തിരുവനന്തപുരം: നികുതി വെട്ടിപ്പ് തടയാൻ കർശന പരിശോധന നടത്താനുള്ള തീരുമാനത്തിൽ വ്യപാരികൾ പ്രതിഷേധിച്ചതോടെ വിശദീകരണവുമായി മുഖ്യമന്ത്രി. സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി ഉന്നതലയോഗത്തിൽ ആരാഞ്ഞിരുന്നു.ഇതും വ്യാപാരികളെ ചൊടിപ്പിച്ചു.

എന്നാൽ, പരിശോധന വ്യാപകമാക്കുന്നത് വ്യാപാരികൾക്കെതിരെയുള്ള നീക്കമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനു കിട്ടേണ്ട നികുതി കുറയുന്നതിനാലാണ് തീരുമാനം. ഏതു കൂട്ടത്തിലും ചില ആളുകൾ കാണും. ചില സ്വർണ വ്യാപാരികൾ നികുതി അടയ്ക്കാതെ നിൽക്കുന്നുണ്ട്. നികുതി കൃത്യമായി അടയ്ക്കുന്നവർക്കു പ്രശ്‌നമില്ല. അല്ലാത്തവർക്ക് അങ്കലാപ്പ് ഉണ്ടായിട്ടുണ്ട്. നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നു സർക്കാർ നടത്തുന്ന പരിശോധനയിൽ വ്യക്തമാക്കും. കാര്യങ്ങൾ പരിശോധിക്കുന്നതിനാണ് സ്വർണക്കടകളിൽ സിസിടിവി വയ്ക്കുന്നതും ജിഎസ്ടി ഓഫിസുമായി ബന്ധിപ്പിക്കുന്നതും. അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. സ്വർണക്കടയിൽ അല്ലാതെ വീട്ടിൽ സ്വർണം വിൽക്കുന്ന രീതിയുണ്ട്. സർക്കാരിനു ലഭിക്കേണ്ട നികുതി അപ്പോൾ ഒഴിവാകുകയാണ്.

ആരാണ് ഇങ്ങനെ ചെയ്യുന്നതെന്നു പരിശോധിക്കും. ഇത്തരത്തിലുള്ള സ്വർണം കണ്ടെടുക്കും. സർക്കാരിന്റെ നികുതിവിഹിതം കിട്ടുന്നത് ഉറപ്പുവരുത്താനാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കാനും വിൽപന നികുതി ഇന്റലിജൻസ് ശക്തിപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. വ്യാപകമായ തോതിൽ നികുതി വെട്ടിപ്പു നടക്കുന്ന പശ്ചാത്തലത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. നികുതി വെട്ടിപ്പ് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാനായി ഇന്ന് ഉന്നതതല യോഗവും ചേർന്നിരുന്നു.

നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളിൽ കർശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഇൻസന്റീവ് നൽകണം. വലിയ സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞു. നികുതി പിരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഇൻസന്റീവ് നൽകുന്ന കാര്യം പരിഗണനയിലാണ്.

ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശർമിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമ്മീഷണർ രത്തൻ ഖേൽക്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം സ്വർണ്ണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനു പിന്നാലെ, എതിർപ്പുമായി സ്വർണവ്യാപാരികൾ രംഗത്തെത്തി. ശത്രുതാ മനോഭാവത്തോടെയാണ് ഉദ്യോഗസ്ഥർ വ്യാപാരികളോട് പെരുമാറുന്നത്. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനമാണ് കേരളത്തിലുള്ളത്. സർക്കാർ ഇടപെട്ട് ഇതിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

സ്വർണ്ണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, സ്വർണ്ണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ പറയുന്നു. ജിഎസ്ടി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇപ്പോൾ തന്നെ പൂർണ്ണമായും സ്വർണ്ണക്കടകളിൽ മാത്രമാണ്. സ്വർണ്ണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, പൊലീസ് രാജ് ഈ മേഖലയിൽ നടപ്പിലാക്കാനുള്ള നീക്കമാണെന്നും അസോസിയേഷൻ പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു.

നികുതി വരുമാന കുറവിന്റെ പേരിൽ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപിക്കാനുള്ള നീക്കം അപലപനീയമാണ്. കോവിഡ് സാഹചര്യങ്ങളിൽ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.