- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം വിഭാഗത്തിനുള്ള സ്കോളർഷിപ്പിൽ ഒരുകുറവും വരില്ല; ഇപ്പോഴുള്ളതു കിട്ടും; അനുപാതം മാറ്റിയത് ആർക്കും കുറവ് വരാത്ത വിധത്തിൽ; പരാതികളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി; സർക്കാർ തീരുമാനം ആദ്യം സ്വാഗതം ചെയ്ത സതീശൻ ലീഗിന്റെ സമ്മർദ്ദത്താൽ നിലപാട് മാറ്റിയത് ശരിയായില്ലെന്നും പ്രതികരണം
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ ഒരു കുറവും വരില്ലെന്നും ഇപ്പോഴുള്ളതു കിട്ടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിലുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ എല്ലാവരേയും ഒരുപോലെ പരിഗണിച്ച് ജനസംഖ്യാടിസ്ഥാനിൽ സ്കോളർഷിപ്പ് നൽകണമെന്ന കോടതി നിർദ്ദേശം മാനിച്ചാണ് സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം നിശ്ചയിച്ചത്. എല്ലാവിഭാഗത്തിനും സന്തോഷിക്കാവുന്നതാണ് സർക്കാർ തീരുമാനം. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് അടക്കം ആദ്യം സർക്കാർ തീരുമാനം സ്വാഗതം ചെയ്യാൻ തോന്നിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഒരു ആശങ്കയും വേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഒരുപോലെ കാണണമെന്നും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ അനുപാതം തീരുമാനിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആർക്കും കുറവില്ലാതെ അർഹതപ്പെട്ടതു കൊടുക്കുന്നതിൽ എന്താണു പ്രശ്നമെന്നു മുഖ്യമന്ത്രി ചോദിച്ചു. സ്കോളർഷിപ്പിൽ കുറവു വന്നാൽ അതു ചൂണ്ടിക്കാണിച്ചാൽ മനസിലാകും. ഒരു കുറവും വരില്ലെന്നും, പറഞ്ഞതു നടപ്പിലാക്കുന്നവരാണ് ഈ സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗിന്റെ സമ്മർദ്ദത്താൽ പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയത് ശരിയായ കാര്യമല്ല. സർക്കാർ സ്കോളർഷിപ്പ് അനുപാതം മാറ്റിയത് ആർക്കും കുറവ് വരാത്ത വിധമാണ്. ഇതിൽ ആർക്കും യാതൊരു ആശങ്കയും വേണ്ട. ഒരുകുറവും വരില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പറഞ്ഞത് മാറ്റിപറയുന്നവരല്ല, പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ ഇരിക്കുന്നവരാണ് ഞങ്ങളെന്നും സ്കോളർഷിപ്പ് വിവാദത്തിലെ പ്രതിപക്ഷ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
ഒരു വിഭാഗത്തിന് കിട്ടുന്ന സ്കോളർഷിപ്പിൽ കുറവുവരുത്താതെ മറ്റൊരു വിഭാഗത്തിന് അർഹതപ്പെട്ടതുകൊടുക്കുന്നതിന് എന്തിനാണ് മറ്റു ന്യായങ്ങൾ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നിലവിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കിയതോടെ നേരത്തെ ഇക്കാര്യത്തിൽ പ്രശ്നങ്ങൾ ഉന്നയിച്ചവരുടെ പരാതികളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവേചനപരമായി സ്കോളർഷിപ്പ് വിതരണം ചെയ്യാൻ കഴിയില്ലെന്നാണു കോടതി പറഞ്ഞത്. ഇപ്പോൾ കിട്ടുന്നവർക്കു കുറയില്ല. അതോടൊപ്പം പരാതിയുള്ളവർക്കു ജനസംഖ്യാ അടിസ്ഥാനത്തിൽ പരാതി പരിഹരിക്കുകയും ചെയ്യും. എല്ലാവർക്കും സന്തോഷമുള്ള കാര്യമാണത്. അതാണു പ്രതിപക്ഷ നേതാവ് നടപടിയെ സ്വാഗതം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി: 'ഹൈക്കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത് ഈ തരത്തിൽ വിവേചനപരമായി സ്കോളർഷിപ്പ് വിതരണം തുടരാൻ പറ്റില്ലെന്നാണ്. ഇപ്പോൾ നിലനിൽക്കുന്ന ആനുകൂല്യങ്ങളിൽ ആർക്കും കുറവും വരില്ല. പരാതിയുണ്ടായിരുന്നവർ ജനസംഖ്യാനുപാദത്തിൽ ആനുകൂല്യം ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് തന്നെ ആദ്യം ഇക്കാര്യത്തിൽ അഭിനന്ദനം അറിയിച്ച് രംഗത്തു വന്നത്. യാതൊരു ആശങ്കയും ഇക്കാര്യത്തിൽ വേണ്ട. ആർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കുറവ് വരില്ല. പരാതിയുണ്ടായിരുന്ന കൂട്ടരുടെ പരാതി സർക്കാർ പരിഹാരമുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്.
മുസ്ലിം വിഭാഗത്തിന് സഹായം വേണമെന്നതിൽ തർക്കമില്ല. അത് നേരത്തെ വ്യക്തമായ വസ്തുതയാണ്. ഇക്കാര്യത്തിൽ ആശങ്ക വേണ്ട, ഒരു കുറവും വരില്ല. ഹൈക്കോടതി ചൂണ്ടിക്കാണിച്ച കാര്യം ന്യൂനപക്ഷങ്ങളെ എല്ലാവരെയും ഒരു പോലെ കാണണമെന്നാണ്. ഒരു കൂട്ടർക്ക് കിട്ടുന്നതിൽ കുറവ് വരാതെ മറ്റൊരു കൂട്ടർക്ക് അർഹതപ്പെട്ടത് നൽകുന്നതിൽ എന്താണ് തെറ്റ്.
പ്രതിപക്ഷ നേതാവിനെ തിരുത്തുന്ന സമ്മർദ്ദം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായി. കുറവ് വന്നാൽ ചൂണ്ടിക്കാണിക്കുക, പരിഹരിക്കും. പറഞ്ഞത് മാറ്റിപ്പറയുന്നവരല്ല ഞങ്ങൾ, പറഞ്ഞത് നടപ്പിലാക്കാനിരിക്കുന്നവരാണ് ഞങ്ങൾ. ആ ഞങ്ങൾ പറയുന്നു ആ കുട്ടികൾക്ക് ഒരു കുറവും വരില്ല. മറ്റൊരു കൂട്ടരുടെ പരാതി പരിഹരിക്കുകയാണിവിടെ ചെയ്തത്. സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കുന്ന നമ്മുടെ റിസർവേഷൻ പോളിസി അവിടെ നിലനിൽക്കുന്നുണ്ട്. അതിന് പുറമെയാണ് പുതിയ പദ്ധതി. ഹൈക്കോടതി ചിലത് ചൂണ്ടിക്കാണിച്ചത് ചിലരുടെ പരാതി പരിഗണിച്ചാണ്. അത് പരിഹരിച്ചു.'
മറുനാടന് മലയാളി ബ്യൂറോ