തിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി കൊലപാതകം കേരള പൊലീസിനും സർക്കാരിനും എതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തുന്നതിനിടെ പൊലീസ് പൗരാവകാശത്തിന് മേൽ കുതിര കയറരുതെന്ന താക്കീതുമായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചില പൊലീസുകാർ സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നു എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഇതിന് കാരണക്കാരെന്ന് ആരോപണം നേരിടുന്ന റൂറൽ ടൈഗർ ഫോഴ്‌സ് എസ്‌പി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണവും ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായത്. അതിനിടെ, സംഭവത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ സ്ഥാനക്കയറ്റം തടഞ്ഞതായ വിവരവും പുറത്തുവന്നു.

അടക്കം വിവിധ കേസുകളിലായി അന്വേഷണവും സസ്‌പെൻഷനും നേരിടുന്ന 10 പൊലീസ് ഇൻസ്‌പെക്ടർമാരുടെ സ്ഥാനക്കയറ്റം പരിഗണിക്കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ച കൂട്ടത്തിൽ ക്രിസ്റ്റിൻ സാമും ഉൾപ്പെട്ടിട്ടുണ്ട്. സിഐയിൽനിന്നും ഡിവൈഎസ്‌പിയായുള്ള സ്ഥാനക്കയറ്റ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനായിരുന്നു ക്രിസ്പിൻ.എന്നാൽ ഇതിനിടെ ശ്രീജിത്ത് കേസിൽ സസ്‌പെൻഷൻ നേരിട്ടതോടെയാണ് ക്രിസ്പിനും പട്ടികയിൽ ഇടംപിടിച്ചത്. ഇനി കേസിന്റെ നടപടികൾ പൂർത്തിയായാലേ ക്രിസ്പിന് സ്ഥാനക്കയറ്റം ഉണ്ടാകൂ. തെളിവുകൾ എതിരായാൽ ശിക്ഷിക്കപ്പെടുകയും ചെയ്യും.

പുതിയ സ്ഥലംമാറ്റം, സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങിയതിന് ഒപ്പമാണ് 10 ഇൻസ്‌പെക്ടർമാരുടേയും പേരെടുത്തു പറഞ്ഞുള്ള ഉത്തരവ് വന്നിട്ടുള്ളത്. ഇൻസ്‌പെക്ടർ റാങ്കിലുള്ള സി.രാജപ്പൻ, എം.ആർ. മധുബാബു, സി.എം. ദേവദാസൻ, എം.ജി. സാബു, ടി.ബി. വിജയൻ, പ്രകാശൻ പി.പടന്നയിൽ, ടി.പി. ശ്രീജിത്ത്, അബ്ദുൽ റഹിമാൻ, എം.ഐ. ഷാജി എന്നിവരാണ് സ്ഥാനക്കയറ്റം തടയപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ.

വരാപ്പുഴ ദേവസ്വംപാടം ഷേണോയിപ്പറമ്പിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിഐ ക്രിസ്പിൻ ഉൾപ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. വരാപ്പുഴ എസ്‌ഐ: ജി.എസ്.ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീർ, സീനിയർ സിപിഒ സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ശ്രീജിത്തിനെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്ത എആർ ക്യാമ്പിലെ പൊലീസുകാരായ സന്തോഷ്‌കുമാർ, സുമേഷ്, ജിതിൻ രാജ് എന്നീ ടൈഗർ ഫോഴ്‌സ് അംഗങ്ങളെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഇന്നുതന്നെ റൂറൽ ടൈഗർ ഫോഴ്‌സിനെയും ഇല്ലാതാക്കുന്ന തീരുമാനവും പുറത്തുവന്നിരുന്നു. ആലുവ റൂറൽ എസ്‌പി എ വി ജോർജിന്റെ കീഴിലാണ് ഈ ടീം പ്രവർത്തിച്ചിരുന്നത്. എസ്‌പിയാണ് ഇതുസംബന്ധിച്ച് പ്രത്യേക തീരുമാനമെടുത്തത്. ഫോഴ്സ് അംഗങ്ങളായ മുന്ന് എആർ ക്യാമ്പ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിന്റെ മരണത്തെ തുടർന്ന കടുത്ത വിമർശനം ഉണ്ടായതോടെ സസ്പെൻഡ് ചെയ്യപ്പെട്ടത്. കസ്റ്റഡിമരണം സംബന്ധിച്ച് അന്വേഷിക്കുന്ന ഐ.ജി എസ് ശ്രീജിത്ത് വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി മൊഴിയെടുക്കുകയും ശ്രീജിത്തിന്റെ വീട്ടിലെത്തി അമ്മയുടേയും ഭാര്യയുടേയും മൊഴിയെടുക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ നടപടികൾ ഉണ്ടായത്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ടൈഗർ ഫോഴ്സ് തന്നെ വേണ്ടെന്നും ഇതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും കണ്ടെത്തി പുതിയ നടപടി എസ് പി സ്വീകരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗർ ഫോഴ്‌സായിരുന്നു. ഇവരുടെ മർദ്ദനത്തെത്തുടർന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണമുയർന്നത്. ഇതിനെ സാധൂകരിക്കുന്ന മൊഴികൾ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരിൽ നിന്നും ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഫോഴ്‌സ് പിരിച്ചുവിടാനുള്ള തീരുമാനം.ടൈഗർ ഫോഴ്‌സ് അംഗങ്ങളെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് എസ്‌പി തീരുമാനം അറിയിച്ചത്. അംഗങ്ങളോട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെപ്പോവാനും നിർദ്ദേശിച്ചു.