തിരുവനന്തപുരം: സ്വർണ കടത്ത് കേസിൽ പ്രതിയായ എം.ശിവശങ്കർ ഐഎഎസിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവശങ്കർ ഐഎഎസിന്റെ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം ഉയർത്തിയ വിവാദങ്ങൾ അദ്ദേഹം തള്ളി.

സർവീസിൽ തുടരുന്ന എം ശിവശങ്കറിന് പുസ്തകമെഴുതാൻ അനുമതിയുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അതെല്ലാം സാങ്കേതികം മാത്രമാണെന്നും വിഷയം സർക്കാർ പരിശോധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. ശിവശങ്കറിന്റെ പരാമർശങ്ങളെ കുറിച്ചും അതിനൊട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പ്രതികരണങ്ങളെ കുറിച്ചുമുള്ള മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളെ പുസ്തകത്തിലുള്ളത് മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി പ്രതിരോധിച്ചത്.

ശിവശങ്കറിന്റെ പുസ്തകത്തിലെ ഉള്ളടക്കം വേദനിപ്പിച്ചവരുടെ പ്രതികരണം സ്വാഭാവികം മാത്രമാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളും മാധ്യമലോകവും ചേർന്ന് ചില പരിപാടികൾ നടത്തി. മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെ ശക്തമായ ആരോപണങ്ങളാണ് ശിവശങ്കർ ഉന്നയിച്ചത്. സ്വന്തം അനുഭവമാണ് ശിവശങ്കർ ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മാധ്യമങ്ങൾ ചില കാര്യങ്ങൾ വ്യാഖ്യാനിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ പിന്നാലെ ആയിരുന്നു പുസ്തകത്തിന് അനുമതിയുണ്ടോ എന്നുള്ളത് സാങ്കേതികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

'പുസ്തകം എഴുതാൻ ഇടയായതിനെ കുറിച്ച് ശിവശങ്കർ തന്നെ വ്യക്താക്കിയിട്ടുണ്ട്. പുസ്തകത്തിൽ ചില കാര്യങ്ങളെ കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ നിലയെ കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജൻസികളുടെ നിലപാടിനെ കുറിച്ചാണ്. സ്വാഭാവികമായും ആ വിമർശനത്തിന് ഇരയായവർക്ക് ഉണ്ടാകുന്ന ഒരുതരം പ്രത്യേക പക ഉയർന്നുവരും. അത് അതേരീതിയിൽ വന്നു എന്നാണ് മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞത്. അത് തന്നെയാണ് തനിക്കും പറയാനുള്ളത്.'- മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

'നിങ്ങൾക്കുണ്ടാകുന്ന വിഷമം എനിക്ക് മനസ്സിലാകും. നിങ്ങളെ കുറിച്ചല്ലേ അതിൽ അധികവും പറഞ്ഞിട്ടുള്ളത്. നിങ്ങൾ ചെയ്ത കാര്യങ്ങൾ അനുഭവിച്ച ഒരാൾ തുറന്നു പറയുമ്പോൾ നിങ്ങൾക്കതിന്റെ രോഷമുണ്ടാകും. ഇത്തരം കാര്യങ്ങളിൽ നിങ്ങൾക്കിനിയും ചിന്തിക്കാൻ കഴിയണം.'-മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു.

അയാളുടെ അനുഭവങ്ങളാണ് അയാൾ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥന് പുസ്തകം എഴുതാമോ പറ്റില്ലയോ എന്ന് സാങ്കേതിക കാര്യമാണ്. അത് സർക്കാർ പരിശോധിക്കും. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ളത് അവർ തമ്മിലുള്ള കാര്യമാണ്. അതുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കേണ്ട കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.