തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം കൊണ്ട് 5 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത വർഷം ഒന്നരലക്ഷം വീടുകൾ നിർമ്മിച്ച് നൽകും. അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും. സാമൂഹ്യപെൻഷനുകൾ 2,500 രൂപയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വികസനത്തെ വിവാദത്തിൽ മുക്കാനുള്ള ശ്രമത്തെ ജനങ്ങൾ തോൽപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരി റെയിൽ പൂർത്തിയാക്കുമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും. 1500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.

കൊച്ചി പാലക്കാട് -മംഗലാപുരം -വ്യവസായ ഇടനാഴി വികസിപ്പിക്കും. ഫാർമസ്യൂട്ടിക്കൽ ഹബ്ബായി കേരളം മാറുമെന്നും പിണറായി പറഞ്ഞു. ഒരുവിവേചനവും ഇല്ലാതെ സംസ്ഥാനത്ത് സമാധാനം പുലരണമെന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് നിയമസഭ ഇന്ന് പ്രമേയം പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോർജാണ് പ്രമേയം അവതരിപ്പിച്ചത്. കോവിഡ് മഹാമാരിയെ ഉന്മൂലനം ചെയ്യുന്ന ലക്ഷ്യത്തിന് എല്ലാ തലത്തിലുള്ള സർക്കാരുകളും പരമപ്രാധ്യാന്യത്തോടെ പ്രർത്തിച്ചെങ്കിൽ മാത്രമേ സാധിക്കൂവെന്നും ഇതിന് ഏറ്റവും പ്രധാനമായത് സാർവത്രികമായ വാക്സിനേഷനാണെന്നും മന്ത്രി പറഞ്ഞു.

വാക്സിൻ എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാകണമെങ്കിൽ വാക്സിൻ സൗജന്യവും സാർവത്രികവുമായി നൽകാൻ കഴിയണം. വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക എന്നതാണ് ഇപ്പോഴത്തെ അടിയന്തരമായ കടമയെന്നും മന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

വാക്സിൻ ഉൽപാദനത്തിലെ കുറവും, വാക്സിന് ലോകത്താകെയുള്ള ആവശ്യക്കാരുടെ എണ്ണവും മുത്തലടുത്ത് പരമാവധി സാമ്പത്തിക ചൂഷണം നടത്താനാണ് വാക്സിൻ ഉൽപ്പാദന കമ്പനികൾ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ ഉടമസ്ഥതയിലെ പൊതുമേഖലയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസിങ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്സിൻ നിർമ്മാണം ആരംഭിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ പരിഗണിക്കണം.

വാക്സിനേഷനുമായി ബന്ധപ്പെട്ട് സർക്കാർ ചിലവഴിക്കുന്ന തുക വൃഥാവിലാണെന്ന കാഴ്ചപ്പാടല്ല വേണ്ടത്. ജനജീവിതം സാധാരണ നിലയിലാവുകയും വാണിജ്യ വ്യാപാര സേവനരംഗങ്ങൾ സ്വാഭാവികത വീണ്ടെടുക്കുകയും പെയ്യുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ കൈപിടിച്ചുയർത്താൻ കഴിയും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് ഇടപെടാൻ കേന്ദ്ര സർക്കാരിന് കഴിയണം.

മുൻകാലങ്ങളിൽ മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ സൗജന്യമായി നൽകുക എന്നത് ഒരു നയമായി ഇന്ത്യ സ്വീകരിച്ചിരുന്നു. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമായ നടപടികളാണ് ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകുന്നത്. കേന്ദ്രസർക്കാർ വാക്സിൻ സൗജന്യമായി നൽകുന്നതിനു പകരം സംസ്ഥാനങ്ങളോട് കമ്പോളങ്ങളിൽ മത്സരിക്കാനാണ് ഇപ്പോൾ നിർദ്ദേശിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സംസ്ഥാനങ്ങൾ പ്രത്യേകമായി വാക്സിൻ വാങ്ങുന്നതിനു പകരം കേന്ദ്ര സർക്കാർ ആഗോള ടെണ്ടറിലൂടെ രാജ്യത്തിനാകെ വാക്സിൻ വാങ്ങാൻ നടപടിയെടുത്താൽ അത് രാജ്യത്തിനുണ്ടാക്കുന്ന സാമ്പത്തിക ലാഭം ചെറുതായിരിക്കില്ല.

കേരളത്തിൽ കോവിഡ് വാക്സിൻ ആവശ്യക്കാർക്ക് ഫലപ്രദമായ രീതിയിൽ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ട്. അതിനാൽ വാക്സിൻ ലഭ്യമായാൽ ഈ രോഗത്തെ പ്രതിരോധിക്കാൻ തീർച്ചയായും കഴിയുമെന്നും വീണാ ജോർജ് പറഞ്ഞു. മന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്താങ്ങി പ്രതിപക്ഷനേതാവ് വി ഡി സതീശനും സംസാരിച്ചു.