വൈറ്റില മേൽപ്പാലം സംബന്ധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി ആശങ്കകളായിരുന്നു പ്രചരിച്ചിരുന്നത്. പാലത്തിന്റെ പൊക്കം മുതൽ ബലംമ വരെ അത്തരം പ്രചാരണങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ, പാലത്തിന്റെ ഉദ്ഘാടന ദിവസം തന്നെ അത്തരം ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാലത്തിലൂടെ പൊക്കമുള്ള വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയില്ലെന്ന പ്രചാരണത്തിന് പാലത്തിലൂടെ കടന്നുപോകുന്ന കണ്ടെയ്നർ ലോറിയുടെ ചിത്രവുമായി മുഖ്യമന്ത്രി പിണറായി വിജയനുമെത്തി.

വൈറ്റില മേൽപ്പാലത്തിലൂടെ കടന്നു പോകുന്ന കണ്ടെയ്‌നർ ലോറിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പാലത്തിലൂടെ ഉയരമുള്ള കണ്ടെയ്‌നർ ലോറി കടന്നുപോകില്ലെന്ന തരത്തിൽ നിരവധി വ്യാജപ്രചാരണങ്ങൾ സർക്കാർ നേരിട്ടിരുന്നു. ഈ ആരോപണങ്ങൾക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി എഫ് ബി പേജിൽ ഒറ്റ ചിത്രത്തിലൂടെ പങ്കുവെച്ചത്. ഇടത്-സിപിഎം അനുഭാവികളും അല്ലാത്തവരും ഉൾപ്പെടെ ഈ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

ഇന്നാണ് വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് തുറന്നുനൽകിയത്. മേൽപ്പാലങ്ങൾ മുഖ്യമന്ത്രി വീഡിയോകോൺഫറൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് വൈറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

717 മീറ്റർ ദൂരത്തിൽ 86.34 കോടി രൂപ ചെലവിലാണ് വൈറ്റില മേൽപ്പാലം പൂർത്തിയായത്. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായാണ് വൈറ്റിലയെ കണക്കാക്കുന്നത്. മണിക്കൂറിൽ 13,000ത്തിലധികം വാഹനങ്ങളാണ് വൈറ്റില ജംഗ്​ഷൻ വഴി കടന്നുപോകുന്നത്. ഇവിടത്തെ അഴിയാത്ത ഗതാഗതക്കുരുക്കിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. വൈറ്റില മേൽപ്പാലം തുറക്കുന്നതോടെ ആ പ്രശ്‌നത്തിന് പരിഹാരമാകും.

2008ലാണ് ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ജംഗ്​ഷനുകളിൽ ​ൈഫ്ലഓവർ നിർമ്മിക്കാൻ വിശദമായ പദ്ധതിരേഖ ദേശീയപാത അഥോറിറ്റി സർക്കാറിന് സമർപ്പിക്കുന്നത്. എന്നാൽ, 1200 കോടി രൂപ നിർമ്മാണ ചെലവ് വരുമെന്നതിനാൽ കേന്ദ്ര റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയം പദ്ധതി അംഗീകരിച്ചില്ല.

2014ൽ ഡി.എം.ആർ.ഡി പദ്ധതി അംഗീകരിച്ചതോടെയാണ് വൈറ്റില ​ൈഫ്ലവാറിന്റെ ആരംഭം. എന്നാൽ, ഫണ്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം നിർമ്മാണം അവർ ഏറ്റെടുത്തില്ല. പിന്നീട് കിഫ്ബി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയും കിഫ്ബി ഫണ്ടിങ് ഏജൻസി ആയും 2017ൽ 113 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് വിശദമായ പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു. 2017 സെപ്​റ്റംബറിൽ പദ്ധതിക്ക് ടെണ്ടർ ക്ഷണിച്ചു. 2017ൽ 78.36 കോടി രൂപക്ക്​ കരാർ നൽകി. 2017 ഡിസംബറിൽ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, ഇതിനിടയിലുണ്ടായ പ്രതിസന്ധികൾ മൂലം ചെറിയ കാലതാമസമുണ്ടായി.

ഇന്ന് ഉദ്ഘാടനം നടത്തിയ വൈറ്റില മേൽപ്പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയില്ലെന്ന വ്യാജപ്രചാരണം ഒരു വർഷം മുമ്പ് നടന്നിരുന്നു. ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണയുണ്ടാക്കിയ വ്യാജ പ്രചാരണങ്ങൾക്ക് പൊതുമരാമത്ത് വകുപ്പും സർക്കാരും നിരവധി തവണ വിശദീകരണം നൽകിയിട്ടും പ്രചാരണത്തിന് അറുതിയുണ്ടായിരുന്നില്ല. എന്നാൽ ഉദ്ഘാടന ദിനം തന്നെ പാലത്തിലൂടെ കടന്ന പോയ ഉയരമുള്ള കണ്ടെയ്‌നർ ലോറിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് പ്രചാരണങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി .

വൈറ്റില മേൽപ്പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ, മുകളിലൂടെ കടന്നുപോകുന്ന മെട്രോ പാളത്തിൽ മുട്ടുമെന്ന തെറ്റായ വിവരം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. വൈറ്റില മേൽപ്പാലത്തിലൂടെ പോകുന്ന ലോറിക്ക് കുനിയേണ്ടി വരുമോ എന്ന വരെുള്ള പ്രചാരമങ്ങളുണ്ടായി. മേൽപ്പാലത്തിന്റെ പണി ഒരിടക്ക് നിർത്തിവെച്ചത് അതിനാലാണെന്നു വരെയായി പ്രചാരണങ്ങൾ.

വൈറ്റില മേൽപ്പാലത്തിനു മുകളിലൂടെ പോകുന്ന മെട്രോ പാളത്തിനുമിടയിലെ ദൂരം 5.5 മീറ്റർ ആണെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അറിയിച്ചിട്ടും പ്രാചരണത്തിനോ വിവാദത്തിനോ ശമനുമുണ്ടായില്ല. ബസിനു പോലും മൂന്നര മീറ്ററിൽ താഴെയാണ് പരമാവധി ഉയരം. ഡബിൾ ഡക്കർ ബസിനുപോലും 4.5 മീറ്ററെ ഉയരമേ വരൂ. ഇതറിയാതെ, വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മെട്രോ പാളത്തിൽ മുട്ടുമെന്ന തരത്തിൽ പ്രചാരണം നടത്തുന്നവർ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നും അധികൃതർ അന്ന് വിശദീകരിച്ചു.

മേൽപ്പാലത്തിന്റെ കോൺക്രീറ്റിങ്ങിന് മതിയായ ഗുണനിലവാരമില്ലെന്ന് വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഒരു മാസത്തോളം വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം നിലച്ചിരുന്നു. ഇതിനെ തുടർന്ന് മദ്രാസ് ഐ.ഐ.ടിയടക്കം കോൺക്രീറ്റിന്റെ ഗുണനിലവാര പരിശോധനയ്ക്കായി എത്തിയിരുന്നു. ഇവർ നടത്തിയ ഗുണനിലവാര പരിശോധനയൊക്കെ അനുകൂലമായതോടെയാണ് മേൽപ്പാലം നിർമ്മാണം പുനരാരംഭിച്ചത്. ഇതിനിടയിലാണ്, സാമൂഹിക മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണം നടന്നത്. ഉയരമുള്ള വാഹനങ്ങൾക്കു പോകാമെങ്കിൽ എന്തിനാണു ഹൈറ്റ് ഗേജ് എന്ന ചോദ്യവും പിന്നീടുയർന്നു. വാഹനങ്ങൾ നിശ്ചിത ഉയരത്തിൽ കൂടുതൽ ലോഡുമായി പാലത്തിൽ പ്രവേശിക്കാതിരിക്കാനാണു ഹൈറ്റ് ഗേജെന്ന് അധികൃതർ പറഞ്ഞിട്ടും പലർക്കും വിശ്വാസം വന്നില്ല.

വൈറ്റില മേൽപ്പാലത്തിൽ ഉയരം നിയന്ത്രിച്ചുള്ള ക്രോസ് ബാർ നീക്കം ചെയ്യുക, പാലം അടിയന്തരമായി തുറന്നു നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വൈറ്റില മണ്ഡലം കോൺഗ്രസ് കമ്മിറ്റി മേൽപ്പാലത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും കഴിഞ്ഞയഴ്ചയും നടത്തിയിരുന്നു. മേൽപ്പാലത്തിന്റെ മധ്യഭാഗത്ത് മെട്രോ പാളത്തിന് താഴെയായുള്ള 40 മീറ്റർ നീളമുള്ള വലിയ സ്പാൻ വെയ്ക്കുന്നതിനാണ് പൊക്കം കുറച്ച് തൂൺ നിർമ്മിച്ചത്. 40 മീറ്റർ നീളമുള്ള സ്പാനിന് വീതിയും കൂടുതലുണ്ട്. 30 മീറ്റർ നീളമുള്ള മറ്റ് സ്പാനുകൾക്ക് വീതി കുറവുമാണ്. അതിനാലാണ് 30 മീറ്റർ വീതിയുള്ള സ്പാൻ വെയ്ക്കുന്ന തൂണിന് ഉയരം കൂടുതൽ ഉള്ളത്. പണി പൂർത്തിയാകുമ്പോൾ മുകൾ ഭാഗത്ത് ഉയര വ്യത്യാസം ഉണ്ടാകില്ല. ഇതുകണ്ട് തെറ്റിദ്ധരിച്ചാണ് തൂണഇന്റെ ഉയരവ്യത്യാസം സംബന്ധിച്ച പ്രചാരണവും നടന്നത്.

എന്നാൽ ഉദ്ഘാടന ദിവസം തന്നെ കണ്ടെയ്‌നർ ലോറി കടന്നു പോകുന്ന ദൃശ്യം പഴയ പ്രചാരണങ്ങൾക്കുള്ള മറുപടിയായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. അതിനിടെയാണ് ഒറ്റ ചിത്രം കൊണ്ട് മുഖ്യമന്ത്രി ആരോപണങ്ങളുടെ വായടച്ചത്.