- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കില്ല; നിയന്ത്രണങ്ങൾ ലംഘിച്ചാൽ നേരിടേണ്ട രീതിയിൽ നേരിടും; അത് മനസിലാക്കി കളിച്ചാൽ മതി'; വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി; പ്രതികരണം, ഇളവുകളില്ലെങ്കിൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നിലപാട് അറിയിച്ചതിന് പിന്നാലെ
ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി.
കടകൾ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നിൽക്കുകയും ചെയ്യുന്നു. എന്നാൽ അവർ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കില്ല. സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകൾ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എ, ബി, സി വിഭാഗങ്ങളിലുള്ള, നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക് എട്ട് മണി വരെ പ്രവർത്തനാനുമതി നൽകും. ഇലക്ട്രോണിക്സ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. ഓൺലൈൻ പഠനം നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സഹായകമാകുന്നതിനാണ് ഇത്തരമൊരു നടപടി.
നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരത്തിൽ മാർഗങ്ങൾ സ്വീകരിച്ചത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാവണം. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളമായി ചർച്ച നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് അനുമതി നൽകാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കും. രണ്ടരലക്ഷം സാമ്പിൾ വരെ പരിശോധിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും പൊതുജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവൻ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകൾ -
എനിക്കവരോട് (വ്യാപാരികൾ) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ.
ഇതുവരെ രോഗം വരാത്തവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായം കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കിൽ അതിനർത്ഥം അവിടെ രൂക്ഷമായ രീതിയിൽ കോവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്. ഡി കാറ്റഗറിയിൽ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കിയപ്പോൾ സിയിലേക്ക് പോയി. എന്നാൽ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകൾ അലസതയോടെ ഉപയോഗിച്ചപ്പോൾ അവിടെ രോഗവ്യാപനം കൂടി.
ന്യൂസ് ഡെസ്ക്