- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാൽ സർക്കാർ അംഗീകരിക്കില്ല; ജനങ്ങളുടെ ന്യായമായ എതിർപ്പുകളെ അംഗീകരിക്കും; കെ റെയിൽ ഇക്കാലത്തല്ലെങ്കിൽ പിന്നെ എപ്പോൾ നടക്കുമെന്നും മുഖ്യമന്ത്രി
കാസർകോഡ്: കെ റെയിൽ പദ്ധതിക്കെതിരെയുള്ള എതിർപ്പുകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ഒരു പദ്ധതി ആവശ്യമാണെങ്കിൽ അത് നടപ്പാക്കാനാണ് സർക്കാർ. പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാൽ സർക്കാർ അംഗീകരിക്കില്ല. എന്നാൽ, ജനങ്ങളുടെ ന്യായമായ എതിർപ്പുകളെ അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ പദ്ധതി ഇക്കാലത്തല്ലെങ്കിൽ പിന്നെ എപ്പോൾ നടക്കുമെന്നും പിണറായി ചോദിച്ചു. കാസർകോട്ട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെറെയിൽ പദ്ധതിയിൽനിന്നു പിന്മാറില്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 'നാടിന്റെ വികസനത്തിനെതിരെ പ്രതിപക്ഷം നിൽക്കുകയാണ്. ഇപ്പോൾ വേണ്ട എന്ന് അവർ പറയുന്നു. ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണു ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേ? ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്'-കഴിഞ്ഞ ദിവസം കണ്ണൂരിൽ സിപിഎം സമ്മേളനത്തിൽ സംസാരിച്ചപ്പോൾ മുഖ്യമന്ത്രി വ്യക്തമാക്കി.
ആർ.എസ്.എസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം നടത്തിയാൽ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമാണ് ഉള്ളത്. വർഗീയത പ്രചരിപ്പിച്ച് പാർട്ടി ശക്തിപ്പെടുത്താനാണ് ശ്രമം. എന്നാൽ ഈ വർഗീയതയെ വർഗീയതകൊണ്ട് നേരിടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സിൽവർ ലൈൻ പദ്ധതിയുടമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു. പദ്ധതി വേണമെന്നാണ് സിപിഐ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വിശദാംശം അറിയാത്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വികസന പദ്ധതികൾ ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.കെ റെയിൽ സംസ്ഥാനത്തിനാവശ്യമായ പദ്ധതിയാണ്. എന്നാൽ പദ്ധതി എങ്ങനെ നടപ്പിലായി വരും എന്ന് വ്യക്തതിയില്ല. അതുകൊണ്ട് ആശങ്കകൾ പരിഹരിച്ച് മാത്രമേ സർക്കാർ മുന്നോട്ട് പോകുവെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ