തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ളവരെ കൈവിടില്ലെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ സ്ഥിരപ്പെടുത്തൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എൽഡിഎഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പി.എസ്.സി നിയമനത്തിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിൽ യാതൊരു തെറ്റുമില്ല. പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടന്നത്. പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ട ആർക്കും അവിടെ നിയമനം നടത്താൻ സാധിക്കില്ല. അവർ അത് ആഗ്രഹിച്ചിട്ടും കാര്യമില്ല. വർഷങ്ങളായി താത്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വച്ച് സ്ഥിരപ്പെടുത്തിയത്.

എന്തോ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചു. നേരത്തെ യുഡിഎഫ് സർക്കാർ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് കാര്യങ്ങളുണ്ട്. ഇതങ്ങനെ ഒരു പ്രശ്നമേയില്ല. പൂർണ്ണമായും പത്ത് വർഷം പൂർത്തിയാക്കിയവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്.

ബോധപൂർവ്വം സർക്കാരിന്റെ നടപടികളെ കരിവാരിതേക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവർക്ക് അവസരം നൽകേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്നങ്ങളെ ഉണ്ടാകൂ, അർഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സർക്കാരും എൽഡിഎഫും കാണുന്നത്.

ജനങ്ങൾ എൽഡിഎഫ് സർക്കാരിനൊപ്പം തന്നെയാണ് നിൽക്കുന്നത്. ജനങ്ങൾ എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയാൽ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് തെറ്റായി ഉപയോഗിക്കുന്ന ആളുകൾക്ക് ഇതൊരു ആയുധം നൽകേണ്ട എന്നുള്ളതുകൊണ്ടാണ് ഇപ്പോൾ ആർക്കും നിയമനം നൽകേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചതിന് കൃത്യമായ മറുപടി സർക്കാർ നൽകും. അതിന് പ്രത്യേക ആശങ്കയുടെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 3051 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 30,000ത്തോളം സ്ഥിരം തസ്തികകൾ സൃഷ്ഠിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. താത്കാലിക തസ്തികകൾ അടക്കം അരലക്ഷത്തോളം തസ്തികകളാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. 24 ജൂനിയർ എച്ച്,എസ്.എസ്.ടി തസ്‌കിക അപ്ഗ്രേഡ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 249 ഒഴിവുകളിലേക്ക് കായികതാരങ്ങളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിൽ 2027 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 1200 എണ്ണം ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ കീഴിലും 300 തസ്തികകൾ ആയുഷ് വകുപ്പിന് കീഴിലുമാണ്. മലബാർ കാൻസർ സെന്ററിന്റെ പ്രവർത്തനത്തിന് 33 തസ്തികകൾ അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ഗസ്സ്‌ട്രോഎന്ററോളജി ഡിപാർട്‌മെന്റ് ആരംഭിക്കും. ഇതിന് അഞ്ച് തസ്തികകൾ അനുവദിക്കുന്നുണ്ട്. 35 എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് വേണ്ടി 151 പുതിയ തസ്തികകൾ സൃഷ്ടിക്കും. ഇതിനു പുറമേ 24 എച്ച്എസ്എസ്ടി ജൂനിയർ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യും. 249 ഒഴിവുകളിലേക്ക് കായികതാരങ്ങളെ നിയമിക്കും.

തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷൂറൻസ് വകുപ്പ് പൊതുമേഖല ഇൻഷൂറൻസ് കമ്പനിയായ യുണൈറ്റഡ് ഇൻഷൂറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.

ആദ്യ മൂന്ന് വർഷത്തേക്കുള്ള പ്രമീയം സർക്കാർ അടക്കും. 250547 വീടുകൾക്കായി 8.74 കോടി രൂപയാണ് മൂന്ന് വർഷത്തക്ക് പ്രീമിയം അടക്കുന്നതിലൂടെ സർക്കാരിന് ചെലവായി വരിക.

മൂന്ന് വർഷം കഴിഞ്ഞാൽ ഗുണഭോക്താവിന് നേരിട്ട് ഇൻഷൂറൻസ് പുതുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലൈഫ് മിഷനിൽ മൂന്നാം ഘട്ടത്തിലെയും അഡീഷണൽ ലിസ്റ്റിലേയും ഗുണഭോക്താക്കൾക്ക് വീടുകൾ നിർമ്മിക്കുന്നതിന് ഹഡ്കോയിൽ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മഖ്യമന്ത്രി പറഞ്ഞു