കോഴിക്കോട്: കണ്ണൂർ-തിരുവനന്തപുരം വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ചതിനെ ചൊല്ലിയുള്ള കോലാഹലം ഇനിയും അടങ്ങിയിട്ടില്ല. പ്രതിഷേധിക്കാൻ കയറുന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ അറിഞ്ഞെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശരിവച്ചു.

സുരക്ഷാ ജീവനക്കാരാണ് മുഖ്യമന്ത്രിയെ വിവരം അറിയിച്ചതെന്ന് കോടിയേരി പറഞ്ഞു. യാത്രക്കാരെന്ന നിലയിൽ ആരെയും തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കിയതെന്നും കോടിയേരി പ്രതികരിച്ചു. തിങ്കളാഴ്ച കോഴിക്കോട് സിപിഐ എം പുറമേരി ലോക്കൽ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യവേയാണ് കോടിയേരിയുടെ വെളിപ്പെടുത്തൽ.

കോടിയേരിയുടെ വാക്കുകൾ: 'ഏറ്റവും ഒടുവിൽ നടന്ന സംഭവം ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താം. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വിവിധ ജില്ലകളിലെ പര്യടനം പൂർത്തിയാക്കി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനത്തിൽ കയറി. മുഖ്യമന്ത്രിയുടെ കൂടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുണ്ട്. മുഖ്യമന്ത്രി വിമാനത്താവളത്തിൽ എത്തി വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ അവിടെയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർ മുഖ്യമന്ത്രിക്കുള്ള സന്ദേശം കൊടുത്തു. യാത്രക്കാരുടെ കൂട്ടത്തിൽ കയറാൻ പോകുന്നവരിൽ മൂന്ന് പേർ സംശയിക്കപ്പെടേണ്ടവരാണ്. അവർ ഈ വിമാനത്തിൽ കയറിയതിന് പിന്നിൽ ദുരൂഹതയുണ്ട് എന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.

അവർ വിമാനത്തിൽ കയറുന്നത് തടഞ്ഞു നിർത്താം എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു, 'യാത്രക്കാരെന്ന നിലയിൽ അവരെ എന്തിനാണ് തടഞ്ഞുനിർത്തുന്നത്, അവർ ആരെങ്കിലും ആയിക്കൊള്ളട്ടെ, അവർ യാത്രക്കാരല്ലേ. കയറട്ടേ അവർ കയറട്ടേ, തടഞ്ഞുവെയ്ക്കേണ്ടതില്ല' എന്ന് പറഞ്ഞു. മുഖ്യമന്ത്രി കയറിയ വിമാനത്തിൽ അവരും കയറി. വിമാനത്തിന്റെ മുൻഭാഗത്താണ് അവർക്ക് സീറ്റ് കിട്ടിയത്. മുഖ്യമന്ത്രിയുടെ സീറ്റ് പിറക് ഭാഗത്താണ്. വിമാനം പുറപ്പെട്ടപ്പോൾ ഇവർ ഒന്ന് രണ്ടാളുകൾ ടോയ്ലറ്റിൽ പോകാനെന്ന വ്യാജേന പിൻഭാഗത്തേക്ക് വന്നു. മുഖ്യമന്ത്രി ഇരിക്കുന്ന ഇരിപ്പിടം അവർ ശ്രദ്ധിച്ചൊന്ന് നോക്കി. ആ സമയത്ത് എന്തോ വായിച്ചുകൊണ്ടിരുന്ന സമയമായിരുന്നതുകൊണ്ട് മുഖ്യമന്ത്രി അതൊന്നും ശ്രദ്ധിച്ചില്ല.

എന്നാൽ വിമാനം തിരുവനന്തപുരത്ത് ഇറങ്ങാറായപ്പോൾ ഈ ആളുകൾക്ക് പെട്ടെന്നൊരു ധൃതി. പിൻഭാഗത്തേക്ക് വരാൻ. സാധാരണഗതിയിൽ വിമാനം നിർത്തി കുറച്ചു കഴിഞ്ഞിട്ടാണ് ഇങ്ങോട്ടൊക്കെ വരാനായി സമ്മതിക്കുന്നത്. വിമാനം നിർത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങി. വളരെ വേഗത്തിൽ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ജയരാജനും ആളുകളും അദ്ദേഹത്തെ തടഞ്ഞു. അപ്പോൾ ജയരാജനെ കൈയേറ്റം ചെയ്യാൻ ഒരു ശ്രമമുണ്ടായി. അപ്പോഴേക്കും മുഖ്യമന്ത്രി ഇറങ്ങി.മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തിച്ചേരാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ അവർ മുദ്രാവാക്യം വിളി ആരംഭിച്ചു.

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് തന്നെ ചോദ്യം ചെയ്തിരുന്നെന്ന് എയർപോർട്ട് പൊലീസ് പറഞ്ഞിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനേത്തുടർന്നായിരുന്നു ഇത്. തിരുവനന്തപുരം ആർസിസിയിൽ ബന്ധുവിനെ കാണാൻ പോകുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മറുപടി നൽകി. വിമാന ടിക്കറ്റ് കാണിക്കുകയും ചെയ്തു. സംശയിക്കപ്പെടുന്നവർ വിമാനത്തിൽ കയറുന്നുണ്ടെന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും പൊലീസ് പറയുകയുണ്ടായി.