- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ തലത്തിൽ വാർത്തയായിട്ടും വിനു വി ജോണിനെതിരായ കേസിനെ കുറിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ല! പൊലീസ് എടുത്ത കേസ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി; പ്രത്യേകം എഴുതി നൽകിയാൽ പരിശോധിക്കാമെന്നും മറുപടി; കേരളത്തിലെ മാധ്യമ വേട്ടയെ കുറിച്ച് ഉരിയാടാൻ മടിച്ച് പിണറായി
തിരുവനന്തപുരം: ദേശീയ തലത്തിലെ മാധ്യമ വേട്ടകൾക്കെതിരെ പ്രതികരിക്കാൻ മടി കാണാക്കാത്ത പിണറായി വിജയൻ സ്വന്തം പാർട്ടിക്കാരും പൊലീസും നടത്തുന്ന വേട്ടയാടൽ സമീപനങ്ങളെ കുറിച്ച് മൗനത്തിലാണ്. സിപിഎമ്മിന്റെ കണ്ണിൽ കരടായ മാധ്യമ പ്രവർത്തകനാണ് വിനു വി ജോൺ. ശക്തിയുക്തം തന്റെ വാദങ്ങൾ നിരത്തുന്ന വ്യക്തിത്വം. അദ്ദേഹം ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചു കൊണ്ട് അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതേക്കുറിച്ചുള്ള വാർത്തകൾ ദേശീയ തലത്തിൽ പോലും ചർച്ചയാകുകയും ചെയ്തു. എന്നിട്ടും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് അദ്ദേഹത്തിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി. ജോണിനെതിരെ പൊലീസ് എടുത്ത കേസ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരാരെങ്കിലും പ്രത്യേകം എഴുതി നൽകിയാൽ പരിശോധിക്കാമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഐ.എം നേതാവ് എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് ഏഷ്യനെറ്റ് അവതാരകൻ വിനു വി. ജോണിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നത്. എളമരം കരീം നൽകിയ പരാതിയിൽ ആണ് കേസ്.
ടി.വി. ചാനൽ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂർവം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി. ജോൺ പ്രവർത്തിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ, ഇത് തീർത്തും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് താനും. കഴിഞ്ഞ ദേശീയ പണിമുടക്കിനിടെ തിരൂരിൽ ഓട്ടോ ഡ്രൈവറായ യാസറിനെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി പണിമുടക്ക് അനുകൂലികൾ മർദിച്ചിരുന്നു. ഇതിനെക്കുറിച്ച് ഇളമരം കരീമിന്റെ പ്രതികരണമിതായിരുന്നു. മാസങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരന്നു ഇത്. അന്ന് റോട്ടിലിറങ്ങിയിട്ട് എന്നെ പിച്ചി മാന്തി എന്നൊക്ക പറഞ്ഞുവരികയാണെന്നായിരുന്നു. ഇതിന് അന്നേദിവസത്തെ ചാനൽ ചർച്ചക്കിടെ വിനുവിന്റെ പ്രതികരണം വിവാദമായിരുന്നു.
'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണം ആയിരുന്നു എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു, അപ്പോൾ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ'. എന്നായിരുന്നു വിനുവിന്റെ പ്രതികരണം.
ഇതിന് പിന്നാലെ വിനു വി. ജോണിനെതിരെ വ്യാപകമായി രീതിയിൽ പോസ്റ്ററുകൾ അദ്ദേഹത്തിന്റെ വീടിനമുന്നിലും തിരുവനന്തപുരം നഗരത്തിലും പ്രത്യക്ഷപ്പെടുകയും ഏഷ്യാനെറ്റിലേക്ക് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതേസമയം വിനു വി ജോണിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കേരള പത്രപ്രവർത്തക യൂണിയനും രംഗത്തുവന്നിരുന്നു.
വാർത്താചർച്ചക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനു വി. ജോണിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് യൂണിയൻ അധ്യക്ഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. ഇത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി മാത്രമല്ല. ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന ഓരോരുത്തരും ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തേണ്ടതുണ്ടെന്നും യൂണിയൻ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ബി.ജെ. പി മു ൻ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്നതിന് പ്രതികാര നടപടിക്കിരയായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച വാർത്ത പുറത്തുവരുമ്പോൾ തന്നെയാണ് രാജ്യത്തെ ഏറ്റവും പ്രബുദ്ധ ജനതയെന്നു സ്വയം ഊറ്റംകൊള്ളുന്ന മലയാളികളുടെ നാട്ടിൽ പ്രമുഖ മാധ്യമ പ്രവർത്തകനെ പൊലീസ് കേസിൽ കുടുക്കിയ വാർത്ത പുറത്തുവന്നതും. അഹിതകരമായ ശബ്ദങ്ങൾ കലാപാഹ്വാനങ്ങളായി മുദ്രകുത്തപ്പെടുന്നു. അപ്രിയകരമായ വാർത്തകൾക്കു നേരെ കലാപാഹ്വാനം നടത്തുന്നവർക്കെതിരെയാണ് യഥാർഥത്തിൽ പൊലീസ് കേസെടുക്കേണ്ടതെന്നുമായിരുന്നു കെയുഡബ്ല്യജെ അഭിപ്രായപ്പെട്ടത്.
മറുനാടന് ഡെസ്ക്