- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശത്ത് തിങ്കളാഴ്ച ഒരുദിവസം കടകൾ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ നാൽപ്പത് പേർക്ക് പങ്കെടുക്കാം; ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം; ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കൂടുതൽ ക്രമീകരണം അടുത്ത അവലോകന യോഗത്തിൽ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം.
എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതൽ 8വരെ പ്രവർത്തിക്കാം.
വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ നാൽപ്പത് പേർക്ക് പങ്കെടുക്കാം. ആരാധനലായങ്ങളുടെ ചുമതലപ്പെട്ടവർ ഈ എണ്ണം കൃത്യമായി പാലിക്കേണ്ടതിന് പ്രത്യേകം ശ്രദ്ധിക്കണം. ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിൻ എടുത്തവരായിരിക്കണം.
എ, ബി വിഭാഗങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ഒരു ഡോസ് വാക്സിൻ എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി ഹെയർ സ്‌റ്റൈലിങ്ങിനായി തുറക്കാം. സീരിയൽ ഷൂട്ടിങ് പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകും. ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്കാണ് ഇവിടെയും പ്രവേശനം ഉണ്ടാവുകയെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു
കോവിഡ് പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കിയും, ലോക്ക്ഡൗൺ ലഘൂകരിച്ചും, വാക്‌സിനേഷൻ വേഗത്തിലാക്കിയുമാണ് രണ്ടാം തരംഗത്തെ സംസ്ഥാനം നേരിടുന്നത്. വാക്‌സിൻ സംസ്ഥാനത്തിന് ലഭിക്കുന്ന രീതിയിൽ വേഗത്തിലാക്കുവാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും. ഇതിൽ ജനങ്ങൾ നന്നായി സഹകരിച്ചാൽ മൂന്നാം തരംഗം ഒഴിവാക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ വലിയ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ച് ഇതിൽ സംസ്ഥാന സർക്കാർ ഇളവ് നൽകുന്നുണ്ട്. എന്നാൽ സംസ്ഥാനം നേരിടുന്ന അവസ്ഥയിൽ എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ചില മാറ്റങ്ങൾ പ്രഖ്യാപിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടിആർപി അനുസരിച്ച് നാല് വിഭാഗമായാണ് സംസ്ഥാനത്തെ തിരിച്ചിരിക്കുന്നത്. എ വിഭാഗം ടിപിആർ അഞ്ചിൽ കുറവ് ഇതിൽ 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. അഞ്ച് മുതൽ പത്തുവരെ ടിആർപിയുള്ള ബി വിഭാഗത്തിൽ - 392 തദ്ദേശ സ്ഥാപനങ്ങളുണ്ട്. 10 മുതൽ 15വരെ ടിആർപിയുള്ള പ്രദേശങ്ങളാണ് സി വിഭാഗത്തിൽ- 362 തദ്ദേശ സ്ഥാപനങ്ങളുണ്ട് ഈ വിഭാഗത്തിൽ. ഡി വിഭാഗം 15ന് മുകളിൽ ടിആർപിയുള്ളതാണ്- ഇതിൽ 194 സ്ഥാപനങ്ങളുണ്ട്.
എൻജിനീയറിങ് പോളിടെക്‌നിക്ക് സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ ഹോസ്റ്റൽ സൗകര്യം നൽകേണ്ടതുണ്ടെന്നും, കൂടുതൽ ക്രമീകരണം അടുത്ത അവലോകന യോഗം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്