- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ചെത്തുകാരന്റെ മകനാണ് ഞാനെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്; 'എന്റെ മൂത്ത ജ്യേഷ്ഠൻ ചെത്തുകാരനായിരുന്നു'; 'രണ്ടാമത്തെ ജ്യേഷ്ഠനും അറിയാമായിരുന്നു'; 'ഒരു അഭിമാനമുള്ള കാര്യമായാണ് ഞാൻ കാണുന്നത്'; 'കെ.സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം'; അധിക്ഷേപിച്ചതായി കരുതുന്നില്ല; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചെത്തുകാരന്റെ മകനായതിൽ അപമാനമില്ലെന്നും അഭിമാനം മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുധാകരൻ തന്നെ ആക്ഷേപിച്ചതായി കരുതുന്നില്ലെന്നും പരാമർശത്തിൽ അപമാനമോ ജാള്യതയോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തന്റെ അച്ഛനും സഹോദരനും ചെത്തുതൊഴിലാളികൾ തന്നെയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'തെറ്റായ കാര്യമായി ഞാൻ കാണുന്നില്ല. ചെത്തുകാരന്റെ മകനാണ് ഞാനെന്നത് ഞാൻ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ മൂത്ത ജ്യേഷ്ഠൻ ചെത്തുകാരനായിരുന്നു. അദ്ദേഹം ഏകദേശം ആരോഗ്യമുള്ളിടത്തോളം വരെ ചെത്തുകാരനായി തന്നെ ജീവിച്ചിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠനും ചെത്തുതൊഴിൽ അറിയാമായിരുന്നു. പക്ഷെ, അദ്ദേഹം പിന്നെ ബേക്കറി ജോലിയിലേക്കാണ് മാറിയത്. അതായിരുന്നു എന്റെ കുടുംബപശ്ചാത്തലം. അപ്പൊ അത്, ഒരു അഭിമാനമുള്ള കാര്യമായാണ് ഞാൻ കാണുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

'യഥാർത്ഥത്തിൽ കർഷകരുടെ കുടുംബമാണ്. ചെത്തുതൊഴിലാളിയുടെ മകനെന്നത് ഏതെങ്കിലും തരത്തിൽ അപമാനമായി കാണുന്നില്ല.'-മുഖ്യമന്ത്രി പറയുന്നു.സുധാകരൻ ബ്രണ്ണൻ കോളേജിൽ പഠിക്കാൻ വന്ന കാലം തൊട്ട് തനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് തന്നെയും അറിയാവുന്നതാണെന്നും ചെത്തുകാരന്റെ മകൻ എന്നുവിളിച്ചുകൊണ്ട് അദ്ദേഹം തന്നെ ആക്ഷേപിച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതെങ്ങനെയാണ് ആക്ഷേപമായി വരികയെന്നും താൻ ചെത്തുകാരന്റെ മകൻ തന്നെയാണല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മറ്റേതെങ്കിലും ദുർവൃത്തിയിൽ ഏർപ്പെട്ട മകനാണെന്ന് അത് ജാള്യതയായി വരുമെന്നും ആ പ്രശ്നം ഇവിടെയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിനെ വിമർശിക്കുന്നത് കാലത്തിന് ചേരുന്നതല്ല. എന്നെ അറിയുന്നവർക്ക് താൻ എന്തുജീവിതമാണ് നയിക്കുന്നതെന്ന് വ്യക്തമായി അറിയാം. മാറിയ കാലത്തെക്കുറിച്ച് അറിയാതെയാണ് ചിലരുടെ പരാമർശം. തന്റേത് ആഡംബര ജീവിതമാണോയെന്ന് നാടിന് നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഹുജനങ്ങളിൽ നിന്ന് പിരിവ് നടത്തുന്നവർ സുതാര്യത പുലർത്തണം. ചിലർ മറിച്ച് കാര്യങ്ങൾ നടത്താറുണ്ടെന്ന് നേരത്തേയും ആക്ഷേപം ഉയർന്നതാണ്. പരാതികളുയർന്നാൽ സർക്കാരിന് പരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് ലീഗിന്റെ ഫണ്ട് പിരിവ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞത്.


