- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ് സർവകലാശാലയിലെ സി.എം. അറ്റ് കാമ്പസ് പരിപാടിയിലേക്ക് പ്രതിഷേധ പരമ്പരകൾ നടത്തിയ 200ഓളംപേർക്കെതിരെ കേസ്; പ്രതിഷേധക്കാരെ തടഞ്ഞത് സംഘർഷത്തിലും ദേശീയ പാത ഉപരോധത്തിലും കലാശിച്ചു
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രി പങ്കെടുത്ത സി.എം. അറ്റ് കാമ്പസ് പരിപാടിയിലേക്ക് പ്രതിഷേധ പരമ്പരകൾ നടത്തിയ കണ്ടാലറിയാവുന്ന 200ഓളംപേർക്കെതിരെ കേസ് രജിസ്റ്റർചെയ്ത തേഞ്ഞിലംപൊലീസ്. ഇന്നു നടന്ന കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സി.എം @ കാമ്പസ് പരിപാടിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലും ദേശീയ പാത ഉപരോധത്തിലും കലാശിച്ചിരുന്നു. ഇതിനെ തുടർന്നാണു വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കെതിരെ പൊലീസ് കേസെടുത്തത്.
യൂത്ത് കോൺഗ്രസ്, എം.എസ്.എഫ്, കെ.എസ്.യു, ക്യാമ്പസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളാണ് മാർച്ച് നടത്തിയത്. മാർച്ചുകൾ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ദേശീയ പാതയിൽ തടഞ്ഞതിനാൽ സമരക്കാർ ഉപരോധത്തിലേക്ക് നീങ്ങുകയും ദേശീയപാതയിൽ രണ്ട് മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ചോദ്യങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് കാംപസ് ഫ്രണ്ട് ക്വസ്റ്റ്യൻ മാർച്ച് നടത്തി. മാർച്ച് പ്രധാന ഗേറ്റിനു സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഫസൽ പുളിയാറക്കൽ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചോദ്യങ്ങളോട് വിമുഖത പുലർത്തുന്ന, മാധ്യമങ്ങളെ ഭയക്കുന്ന, പ്രതിഷേധങ്ങളോട് മുഖം തിരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് വിദ്യാർത്ഥി വിരുദ്ധവും സ്വേച്ഛാധിപത്യപരവുമാണെന്നും വിദ്യാഭ്യാസ മേഖലയിലെ സവർണ സംവരണവും മലബാറിനോടുള്ള അവഗണനയും ഉദ്യാഗസ്ഥ അട്ടിമറിയുമടക്കമുള്ള വിഷയങ്ങളിലെ ബോധപൂർവമായ വീഴ്ച മറച്ചുവെക്കാനാണ് ചോദ്യങ്ങളനുവദിക്കാതെയുള്ള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി സംവാദമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് അർഷഖ് ശർബാസ് അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഷാനൂരി സ്വാഗതം പറഞ്ഞ പരിപാടിയിൽ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അർഷദ് ആരിഫ് നന്ദി പറഞ്ഞു.കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ സെക്രട്ടറി തമീം ബിൻ ബക്കർ, മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഹാസിൻ മഹ്സൂൽ, മലപ്പുറം വെസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി യാസിർ വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്ക് സംരഭകത്വര വേണം - മുഖ്യമന്ത്രി
വിദ്യാർത്ഥികൾ തൊഴിലന്വേഷകരാകാതെ തൊഴിൽ ദാതാക്കളാകണമെന്നും അതിനവർക്കു വേണ്ടത് സംരംഭകരാകാനുള്ള അഭിനിവേശമാണെന്നും ഇതിനായി സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ സി.എം. അറ്റ് കാമ്പസ് പരിപാടിയിൽ, കാലിക്കറ്റ്, മലയാളം, കലാമണ്ഡലം, കാർഷിക സർവകലാശാലകളിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ ആശയങ്ങൾ തേടുന്നത് അവ നടപ്പിലാക്കാനാണ്. നല്ല നിർദ്ദേശങ്ങൾ സർക്കാരിന്റെ നയപരിപാടികളുടെ ഭാഗമാക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും സർവകലാശാലകളുടെ പരാധീനതകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വിദ്യാർത്ഥികൾക്ക് പുറത്തു പോകാതെ ഇവിടെത്തന്നെ നല്ല കോഴ്സുകൾ പഠിക്കാൻ സൗകര്യങ്ങളുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് സർവകലാശാലകളിൽ നിന്നുള്ള 200-ലധികം വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി സംവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ആമുഖപ്രഭാഷണം നടത്തി.
3000 കോടി രൂപയാണ് ഈ വർഷത്തെ ബജററിൽ ഉന്നതവിദ്യാഭ്യാസ മേഖലക്കായി നീക്കി വെച്ചതെന്നും വിജ്ഞാന വിസ്ഫോടനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് വി സി. ഡോ. എം.കെ. ജയരാജ്, കാർഷിക സർവകലാശാല വി സി. ഡോ. ചന്ദ്രബാബു, മലയാളം സർവകലാശാല വി സി. ഡോ. അനിൽ വള്ളത്തോൾ, കാലിക്കററ് പ്രൊ-വി സി. ഡോ. എം. നാസർ, സിണ്ടിക്കേറ്റ് അംഗങ്ങൾ, ജി.എസ്. പ്രദീപ്, അഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു. നവകേരളം യുവകേരളം പരിപാടിയുടെ ഭാഗഗമായാണ് സി.എം. അറ്റ് കാമ്പസ് നടന്നത്.