- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസുകാരെ വളഞ്ഞിട്ട് തല്ലുമ്പോൾ അവർ അതിന് എതിരെ പ്രതികരിക്കും; സഹപ്രവർത്തകനെ വളഞ്ഞിട്ട് ക്രൂരമായി തല്ലി; നിലത്തുവീണിട്ടും ക്രൂരമായി മർദ്ദിച്ചു; അപ്പോഴും സംയമനത്തോടെയാണ് പൊലീസ് പെരുമാറിയത്; സെക്രട്ടേറിയറ്റ് നടയിൽ കെ എസ് യു സമരത്തിലെ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നും ആരോപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുൻപിൽ ഇന്നുണ്ടായ തെരുവുയുദ്ധത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. പൊലീസും കെഎസ് യു പ്രവർത്തകരും ഏറ്റുമുട്ടിയപ്പോൾ നിരവധിപ്പേർക്ക് പരുക്കേറ്റിരുന്നു. സെക്രട്ടേറിയറ്റിന് മുൻപിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം. മുൻകൂട്ടി ആസൂത്രണം ചെയ്തത് അനുസരിച്ചാണ് അക്രമം നടത്തിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചു. സ്വാഭാവികമായി പൊലീസുകാർ പ്രതികരിച്ചു. എങ്കിലും പ്രശ്നം വഷളാവാതിരിക്കാൻ പൊലീസ് സംയമനം പാലിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. റീബിൽഡ് കേരള പദ്ധതി അനുസരിച്ച് നിർമ്മിച്ച 1000 റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ നടത്തുന്ന വികസന, ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. സാമൂഹ്യവിരുദ്ധ രീതിയിലേക്ക് പ്രക്ഷോഭത്തെ മാറ്റാനാണ് അവർ ശ്രമിക്കുന്നത്. ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഇതിന്റെ പ്രത്യക്ഷമായ ഒരു ഉദാഹരണമാണ് കണ്ടത്. മുൻകൂട്ടി പ്ലാൻ ചെയ്തതനുസരിച്ചാണ് പ്രവർത്തിച്ചത്. വലിയ ആക്രമണമാണ് പ്ലാൻ ചെയ്തത്. പ്രധാനപ്പെട്ട ഒരു നേതാവ് ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടനം ചെയ്തത് ആക്രമണം നടത്താനുള്ള അനുമതിയായാണ് അനുയായികൾ കണ്ടത്. പ്ലാൻ ചെയ്തത്് അനുസരിച്ച് ആക്രമണം നടത്തുന്നതാണ് തിരുവനന്തപുരത്ത് കണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസുകാരെ അവർ ആക്രമിച്ചു. പൊലീസുകാർ എന്തു തെറ്റാണ് ചെയ്തത്?. പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് കണ്ടത്. സെക്രട്ടേറിയറ്റ് നടയിൽ ചിലരുടെ അഴിഞ്ഞാട്ടമാണ് നടന്നത്. വളഞ്ഞിട്ട് തല്ലുമ്പോൾ സ്വാഭാവികമായി പൊലീസുകാർ അതിന് എതിരെ പ്രതികരിക്കും. ഇത് വലിയ പ്രശ്നമായി മാറ്റാമെന്നാണ് അവർ കരുതിയത്. എന്നാൽ അനിതര സാധാരണമായ ആത്മസംയമനം പാലിച്ച് പ്രശ്നം വഷളാവാതെ പൊലീസ് നോക്കി. സഹപ്രവർത്തകനെ വളഞ്ഞിട്ട് ക്രൂരമായി തല്ലി. നിലത്തുവീണു. എന്നിട്ടും ക്രൂരമായി മർദ്ദിച്ചു. അപ്പോഴും സംയമനത്തോടെയാണ് പൊലീസ് പെരുമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ജനങ്ങളുടെ മനസ് കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ