കൊച്ചി: സ്വകാര്യനിക്ഷേപം മാത്രം ആശ്രയിച്ചല്ല വികസനം സാധ്യമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലയെ ഉപയോഗപ്പെടുത്തിയും പരമ്പരാഗതമേഖലയെ നവീകരിച്ചുമാണ് വികസനം സാധ്യമാക്കേണ്ടതെന്നും ബിപിസിഎൽ വിൽപനയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ബി.പി.സി.എല്ലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ബിപിസിഎൽ വിൽപനയ്ക്കുള്ള നടപടികൾ കേന്ദ്രതലത്തിൽ പുരോഗമിക്കുന്നതിനിടെയാണ് പിണറായി കേരളത്തിന്റെ നയം വ്യക്തമാക്കിയത്. നാലര വർഷത്തിനിടെ കേരളത്തിൽ വ്യവസായ വളർച്ചയ്ക്കാണു കേരളം ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.

കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്ന എല്ലാ പദ്ധതികളും കേരളവും കേന്ദ്രവും തമ്മിൽ ഒരുമിച്ചു പ്രവർത്തിച്ചതിന്റെ മികച്ച ഉദാഹരണമാണ്. ജനജീവിതം മെച്ചപ്പെടുത്താൻ സഹകരണ ഫെഡറലിസം എങ്ങനെ സഹായിക്കുമെന്നു വ്യക്തമാക്കുന്നതാണ് ഇത്. കേന്ദ്ര പദ്ധതികളുമായി സഹകരിക്കാൻ കേരളം എല്ലായിപ്പോഴും തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്രോകെമിക്കൽ പദ്ധതികൾക്കായി കോടിക്കണക്കിനു രൂപയാണു ചെലവഴിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ കൊച്ചിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉടൻ സ്വകാര്യ മേഖലയ്ക്കു വിറ്റഴിക്കാനിരിക്കുന്ന കമ്പനിയിൽ വൻതുക ചെലവഴിക്കുന്നതുകൊണ്ട് എന്താണു പ്രയോജനമെന്ന ചോദ്യത്തിന്, പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) വികസനത്തിനു സഹായിക്കുമെന്നായിരുന്നു മറുപടി.

റിഫൈനറിയിലെ പോപ്പിലിൻ ഡെറിവേറ്റിവ്‌സ് പെട്രോകെമിക്കൽ സമുച്ചയം രാജ്യത്തുതന്നെ പൊതു സ്വകാര്യ മേഖലകളിൽ ആദ്യത്തേതാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളം പിപിപി പദ്ധതികളുടെ വിജയത്തിനു മികച്ച ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചെന്നൈയിൽനിന്ന് നാവിക വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് ഹെലിപാഡിൽ ഇറങ്ങി. തുടർന്ന് കാറിലാണ് അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂൾഗ്രൗണ്ടിൽ നടന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പെട്രാളിയം മന്ത്രി ധർമേന്ദ്ര പ്രധാനും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും വേദിയിലുണ്ടായിരുന്നു.