ഷിംല: ഹിമാചലിൽ ബിജെപി സർക്കാരിനെ മുതിർന്ന നേതാവ് ജയ്‌റാം താക്കൂർ നയിക്കും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ജയ്‌റാം താക്കൂറിന് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച താക്കൂറിന്റെ പേര് ഔദ്യോഗികമായി പാർട്ടി പ്രഖ്യാപിക്കും. അഞ്ചു തവണ എംഎൽഎയും മന്ത്രിയുമായ നേതാവാണ് താക്കൂർ. സംസ്ഥാനത്ത് 32 ശതമാനം വരുന്ന താക്കൂർ സമുദായത്തിൽ നിന്നുള്ളയാൾ എന്നതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ യോഗ്യതയായി. സെരാജ് മണ്ഡലത്തിൽനിന്നാണ് ജയ്‌റാം താക്കൂർ വിജയിച്ചത്. കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുടെ വിശ്വസ്തനാണ് ജയ്റാം താക്കൂർ.

കോൺഗ്രസിൽ നിന്ന് ഭരണം തിരിച്ചുപിടിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥി തോറ്റത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പ്രേംകുമാർ ധൂമലിന് പുറമെ പാർട്ടി സംസ്ഥാന അധ്യക്ഷൻ സത്പാൽ സിങ് സട്ടിയും യുവമോർച്ച സംസ്ഥാന അധ്യക്ഷനും പരാജയപ്പെട്ടു. മുൻ സ്പീക്കർ ഗുലാബ് സിങ് താക്കൂറും തോറ്റു.

കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുടെയും മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമലിന്റെയും പേരുകളാണ് തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടത്. ഭിന്നത തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാതിരിക്കാൻ അമിത് ഷാ തന്നെ ധൂമലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പക്ഷേ ഫലം വന്നപ്പോൾ സുജൻപൂരിൽ ധൂമൽ തോറ്റു. അതോടെ നഡ്ഡ ഉൾപ്പടെ മൂന്നു പേരുകളാണ് ബിജെപി നേതൃത്വം പരിഗണിച്ചത്.