്തകളും അടിസ്ഥാനരഹിതമായ നിഗമനങ്ങളും നുണപ്രചാരണങ്ങളും നാട്ടിൽ കുറെ ആപത്തുണ്ടാക്കുന്നു; വ്യാജ വാർത്തകൾക്ക് വിലങ്ങിടാൻ ഒരുങ്ങി പിണറായി സർക്കാർ
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തിൽ ഹനിക്കാനോ തടയാനോ ദുർബലപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജവാർത്തകൾക്കെതിരായ പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജവാർത്തകൾക്കെതിരെ നടപടി എടുക്കാൻ പ്രത്യേക സംവിധാനം പൊലീസിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത് ചിലരിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. പ്രത്യേകമായി ആരെയോ അല്ലെങ്കിൽ ചിലരെയോ ഉദ്ദേശിച്ചുള്ള നീക്കമെന്ന രീതിയിൽ തെറ്റിദ്ധാരണ ഉള്ളതായി കാണുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ വളരെ ഗൗരവമായി കാണണം. ആളുകളുടെ വീടുകൾ അക്രമിക്കപ്പെടുന്ന സ്ഥിതി ഉണ്ടായില്ലേ. വ്യാജ വാർത്തകൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ഒരു ഘട്ടത്തിൽ അവയെ നിയന്ത്രിക്കാൻ ഒന്നും ചെയ്യരുത് എന്ന സമീപനം സാമൂഹിക പ്രതിബദ്ധതയുള്ള ആർക്ക് എടുക്കാൻ സാധിക്കും.
ഇപ്പോൾ ഉണ്ടാക്കിയ സംവിധാനം സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വേണ്ടിയാണെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തെറ്റായ വാർത്തകളും അടിസ്ഥാനരഹിതമായ നിഗമനങ്ങളും നുണപ്രചാരണങ്ങളും നാട്ടിൽ കുറെ ആപത്തുണ്ടാക്കുന്നു. അത് തടയുക. വ്യാജ വാർത്തകൾ തടയണം എന്ന കാര്യത്തിൽ ആർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാനിടയില്ല.മാധ്യമ സ്വാതന്ത്ര്യത്തെ ആരും ഹനിക്കില്ല.
തെറ്റുപറ്റിയാൽ തിരുത്തണം. അതിൽ വിമുഖത പാടില്ല. ചില മാധ്യമങ്ങൾ തങ്ങൾക്ക് തെറ്റ് പറ്റിയാൽ തിരുത്താനോ, തെറ്റായ വാർത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ ശരിയായ വാർത്ത കൊടുക്കുവാനോ തയാറാവുന്നില്ല എന്നതാണ് പൊതു അനുഭവമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്