തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇനി സഞ്ചരിക്കുക കറുത്ത ഇന്നോവയിൽ. അദ്ദേഹത്തിന്റെ വാഹന വ്യൂഹവും വൈകാതെ കറുപ്പിലേക്ക് മാറും. നേരത്തെ വെള്ള നിറത്തിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ യാത്ര ചെയ്തിരുന്ന മുഖ്യമന്ത്രി ഇനി മുതൽ കറുത്ത ഇന്നോവ ക്രിസ്റ്റയിലായിരിക്കും യാത്ര ചെയ്യുക.

മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ശുപാർശയിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറ്റാൻ തീരുമാനമായത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറ്റുന്നതിന് പുറമെ അദ്ദേഹത്തിന്റെ സുരക്ഷാ വ്യൂഹത്തിലേയും വാഹനങ്ങൾ മാറ്റുന്നുണ്ട്. കാലങ്ങളായി മുഖ്യമന്ത്രിയും സുരക്ഷാ വ്യൂഹവും വെള്ള കാറുകളാണ് ഉപയോഗിച്ചു വരുന്നത്. രാത്രി ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ കൂടുതൽ സുരക്ഷിതം എന്ന് വിലയിരുത്തലിൽ പല രാഷ്ട്രത്തലവന്മാരും കറുത്ത കാറുകളാണ് ഉപയോഗിക്കുന്നത്. ഇത് കണക്കിലെടുത്ത് ബെഹ്റ മുന്നോട്ട് വെച്ച നിർദ്ദേശത്തിലാണ് വാഹനങ്ങളുടെ നിറം മാറ്റാൻ തീരുമാനമായത്.

സെപ്റ്റംബർ 23ന് തന്നെ ഇതിനായി പൊതുഭരണ വകുപ്പ് അംഗീകാരം നൽകിയിരുന്നു. പുതിയ കാറുകൾ വാങ്ങാൻ പൊലീസിന് സ്‌പെഷ്യൽ ഫണ്ട് എന്ന നിലയിൽ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. പുതുതായി വരുന്ന കാറുകളിൽ മൂന്ന് ഇന്നോവ ക്രിസ്റ്റകളും ഒരു ടാറ്റ ഹാരിയാറുമാണ് ഉണ്ടാവുക.

മുൻപ് ഉപയോഗിച്ചിരുന്ന നാല് വർഷം പഴക്കമുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മാറ്റിയത്. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാൽ കാറുകൾ മാറ്റണം എന്നായിരുന്നു സർക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാർശ.

പുതുവർഷത്തിൽ തലസ്ഥാനത്തെത്തിയ ആദ്യ ദിവസമാണു മുഖ്യമന്ത്രി യാത്ര പുതിയ കാറിലേക്കു മാറ്റിയത്. മുഖ്യമന്ത്രിയുടെ കാറൊഴിച്ച് അകമ്പടി വാഹനങ്ങളെല്ലാം ഇപ്പോൾ പഴയ വെളുത്ത വണ്ടികളാണ്. വരും ദിവസങ്ങളിൽ അവയും മാറി കറുപ്പാകും.