- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റംസും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലെ അച്ചുതണ്ടിന് സഹായം നൽകിയത് രവീന്ദ്രന്റെ അമ്മയുടെ സഹോദരിയുടെ മകൻ! കോഴിക്കോട് ജി എസ് ടിയിലെ പിആർഒയെ ഇഡി അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ട്; സ്വപ്നയ്ക്കും കൂട്ടർക്കും കസ്റ്റംസ് കടമ്പ കടന്നു കിട്ടാൻ നിർദേശങ്ങളും വിവരങ്ങളും നൽകിയത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം; ജന്മഭൂമി വാർത്തയിൽ ചർച്ച തുടരുമ്പോൾ
കൊച്ചി: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും (സിഎംഒ) കേരളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്തുവന്നുവെന്നും ഉടൻ നടപടികളുണ്ടാകുമെന്നും ജന്മഭൂമിയുടെ റിപ്പോർട്ട്. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയോട് അടുത്തു നിൽക്കുന്ന സംഘപരിവാർ പത്രമായ ജന്മഭൂമി പേരു സഹിതം വാർത്ത നൽകുന്നത്. എന്നാൽ ഇത് ഭാവന മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും വകയിൽ സഹോദരനും സർക്കാർ ഉദ്യോഗസ്ഥനുമായ ഗോപിനാഥുമാണ് സ്വർണക്കടത്തിൽ കസ്റ്റംസ്-സിഎംഒ അച്ചുതണ്ടിന് സഹായങ്ങൾക്ക് നൽകിയിരുന്നതെന്ന് ജന്മഭൂമി ആരോപിക്കുന്നു. രവീന്ദ്രൻ ചോദ്യം ചെയ്യലിന് പിടി കൊടുക്കാതെ ഒഴിയുന്നതും അതിനാലാണ്. ഗോപിനാഥ് വൈകാതെ അന്വേഷണ ഏജൻസിയുടെ പിടിയിലാകുമെന്നാണ് സൂചനയുണ്ടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ടിനെ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാരും കാണുന്നത്.
കസ്റ്റംസിനെ കഴിഞ്ഞ ദിവസം കോടതി വിമർശിച്ചതും കസ്റ്റംസിന്റെ അന്വേഷണ നടപടികളിലെ വേഗക്കുറവും 'സ്വന്തക്കാരെ' രക്ഷിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്. എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ധനകാര്യ വകുപ്പിന്റെ കർശന നിർദ്ദേശം കിട്ടിക്കഴിഞ്ഞുവെന്നാണ് ജന്മഭൂമി വാർത്ത. ഗോപിനാഥ് കോഴിക്കോട് ജിഎസ്ടിയിൽ പിആർഒയാണ്. ഇയാൾ നേരത്തേ ഡിആർഐയിലും അതിനു മുമ്പ് കസ്റ്റംസിലുമായിരുന്നുവെന്നും ജന്മഭൂമി വാർത്ത വിശദീകരിക്കുന്നു. ഇന്നലെയാണ് ഈ വാർത്ത ജന്മഭൂമി നൽകിയത്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികളുടെ ഇനിയുള്ള നീക്കങ്ങൾ നിർണ്ണായകമാണ്.
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മിന്റെയും പാർട്ടി നേതാക്കളുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും പിണറായി വിജയന്റെ ബന്ധുവുമായ സി.എം. രവീന്ദ്രന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇയാൾ. ക്ലാർക്ക് പദവിയിൽ ജോലിക്കു കയറി ഇൻസ്‌പെക്ടറായി, ഇപ്പോൾ പിആർഒയാണ്. ഡിആർഐയിൽ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) ജോലിയിലിരിക്കെ സ്വർണക്കടത്തു നടത്തിയവരിൽനിന്ന് പണം വാങ്ങിയ കേസിൽ പെട്ടിരുന്നയാളാണെന്നും ജന്മഭൂമി ആരോപിക്കുന്നു.
സ്വർണക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാൻ വേണ്ട നിർദേശങ്ങളും വിവരങ്ങളും നൽകിയിരുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താവളങ്ങളിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥർ, കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെ ഏതാനും ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങിയ സംഘമാണിത്. സ്വപ്നയും കൂട്ടരും നടത്തിയതുൾപ്പെടെ ആസൂത്രിത സ്വർണക്കടത്തുകൾ ഈ സംഘത്തിന്റെ 'മേൽനോട്ട'ത്തിലാണ് നടന്നിരുന്നത്.
സ്വപ്നയും മറ്റും ഉൾപ്പെട്ട സ്വർണ, കറൻസി കടത്തു സംഘത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും അംഗമാണ്. സി.എം. രവീന്ദ്രനാണ് അതിന് സർക്കാർ തല സംരക്ഷണം നൽകുന്നത്. രവീന്ദ്രനും ശിവശങ്കറും ഉൾപ്പെടെ 12 ഉദ്യോഗസ്ഥർ ചേർന്ന സംഘം തിരുവനന്തപുരത്ത് ഈ പ്രവർത്തനങ്ങളിലുണ്ട്. ഇവർക്ക് സംയുക്തമായി പല സംരംഭങ്ങളുമുണ്ട്. തലസ്ഥാനത്ത് നഗരാതിർത്തിയിൽ ഇങ്ങനെ സമ്പാദിച്ച പണം കൊണ്ടാണ് ഇവർ ബിനാമിയായി ഫ്‌ളാറ്റു സമുച്ചയം നിർമ്മിക്കുന്നതെന്നും വാർത്തയിൽ പറയുന്നു.
ഗോപിനാഥ് വടകരയിൽനിന്ന് ഏഴെട്ടു മാസം മുമ്പ് കോഴിക്കോട്ട് കാരപ്പറമ്പിലേക്ക് താമസം മാറി. അവിടെ ഒരു ഫ്‌ളാറ്റിന്റെ അറ്റകുറ്റപ്പണിക്ക് മാത്രം ചെലവിട്ടത് ഒരു കോടി 90 ലക്ഷം രൂപയാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് അറസ്റ്റിനാണെന്നുതന്നെയാണ് സിഎംഒയുടെയും സിപിഎമ്മിന്റെയും വിലയിരുത്തൽ. രവീന്ദ്രന്റെ ചോദ്യം ചെയ്യലിലൂടെ പാർട്ടിയുടെയും സർക്കാരിന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയപ്പാടിലാണ് നേതാക്കളെന്നും ജന്മഭൂമി ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ