തിരുവനന്തപുരം: മലബാർ സിമന്റ്‌സ് എന്ന കമ്പനിയോടും അവിടുത്തെ ജീവനക്കാരോടും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പാർട്ടിക്കും അൽപ്പം താൽപ്പര്യം കൂടുതലുണ്ടോ? ഈ സംശയം പലരും പലതവണ ഉന്നയിച്ചതാണ്. ഇതിന് കാരണം മലബാർ സിമിന്റ്‌സ് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പില ഉദ്യോഗസ്ഥർക്കും സിപിഎം നേതാക്കൾക്കുമെതിരെ സർക്കാറോ പാർട്ടിയോടെ കാര്യമായി നടപടികൾ എടുക്കാത്ത സംഭവമാണ്. അത്തരത്തിൽ മലബാർ സിമന്റ്‌സിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥർ അനർഹമായി ആനുകൂല്യങ്ങളുടെ കൈപ്പറ്റിയതിന്റെ പേരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൈക്കൊണ്ട നടപടി മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയതോടെ മലബാർ സിമന്റ്‌സ് ഉദ്യോഗസ്ഥരോടുള്ള പിണറായിയുടെ പ്രത്യേക താൽപ്പര്യം ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കിടയിലും വീണ്ടും ചർച്ചയായി.

സംസ്ഥാന സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന കോൺഗ്രസ് സംഘടനയുടെ നേതാവ് അടക്കം മൂന്ന് പേരെ സസ്‌പെന്റ് ചെയ്യാൻ മന്ത്രി ജി സുധാകരൻ കൈക്കൊണ്ട നടപടി മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്തിയതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ക്രമക്കേട് വ്യക്തമായ സാഹചര്യത്തിലാണ് മന്ത്രി നടപടിക്ക് ശുപാർശ ചെയ്തതെങ്കിലും ആദ്യം അന്വേഷണം നടക്കട്ടെ, അതിന് ശേഷം മാത്രം മതി നടപടിയെന്ന ഉത്തരവുമായി മുഖ്യമന്ത്രിയുടെ ഓഫിസ് ഫയൽ മടക്കുകയായിരുന്നു.

സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷനിലെ ക്രമവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ടാണു മന്ത്രി സസ്‌പെൻഷൻ നിർദ്ദേശിച്ചത്. കോൺഗ്രസ് സംഘടനായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റും പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ കെ.കെ.ശ്രീലാൽ, കൺസ്ട്രക്ഷൻ കോർപറേഷനിലെ ക്ലാർക്ക് ആരതി നായർ, ചീഫ് ഇന്റേണൽ ഓഡിറ്റ് ഓഫിസർ എൻ.രാജേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്യാനായിരുന്നു നിർദ്ദേശം. കോർപറേഷൻ സെക്രട്ടറിയായി ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുകയാണ് ശ്രീലാൽ.

മലബാർ സിമന്റ്‌സിൽ നിന്നു ഡപ്യൂട്ടേഷനിലാണ് ആരതി കോർപറേഷനിൽ എത്തിയത്. ഇവർക്ക് മലബാർ സിമന്റസ് ജീവനക്കാർക്കു ലഭിക്കുന്ന അതേ എക്‌സ്‌ഗ്രേഷ്യയും ഇൻസെന്റീവും കോർപറേഷനിൽ നിന്നു നൽകാൻ ശ്രീലാൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് തന്നെ രഹസ്യമായിട്ടായിരുന്നു. കോർപറേഷന്റെ ഫിനാൻസ് മാനേജരെയും മാനേജിങ് ഡയറക്ടറെയും അറിയിക്കാതെയാണ് ഈ ഉത്തരവ് ഇറങ്ങിയത്. ഇതോടെ ക്രമവിരുദ്ധമായി പണം കൈപ്പറ്റുന്നവരായ മാറി ഊ ഉദ്യോഗസ്ഥർ. അതിന് ഉത്തവരാദികളായ മൂന്നുപേർക്കുമെതിരെ നടപടിയെടുക്കണമെന്നും എംഡി സർക്കാരിനു റിപ്പോർട്ട് നൽകി.

തുടർന്നു ശ്രീലാലിന്റെ ഡപ്യൂട്ടേഷൻ റദ്ദാക്കി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ മന്ത്രി സുധാകരൻ ഉത്തരവിട്ടു. ഇതു പൊതുഭരണ വകുപ്പിൽ എത്തിയപ്പോൾതന്നെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വിളിപ്പിച്ചു. തുടർന്നാണ് ആരെയും സസ്‌പെൻഡ് ചെയ്യേണ്ടതില്ലെന്നും അന്വേഷണം മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചത്. പൊതുമരാമത്തു വകുപ്പിലെ അഡീഷനൽ സെക്രട്ടറി സുപ്രഭയ്ക്കാണ് അന്വേഷണ ചുമതല. അതേസമയം ആരോപണ വിധേയരിൽ ചിലർ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരെ സ്വാധീനിച്ചാണ് ഈ നടപടി മരവിപ്പിച്ചതെന്ന ആക്ഷേപവും ശക്തമാണ്.

സാലറി ചലഞ്ചിനോട് അടക്കം അനുകൂലമായാല്ല കോൺഗ്രസ് സംഘടനാ നേതാക്കൾ പ്രതികരിക്കുന്നത്. ഈ സാഹചര്യത്തിൽ ജി സുധാകരന്റെ ഉത്തരവിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിരുത്തിയതിൽ സുധാകരന് കടുത്ത എതിർപ്പുണ്ട്. പൊതുമരാമക്ക് വകുപ്പിൽ അഴിമതിയും കെടുകാര്യസ്ഥതയും യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടുകാരനാണ് സുധാകരൻ. അദ്ദേഹത്തെയാണ് മുഖ്യമന്ത്രി തിരുത്താൻ ശ്രമിക്കുന്നത്. എന്തായാലും ഇപ്പോഴത്തെ നിലയിൽ നടപടി തൽക്കാലം സ്ഥലം മാറ്റത്തിൽ ഒതുക്കാനാണ് നീക്കം.