കോട്ടയം; മണ്ഡല കാലത്ത് ശബരിമലയിൽ ക്യാംപ് ചെയ്തു യുവതി പ്രവേശത്തെ തടയാൻ ആരെയും അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീപ്പിരി കാണിച്ചാൽ ചൂളുന്ന സർക്കാരല്ല ഇപ്പോഴുള്ളത്. അവകാശത്തിന്റെ പേരിൽ ചിലർ പ്രഖ്യാപനങ്ങൾ നടത്തുന്നതു കാണുന്നുണ്ട്. പ്രഖ്യാപനത്തിനു മറുപടി മറുപ്രഖ്യാപനമല്ല മറിച്ചു ശക്തമായ നടപടിയാണെന്നു പിണറായി വിജയൻ പറഞ്ഞു.

ബിജെപിക്ക് ആളെക്കൂട്ടുന്ന പണിയാണ് ഇപ്പോൾ കോൺഗ്രസ് ചെയ്യുന്നത്. രണ്ടു വള്ളത്തിലും കാൽ വച്ചിട്ടുള്ള ചില കോൺഗ്രസുകാരാണ് ഈ നിലപാടിനു പിന്നിൽ. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മതനിരപേക്ഷ നിലപാടു തള്ളുന്നതു കോൺഗ്രസിനെ നശിപ്പിക്കും. അനാചാരങ്ങൾക്കെതിരെ നേരത്തേ സമരം നടന്നപ്പോഴും യാഥാസ്ഥിതികർ എതിർത്തിരുന്നു. നായർ കുട്ടികൾക്ക് അവരുടെ നമ്പൂതിരിയായ അച്ഛനെ തൊടാൻ പോലും അവകാശമുണ്ടായിരുന്നില്ല.  ആർത്തവ കാലത്തു സ്ത്രീകൾക്കു വീടിനു പുറത്തു കഴിയേണ്ടി വന്നു. മന്നത്തു പത്മനാഭൻ അടക്കമുള്ള മുൻഗാമികൾ നടത്തിയ നവോഥാന സമരത്തെ എതിർത്തിരുന്നെങ്കിൽ കേരളം എവിടെ എത്തുമായിരുന്നു എന്നോർക്കണം മുഖ്യമന്ത്രി വ്യക്തമാക്കി.

കോട്ടയം നാഗമ്പടത്തു ഇടതു മുന്നണി വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. ആർഎസ്എസിനെയും ബിജെപിയെയും വിമർശിച്ച പിണറായി പന്തളം രാജകുടുംബത്തെയും തന്ത്രി കുടുംബത്തെയും ആക്രമിച്ചില്ല. വിധി മറികടക്കാൻ നിയമ നിർമ്മാണം നടത്താൻ കഴിയില്ലെന്ന് അറിവുള്ള സംഘപരിവാർ ശബരിമലയെ കലാപഭൂമിയാക്കുന്നു. ശബരിമലയിൽ ജാതിമത വ്യത്യാസം പണ്ടേയില്ല. എല്ലാ ജാതിമതസ്ഥർക്കും കടന്നു ചെല്ലാവുന്ന ആരാധനാലയമാണിത്. അതിനാൽ ആർഎസ്എസിന് ശബരിമല പണ്ടേ താത്പര്യമില്ല. ആർഎസ്എസ് എപ്പോഴും സവർണമേധാവിത്വം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണെന്നും പിണറായി പറഞ്ഞു.

സന്നിധാനത്തു കലാപമുണ്ടാക്കാൻ പരിശീലനം നൽകിയ ക്രിമിനലുകളെ ആർഎസ്എസ് നിയോഗിച്ചു. ഭരണഘടനയേക്കാൾ മുകളിലാണു വിശ്വാസമെന്ന ആർഎസ്എസ് നിലപാട് ബാബറി മസ്ജിദ് അടക്കമുള്ള ആരാധാനലായങ്ങളിലേക്കു വലിച്ചു നീട്ടിയാൽ എന്തു സംഭവിക്കുമെന്നു ന്യൂനപക്ഷങ്ങൾ ചിന്തിക്കണം.മാധ്യമങ്ങൾ ഇത്രയധികം ആക്രമിക്കപ്പെട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. പരിശീലനം കിട്ടിയ ക്രിമിനലുകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശബരിമലയിലേക്ക് കൊണ്ടുവന്നു

ആർഎസ്എസിന്റെ ചതിയിൽപെടാതെ മതനിരപേക്ഷ മനസുള്ളവർ തെറ്റു തിരുത്തണം. പുരുഷനും സ്ത്രീക്കും തുല്യ അവകാശമാണെന്ന എൽഡിഎഫ് നിലപാടു വ്യക്തമാക്കാനാണ് സത്യവാങ്മൂലം മാറ്റി നൽകിയത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സർക്കാർ നടപ്പാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യ ആരാധന സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഭരണഘടനയുടെ മൗലിക തത്വം കണക്കിലെടുത്താൽ ഇത് നിഷേധിക്കാനാവില്ല. എന്നാൽ വിശ്വാസമാണ് പ്രധാനമെന്നാണ് ബിജെപി സ്വീകരിക്കുന്ന നിലപാട്. മൗലീക അവകാശത്തിന് വിരുദ്ധമാണ് ഈ തത്വമെന്ന് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് കണ്ടെത്തി. സുപ്രീംകോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു

കോട്ടയത്ത് വൻ ജനാവലിക്ക് മുന്നിലാണ് മുഖ്യമന്ത്രി ഇന്ന് വിശദീകരണത്തിൽ പ്രസഗിച്ചത്. പരിപാടി തുടങ്ങുന്നിന് മുൻപ് തന്നെ നാഗമ്പടം മൈദാനം നിറഞ്ഞിരുന്നു. പരിപാടി തുടങ്ങി മുഖ്യമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതിന് ശേഷവും മൈദാനത്തിന് ഉള്ളിലേക്ക് കടക്കാൻ ആളുകൾക്ക് കഴിയാത്ത വിധം തിരക്കായിരുന്നു. എതിർകക്ഷികൾ വളഞ്ഞിട്ട് ാക്രമിക്കുമ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഉറച്ച നിലപാടുമായി പാർട്ടി അണികൾ നിൽക്കുന്നത് വലിയ ആത്മവിശ്വാസം തന്നെയാണ് പകരുക.