- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കോവിഡ് രോഗവ്യാപനം കുറയുന്ന പ്രവണത; ഒരാഴ്ച കൊണ്ട് 5.8 ശതമാനം കുറവ്; ഐസിഎംആർ മാതൃകയിൽ സംസ്ഥാനത്ത് സെറോ പ്രിവലൻസ് പഠനം തുടങ്ങിയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ രോഗവ്യാപനം കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി. വ്യാഴാഴ്ച വന്ന കണക്കനുസരിച്ച് ഒരേസമയം ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 60,178 ആണ്. ഇതേ ദിവസം കഴിഞ്ഞ ആഴ്ചയിൽ 63,915 രോഗികളാണുണ്ടായിരുന്നത്. 3,737 രോഗികളുടെ കുറവാണുണ്ടായത്. ഏകദേശം 5.8 ശതമാനം കുറവാണ് ഒരാഴ്ച കൊണ്ടുണ്ടായത്.ഐസിഎംഎർ മാതൃകയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും സെറോ പ്രിവലൻസ് പഠനം സർക്കാർ തുടങ്ങിയതായി പിണായി വിജയൻ പറഞ്ഞു.
ഐസിഎംആറിന്റെ സെറൊ പ്രിവലൻസ് പഠനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മുമ്പ് വിശദീകരിച്ചതാണ്. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറച്ച് രോഗികൾ ഉണ്ടായിട്ടുള്ളത് എന്ന് വസ്തുനിഷ്ഠമായി അവരുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്.
ഐസിഎംആർ നടത്തിയ പ്രിവലൻസ് പഠനത്തിൽ ഒരു സംസ്ഥാനത്തെയും മുഴുവൻ ജില്ലകളും പഠനവിധേയമാക്കാറില്ല. അത് അവരെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. അതിനാൽ കേരളത്തിലെ എല്ലാ ജില്ലകളിലും സെറൊ പ്രിവലൻസ് പഠനം സർക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായ സാമ്പിൾ കളക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. പഠനത്തിന്റെ അന്തിമഫലങ്ങൾ വൈകാതെ ലഭ്യമാകും. കേരളത്തിലുണ്ടായ കോവിഡ് വ്യാപനത്തെക്കുറിച്ച് വളരെ സമഗ്രമായ ചിത്രം ലഭിക്കാൻ ഈ പഠനം സഹായിക്കും.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗവ്യാപനം കുറഞ്ഞ തോതിലും, കാലതാമസമെടുത്തും ആണ് കേരളത്തിൽ ഉണ്ടായതെങ്കിലും, കഴിഞ്ഞ കുറച്ചു മാസങ്ങളിൽ അതിനു മുമ്പുള്ള മാസങ്ങളേക്കാൾ കൂടിയ നിരക്കിൽ രോഗം വ്യാപിച്ചു എന്ന് നാം കണ്ടതാണ്.
നമ്മുടെ നിയന്ത്രണങ്ങളിൽ ഉണ്ടായ ഇളവുകൾ അതിനു കാരണമായിട്ടുണ്ടാകാം. അക്കാര്യത്തിൽ വ്യക്തിപരവും സാമൂഹികവും ആയ സുരക്ഷിതത്വത്തെ മുൻനിർത്തി കർശനമായ ജാഗ്രത പുലർത്താനുള്ള ഉത്തരവാദിത്വം നാമോരുത്തരും ഏറ്റെടുക്കണം. രോഗം പിടിപെടാത്ത ഒരുപാടാളുകൾ കേരളത്തിലുള്ളതിനാൽ, ഈ നിയന്ത്രണങ്ങൾ പാലിക്കാതെ നമുക്ക് മുമ്പോട്ടുപോകാൻ ആകില്ല.
രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗങ്ങളിലൊന്നാണ് വാക്‌സിനേഷൻ. വാക്‌സിനേഷൻ സർക്കാർ തലത്തിൽ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് അത് സ്വീകരിക്കാൻ എല്ലാവരും സന്നദ്ധരാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ അനാവശ്യമായ ആശങ്കകൾ ഉണ്ടാകേണ്ടതില്ല. വാക്‌സിനേഷൻ കൂടുതൽ വേഗത്തിൽ എല്ലാവർക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തി വരികയാണ്. ഇതുമായി കേന്ദ്രസർക്കാരിനെയും ബന്ധപ്പെടുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ