തിരുവനന്തപുരം: എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയ പിണറായി വിജയൻ ഇതുവരെ എന്തെല്ലാം കാര്യങ്ങൾ ശരിിയാക്കി? യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ ബാറുകൾ തുറന്നും സ്വാശ്രയ മാനേജ്‌മെന്റുകൾക്ക് യഥേഷ്ടം ഫീസ് വാങ്ങാൻ അവസരം ഒരുക്കിയും പാറമട മുതലാളിമാർക്ക് അവസരം കൊടുത്തുമൊക്കെ 'എല്ലാം ശരിയാക്കി' എന്നാണ് പ്രതിപക്ഷം പറയുന്ന ആരോപണം. എന്നാൽ, സുപ്രധാന പോസ്റ്റുകളിൽ ഇഷ്ടക്കാരെ തിരുകി കയറ്റാൻ വേണ്ടി നിയമം തെറ്റിക്കുന്ന സർക്കാർ നടപടി സർക്കാറിന്റെ തുടക്കം മുതൽ വിവാദത്തിലായിരുന്നു. മന്ത്രി ഇ പി ജയരാജന്റെ മന്ത്രി സ്ഥാനം തെറിക്കുകയും ആരോഗ്യമന്ത്രി കെ ക ഷൈലജ മന്ത്രിസ്ഥാനം നഷ്ടമാകാതെ രക്ഷപെട്ടത് കഷ്ടിച്ചുമായിരുന്നു. ഇപ്പോഴിതാ വിജിലൻസിനെ നോക്കു കുത്തിയാക്കി റിപ്പോർട്ട് തള്ളിക്കൊണ്ട് മറ്റൊരു സുപ്രധാന നിയമനത്തിനും സർക്കാർ ഒരുങ്ങഉന്നു.

ആരോഗ്യമന്ത്രിയുടെ തീരുമാനം മാറ്റിവെച്ച് വിജിലൻസ് ക്ലിയറൻസ് ഇല്ലാത്ത ഉദ്യോഗസ്ഥനെ ഡ്രഗ്‌സ് കൺട്രോളറാക്കാൻ നീക്കം നടക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനത്തിരുന്നപ്പോൾ ചടുലമായി പ്രവർത്തിച്ചിരുന്ന വിജിലൻസ് ഇപ്പോൾ തൂവലു പോലുമില്ലാതെ കൂട്ടിലടച്ച തത്തയാണെന്നാണ് ആരോപണം. വിജിലൻസിനെ ഒരു കാര്യത്തിലും വിശ്വാസത്തിൽ എടുക്കാതെയാണ് സർക്കാറിന്റെ പോക്കെന്ന ആരോപണങ്ങൾക്ക് കരുത്തു പകരുന്നതാണ് പുതിയ നിയമന നീക്കവും.

ആരോഗ്യമന്ത്രിയെയും മറികടന്ന മുഖ്യമന്ത്രിയുടെ ഓഫീസും ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുമാണ് വിജിലൻസ് ക്ലിയറൻസ് ഇല്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വിജിലൻസ് അനുമതിക്ക് പകരം ഈ ഉദ്യോഗസ്ഥനു വേണ്ടി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുൻകൈയെടുത്ത് തട്ടിക്കൂട്ട് റിപ്പോർട്ടുണ്ടാക്കിയാണ് നിയമന നീക്കമെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

ഇപ്പോൾ ഡ്രഗ്‌സ് കൺട്രോളറുടെ ചുമതലയുള്ള രവി എസ് മേനോന് നിയമനം നൽകാനാണ് വിവാദ നീക്കം. ഡ്രഗ്‌സ് കൺട്രോളറാക്കാൻ പരിഗണിച്ച മൂന്നു ഉദ്യോഗസ്ഥരിൽ രവി എസ്. മേനോന് മാത്രം വിജിലൻസ് ക്ലിയറൻസ് നൽകിയിരുന്നില്ല. ഇദ്ദേഹത്തിനെതിരെ നിലവിൽ വിജിലൻസ് കേസുകൾ ഉണ്ടായിരുന്നു എന്നതായിരുന്നു തടസത്തിന് കാരണം. ഇതേ പട്ടികയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ക്ലിയറൻസ് ലഭിക്കുകുയം ചെയ്തു. എം.ആർ പ്രദീപ്, മോളിക്കുട്ടി എന്നിവരാണ് ഇവർ.

രവി മേനോന്റെ വിജിലൻസ് ക്ലിയറൻസ് പ്രശ്‌നം മറികടക്കാൻ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി നേരിട്ടിറങ്ങി. ഡപ്യൂട്ടി സെക്രട്ടറി ജയിംസ് രാജിനെക്കൊണ്ട് അന്വേഷണം നടത്തി മേനോന് ക്ലീൻ ചിറ്റ് തരപ്പെടുത്തി. പട്ടികയിൽ നിന്ന് പുറത്തായ രവി എസ് മേനോനെ നിയമനപടികയിൽ തിരികെയെത്തിച്ചു. ഇതിന് ശേഷം ഫയൽ ആരോഗ്യമന്ത്രിക്ക് കൈമാറി.

എന്നാൽ എം.ആർ പ്രദീപിനെ ഡ്രഗ്‌സ് കൺട്രോളറക്കാമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ തീരുമാനം. ഫയൽ ഈ മാസം ആറിന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെങ്കിലും ഇതുവരെ തീരുമാനമായില്ല. അഡിഷണൽ എ.ജിയുടെ നിയമോപദേശം തേടാനാണ് ഇപ്പോഴത്തെ ആലോചന. ജനുവരി 20ന് തുടങ്ങിയ ഫയൽ നീക്കമാണ് ഇപ്പോഴും എങ്ങുമെത്താതെ നിൽക്കുന്നത്. ഇഷ്ടക്കാരനെ ഇരുത്താനുള്ള കളികളാണ് ഈ മെല്ലപ്പോക്കിന് കാരണമെന്നാണ് ആരോപണം.