- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എകെജിയെ പള്ള് പറയാൻ പുറപ്പെടുന്നത് എത്ര മോശമായ അവസ്ഥയാണ്; തൃത്താലയിൽ വിടി ബൽറാമിന്റെ പരാജയത്തിന് പിന്നിൽ എകെജിയെ സ്നേഹിക്കുന്നവരുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൃത്താലയയിൽ എംബി രാജേഷിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി വിടി ബൽറാമിന്റെ പരാജയത്തിന് പിന്നിൽ എകെജിയെ സ്നേഹിക്കുന്നവരുടെ പ്രതികരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബൽറാമിന്റെ പരാമർശത്തിനെതിരായ വികാരം തൃത്താല മണ്ഡലത്തിലുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ: 'കേരളത്തിലെ എല്ലാവരും ഒരുപോലെ ആദരിക്കുന്ന രാഷ്ട്രീയ നേതാവണല്ലോ സഖാവ് എകെജി. ആ എകെജിയെ പള്ള് പറയാൻ പുറപ്പെടുന്നത് എത്ര മോശമായ അവസ്ഥയാണ്. ഇത് ഉണ്ടാക്കിയ വികാരം മണ്ഡലത്തിലുണ്ടാവില്ലേ. അതിനെതിരെ എകെജിയെ സ്നേഹിക്കുന്നവരുടെ ഭാഗത്ത് നിന്ന് പ്രതികരണം വന്നപ്പോൾ അത് കൂടുതൽ കടുപ്പിക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. സ്വഭാവികമായും അതിനെതിരെ പ്രതികരണം വന്നിട്ടുണ്ടാകും.''
നിയമസഭാ തെരഞ്ഞെടുപ്പ് വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തിന് പിന്നിൽ ജനങ്ങൾ നൽകിയ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.'ഒരു വലിയ രാഷ്ട്രീയ പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ നടന്നത്. തെരഞ്ഞെടുപ്പ് ഫലം ഇന്നത്തെ വിജയം നാട്ടിലെ ജനത്തിന്റെ വിജയമാണ്. ഇതിന്റെ നേരവകാശികൾ കേരള ജനതയാണ്. തെരഞ്ഞെടുപ്പ് വന്നപ്പോഴും തുടക്കത്തിലും മധ്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും വോട്ടെണ്ണുന്നതിന് തൊട്ടുമുൻപിലും എല്ലാം ഒരേ നിലയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവർത്തിച്ചത്.''
''അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എന്താണ് ഇത്ര വലിയ ഉറപ്പ് എന്നൊക്കെ സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങൾ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് കഴിഞ്ഞ തവണ നേടിയതിലും കൂടുതൽ സീറ്റ് എൽഡിഎഫ് നേടുമെന്നാണ് പറഞ്ഞ മറുപടി. അത് തീർത്തും അന്വർത്ഥമാകും വിധമാണ് തെരഞ്ഞെടുപ്പ് ഫലം. ഈ മഹാവിജയം കേരളത്തിലെ ജനങ്ങൾക്ക് വിനയപൂർവം സമർപ്പിക്കുന്നു. കേരളം മാറിമാറി സർക്കാരുകളെ പരീക്ഷിക്കുന്ന ഒരു സംസ്ഥാനമായിരുന്നു. ഇതൊരു സ്വാഭാവിക പ്രക്രിയയായി ചിലർ കരുതി. അത് തിരുത്തുന്ന നില കൂടിയാണ് ഇത്.''
''തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ കണക്കിലേക്കും വിശകലനത്തിലേക്കും ഇപ്പോൾ പോകുന്നില്ല. അത് പിന്നീട് നടത്താം. എന്നാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെയാകെ നില അട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കങ്ങളും ശ്രമങ്ങളും ഉണ്ടായി. പല രീതിയിലുള്ള ആക്രമണം ഉണ്ടായത് ഒരു ഭാഗം. നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. ആ കാര്യത്തിൽ ജനം പൂർണമായും എൽഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനും അതിജീവിക്കാനും സാധിച്ചത്.''
''ആ ജനം ഇനിയും എൽഡിഎഫിനൊപ്പമുണ്ടെന്നാണ് ജനവിധി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതാണ് ഫലം. നാം ഒരു സംസ്ഥാനമെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കുന്നതിന് എൽഡിഎഫിനാണ് കഴിയുകയെന്ന പൊതുബോധ്യം ജനത്തിനുണ്ടായെന്ന് കൂടിയാണ് ഫലം വ്യക്തമാക്കുന്നത്. കേരളത്തിന് ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോൾ ഒരുപാട് പ്രശ്നം നമ്മളെ ബാധിക്കുന്നുണ്ട്. നിരവധി പ്രശ്നങ്ങളിൽ നമ്മുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. അവ നേടിയെടുക്കണമെങ്കിൽ എൽഡിഎഫിനേ എന്തെങ്കിലും ചെയ്യാനാവൂ എന്ന പൊതുബോധം ജനത്തിലുണ്ട്. നാട് നേരിടേണ്ടി വന്ന കെടുതികൾ അതിന്റെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങൾ, അതിനെ അതിജീവിക്കാൻ നടത്തിയ ശ്രമം എല്ലാം നാടും നാട്ടുകാരും കണ്ടതാണ്.
സമൂഹത്തിലെ മഹാ ഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടത് തുടർഭരണം ആവശ്യമാണെന്ന നിലപാട് അവരെല്ലാം സ്വീകരിച്ചു
മറുനാടന് മലയാളി ബ്യൂറോ