- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കയിലേക്ക് പറക്കും മുമ്പൊരു കോൾ; അനുനയ നീക്കത്തിന്റെ ഭാഗമായി ഗവർണറെ രണ്ടുവട്ടം ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; പിന്നാലെ ചാൻസലറായി തുടരണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടുള്ള കത്തും; ഇനി പന്ത് ആരിഫ് മുഹമ്മദ് ഖാന്റെ കോർട്ടിൽ
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തീരാൻ കളം ഒരുങ്ങുന്നു. ചാൻസലറായി തുടരണമെന്നഭ്യർഥിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് കത്ത്.
അനുനയ നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ ഫോണിൽ വിളിച്ചു. ഗവർണറുമായി മുഖ്യമന്ത്രി രണ്ടു തവണ ഫോണിൽ സംസാരിച്ചു. പിന്നീടു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനെ പ്രത്യേക ദൂതനായി ഗവർണറുടടെ അടുത്തേയ്ക്ക് അയച്ചു കത്തു കൈമാറി. സർവകലാശാലകളുടെ ചാൻസലറായി തുടരണമെന്ന് അഭ്യർത്ഥിച്ചുള്ള കത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർക്കു കൈമാറിയത്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നാലാമത്തെ കത്താണിത്.
സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി, മൂന്ന് കത്ത് മുഖ്യമന്ത്രി അയച്ചിരുന്നതായി നേരത്തേ ഗവർണർ വ്യക്തമാക്കിയിരുന്നു. ചാൻസലർ പദവിയിൽ തുടരുന്ന കാര്യത്തിൽ എന്തു വേണമെന്നു താൻ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ ആലോചിക്കാനുണ്ടെന്നുമാണ് ഗവർണർ മുൻപു നൽകിയ മറുപടി.
വെള്ളിയാഴ്ച ഉച്ചയോടെ ഗവർണറെ ഫോണിൽ വിളിച്ചു ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ വിശദമായി അറിയിച്ചു. വ്യാഴാഴ്ച കൊച്ചിയിലായിരുന്ന ഗവർണറെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു സംസാരിച്ചു തുടങ്ങിയതോടെയാണു മഞ്ഞുരുകി തുടങ്ങിയത്. തുടർന്നാണ് ഇന്ന് വിളിച്ചു വിശദമായി സംസാരിച്ചത്.
പിന്നീടാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനെ ദൂതനായി കത്തുമായി അയച്ചത്. വിദേശത്തു നിന്നു മടങ്ങിയെത്തിയ ശേഷം വിശദമായി സംസാരിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ചാൻസലർ സ്ഥാനത്തു തുടരണമെങ്കിൽ അമിത രാഷ്ട്രീയ ഇടപെടൽ പാടില്ലെന്ന വാശിയിലാണ് ഗവർണർ. എന്നാൽ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ നേരിൽ കണ്ടില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തേ പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ ഗവർണറെ സന്ദർശിച്ചു വിദേശ സന്ദർശന വിഷയം അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ഗവർണറെ അറിയിക്കണമെന്നു ചട്ടമൊന്നുമില്ല.
രണ്ടാഴ്ചയോളം നീളുന്ന ചികിത്സയ്ക്കായി ശനിയാഴ്ച പുലർച്ചെയാണ് പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോകുന്നത്. പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിയിലെത്തി അവിടെ നിന്നുള്ള കണക്ഷൻ ഫ്‌ളൈറ്റിൽ യുഎസിലേക്കു പോകുമെന്നാണു യാത്രാ വിവരം. ഇതിനായി വൈകുന്നേരത്തോടെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു മുഖ്യമന്ത്രി യാത്ര തിരിച്ചു. ഭാര്യ കമല, പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും ഒപ്പമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ