- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധീരജ് രാജേന്ദ്രന്റെ കൊലപാതകം ദുഃഖകരവും അപലപനീയവും; കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എം എം മണിയും; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് എസ്എഫ്‌ഐ
തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗം കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തെ അപലപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പൊലീസിനു നൽകിയിട്ടുണ്ട്. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഎം നേതാവ് എം.എം മണി എംഎൽഎ ആരോപിച്ചു. കോൺഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇടുക്കിയിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്.
സംഘർഷമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം.എം മണി പറഞ്ഞു. കോളേജിൽ സംഘർഷമുണ്ടായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസും ആവർത്തിച്ചു. പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവരാണ് കൊലപാതകം നടത്തിയത്. നിഖിൽ പൈലി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്നും അദ്ദേഹം പറഞ്ഞു. നെഞ്ചിൽ കുത്തേറ്റാണ് ധീരജ് മരിച്ചത്.
അതേസമയം അക്രമത്തിന് പിന്നിൽ പുറത്തു നിന്നെത്തിയ ക്രിമിനൽ സംഘമുണ്ടെന്ന് എസ്എഫ്‌ഐ പ്രവർത്തർ ആരോപിക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ്എഫ്‌ഐ നേതൃത്വം അറിയിച്ചു. കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്- ക്രമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച സിപിഎം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യനും പറഞ്ഞു.
ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായ സത്യന്റെ വാഹനത്തിലായിരുന്നു കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്ഥലത്ത് നിന്നും നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്നും സത്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ നെഞ്ചിലാണ് കുത്തേറ്റതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി വിദ്യാർത്ഥിയല്ല. പുറത്തുനിന്നുള്ള സംഘമെത്തിയാണ് കുത്തിയതെന്നും സത്യൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിൽ സംഘർഷമൊന്നും ഇതുവരെയും ഉണ്ടായിരുന്നില്ലെന്നും സത്യൻ വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ