- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപി വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ സമ്മതിച്ചേക്കും; പിണറായിയെ കുടുക്കാൻ ഐപിഎസ് ഉദ്യോഗസ്ഥരുടെ കത്തുകളുമായി ബിജെപി നേതാക്കളെ കാണുന്നു; പിണറായിയ്ക്കെതിരെ കെണി ഒരുക്കി കോൺഗ്രസ്-ബിജെപി നീക്കം
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ. സമ്മതിച്ചേക്കും. ടിപിയുടെ വിധവ രമയുടെ അഭ്യർത്ഥന കേന്ദ്ര സർക്കാർ അംഗീകരിച്ചെന്നാണ് സൂചന. നേരത്തെ കേസ് സിബിഐയെ ഏൽപ്പിക്കാൻ നീക്കം നടന്നുവെങ്കിലും സിബിഐ അംഗീകരിച്ചിരുന്നില്ല. കേസ് അന്വേഷണം കേരളാ പൊലീസ് പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ. സമ്മതിച്ചേക്കും. ടിപിയുടെ വിധവ രമയുടെ അഭ്യർത്ഥന കേന്ദ്ര സർക്കാർ അംഗീകരിച്ചെന്നാണ് സൂചന. നേരത്തെ കേസ് സിബിഐയെ ഏൽപ്പിക്കാൻ നീക്കം നടന്നുവെങ്കിലും സിബിഐ അംഗീകരിച്ചിരുന്നില്ല. കേസ് അന്വേഷണം കേരളാ പൊലീസ് പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയെന്ന സാഹചര്യത്തിലാണ് ഇത്. ഒരു അന്വേഷണ ഏജൻസി അന്വേഷിച്ച് പൂർത്തിയാക്കിയ കേസുകൾ സിബിഐ സാധാരണ ഏറ്റെടുക്കാറില്ല. ഇത് മനസ്സിലാക്കി ടിപിയുടെ മരണത്തിലെ ഗൂഢാലോചന പ്രത്യേകം കേസായി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. എങ്കിലും വിവാദങ്ങളിലേക്ക് എടുത്തു ചാടൻ താൽപ്പര്യമില്ലാത്തിനാൽ സിബിഐ പിന്മാറുകയായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം അടുക്കുമ്പോൾ സിബിഐയെ രംഗത്തിറക്കി ഗൂഢാലോചനയുടെ ചുരുൾ അഴിക്കാനാണ് നീക്കം.
ടിപിയുടെ മരണത്തിന് തൊട്ടുപിറകേ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ മൊബൈലിലേക്ക് ചില മെസേജുകളും കോളുകളുകളും വന്നുവെന്നാണ് പ്രചരണം. കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ ഫോണിൽ നിന്നുള്ള മെസേജുകളിലൊന്ന് അതീവ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് പ്രചരണങ്ങൾ. കോൺഗ്രസിലെ ചില കേന്ദ്രങ്ങൾ മനപ്പൂർവ്വം പടച്ചുവിട്ട കഥയാണിതെന്ന് സിപിഐ(എം) പറയുന്നു. ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തനായതോടെ അദ്ദേഹത്തെ കുടുക്കാൻ ടിപിയെ ഉപയോഗിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നിരുന്നു. എന്നാൽ സിബിഐ വഴങ്ങിയിരുന്നില്ല. പിണറായി പ്രതിയായാൽ പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്നായിരുന്നു കോൺഗ്രസുകാരുടെ കണക്ക് കൂട്ടൽ. എന്നാൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ സംഘപരിവാറും കരുനീക്കവുമായി എത്തി. ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ സിബിഐയുടെ മനസ്സ് മാറ്റം.
കതിരൂർ മനോജ് വധക്കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിപിഐ(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജയിൽവാസത്തിലേക്ക് എത്തിച്ചതു സിബിഐയാണ്. അതേ മാതൃകയിൽ ടി.പി. കേസ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നതനേതാക്കളിലേക്കു തിരിക്കാനാണു നീക്കം. കേസിൽ പിണറായിയും ജയരാജനും പ്രതികളാകുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിന്റെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപി നീക്കം. സിപിഎമ്മിനെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാക്കുകയാണ് ലക്ഷ്യം. അതിനിടെ ടി.പി. വധക്കേസ് സിബിഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു സിപിഎമ്മിലെ പ്രമുഖനേതാവുമായി അടുപ്പമുള്ള അഭിഭാഷകൻ മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ കത്തുമായി ബിജെപി. നേതാക്കളെ സമീപിച്ചതും വിവാദമായിട്ടുണ്ട്.
ടിപിയുടെ കൊലപാതകത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സാങ്കേതികതടസങ്ങളേത്തുടർന്നു നിർത്തിവച്ചിരിക്കുകയായിരുന്നു. കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നെങ്കിലും ആസൂത്രകരിലേക്ക് അന്വേഷണം നീണ്ടില്ല. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണത്തിനു തുടക്കമിട്ടിരുന്നു. എന്നാൽ, നേതാക്കൾ തമ്മിലുള്ള മൊബൈൽ ഫോൺ സന്ദേശങ്ങൾ ലഭിക്കാത്തതു തടസമായി. തുടർന്ന് അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ സംസ്ഥാനസർക്കാർ രണ്ടുതവണ ശ്രമിച്ചെങ്കിലും അവർ വിസമ്മതിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വഴിമാറുന്നത്. കോൺഗ്രസും ബിജെപിയും ചേർന്നുള്ള സംയുക്ത നീക്കമാണ് നടക്കുന്നത്. ചന്ദ്രശേഖരൻ സിപിഎമ്മുമായി ഇടഞ്ഞിരുന്നതിനാൽ രണ്ടുവർഷം മുമ്പുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ ഫോൺ വിശദാംശങ്ങൾ നൽകാൻ മൊബൈൽ സേവനദാതാക്കൾ തയാറായില്ല. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ കേന്ദ്ര ടെലികോം മന്ത്രാലയത്തിനു കത്തെഴുതിയെങ്കിലും വിശദാംശങ്ങൾ നൽകാനാകില്ലെന്നു മൊബൈൽ സേവനദാതാക്കൾ രേഖാമൂലം കഴിഞ്ഞമാസം അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തിയപ്പോൾ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.
അതിനുശേഷം സിബിഐ. അന്വേഷണമാവശ്യപ്പെട്ടു ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കത്ത് നൽകി. ഇതു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയതിനേത്തുടർന്നു ഡൽഹിയിൽ ചർച്ചകൾ നടന്നു. സിബിഐ. അന്വേഷണം ഏറ്റെടുത്താൽ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങൾ കൈമാറാൻ ധാരണയായി. ഇതോടെയാണ് അന്വേഷണനീക്കം വീണ്ടും സജീവമായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഈ ആവശ്യത്തെ ശക്തമായി പിന്തുണയ്ക്കുന്നു. ടിപിയുടെ വധ ഗൂഢാലോചനയിൽ പിണറായിയുടെ പങ്ക് വ്യക്തമാക്കാനുള്ള തെളിവുണ്ടെന്നാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പക്ഷം. നേരത്തെ കോൺഗ്രസിലെ എ ഗ്രൂപ്പുമായി പിണറായി ഒത്തുതീർപ്പുണ്ടാക്കിയെന്നും വാദമുണ്ട്. അതുകൊണ്ട് മാത്രമാണ് അന്വേഷണം പിണറായിയിലേക്ക് എത്താത്തതെന്നാണ് ഇവരുടെ വാദം. ഇത് തെളിയിക്കാനാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ കത്ത് ആയുധമാക്കുന്നത്. സിപിഎമ്മിലെ പ്രമുഖരും ഈ നീക്കത്തിന് പിന്നിലുണ്ടെന്നതാണ് ഏവരേയും അൽഭുതപ്പെടുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായി മുഖ്യമന്ത്രിയാകുന്നത് തടയുകയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. സിപിഐ(എം). കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനൻ ഉൾപ്പെടെ 24 പേരെ കുറ്റവിമുക്തരാക്കി. ഏഴംഗ കൊലയാളിസംഘത്തിന് പുറമേ ഗൂഢാലോചനയിൽ പങ്കാളികളായ മൂന്ന് സിപിഐ(എം). നേതാക്കളും കുറ്റക്കാരാണെന്ന് കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. നാരായണപിഷാരടി കണ്ടെത്തി. ഈ കേസിൽ മൊത്തമുണ്ടായിരുന്ന 76 പ്രതികളിൽ 22 പേരെ നേരത്തേ വിട്ടയച്ചിരുന്നു. തുടർന്ന് വിചാരണ നേരിട്ട 36 പ്രതികളിൽ 24 പേരെയാണ് ബുധനാഴ്ച കോടതി കുറ്റവിമുക്തരാക്കിയത്. പി. മോഹനന് പുറമേ, സിപിഐ(എം). ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടിൽ കെ.കെ. കൃഷ്ണൻ, സിപിഐ(എം). കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം ചെറുപറമ്പ് കൃഷ്ണനിവാസിൽ ജ്യോതി ബാബു എന്നിവരെയും കോടതി വിട്ടയച്ചു. പൊലീസ് അന്വേഷണത്തിലെ വീഴ്ചയാണ് ഇതിന് കാരണമെന്നാണ് വിമർശനം. ഈ സാഹചര്യത്തിലാണ് സിബിഐയ്ക്ക് വേണ്ടി ആവശ്യം ഉയർന്നത്.
2012 മെയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സിപിഐ(എം). വിമതനും റവലൂഷണറി മാർക്‌സിസ്റ്റ് നേതാവുമായ ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ കൊലയാളി സംഘാംഗങ്ങൾ. ഇവർക്കു പുറമേ സിപിഐ(എം). പാനൂർ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തൻ, കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം ജയസുര വീട്ടിൽ കെ.സി. രാമചന്ദ്രൻ, കടുങ്ങോൻപൊയിൽ ബ്രാഞ്ച് സെക്രട്ടറി ട്രൗസർ മനോജ് എന്നിവരെയും മാഹി പള്ളൂർ വലിയപുത്തലത്ത് വീട്ടിൽ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, ചൊക്ലി മാരാംകുന്നുമ്മൽ വീട്ടിൽ എം.കെ. പ്രദീപൻ എന്ന ലംബു പ്രദീപൻ എന്നിവരെയും കുറ്റക്കാരായി കോടതി കണ്ടെത്തി.
വടകര മേഖലയിൽ സിപിഎമ്മിന് ഭീഷണിയായി മാറിയ ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കാനുള്ള നീക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു കേരളാ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.