- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുൾ സ്ലീവ് വെള്ള ഷർട്ടും കറുത്ത പാന്റ്സും; ഷർട്ട് ഇൻസൈഡ് ചെയ്തു ബെൽറ്റിട്ടു; അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി ദുബായിൽ എത്തിയത് 'അടിപൊളി ചുള്ളൻ' ലുക്കിൽ; രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം യുഎഇയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും
ദുബായ്: അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച ദുബായിൽ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷമാകും അബുദാബി, ഷാർജ എന്നിവിടങ്ങളിലെ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തുക.
ഫെബ്രുവരി നാലിനു ദുബായ് എക്‌സ്‌പോയിലെ കേരള പവിലിയൻ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോർക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഏഴിനു തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി നാട്ടിൽ ഇന്ന് മടങ്ങിയെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കുള്ള മടങ്ങാനുള്ള യാത്രയിൽ മാറ്റം വരുത്തിയാണ് പിണറായി വിജയൻ ദുബായിയിലെത്തിയത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ രണ്ട് ദിവസം പൂർണ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്.
പിന്നീട് വിവിധ എമിറേറ്റുകൾ സന്ദർശിക്കുന്ന പിണറായി വിജയൻ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്‌കരണങ്ങൾ, ഡിജിറ്റൽ വൽക്കരണം, നടപടിക്രമങ്ങളിലെ ലളിതവൽക്കരണമെല്ലാം ബോധ്യപ്പെടുത്തും.
എക്‌സപോയിൽ ആറുദിവസമാണ് കേരളത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി അടുത്തമാസം അഞ്ച് ആറ് തിയതികളിൽ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുബായിൽ നടത്തും.
അറബ്, രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തിയും മലയാളി വ്യവസായികളെ ഉൾപ്പെടുത്തിയമായിരിക്കും സമ്മേളനങ്ങൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് KSIDC എംഡി രാജമാണിക്യം കഴിഞ്ഞദിവസം ദുബായിലെത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, രാജ്യ സഭാഗം ജോൺ ബ്രിട്ടാസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും. അഞ്ചാം തിയതി ദുബായ് അൽ നാസർ ലെഷർലാന്റിൽ മലയാളി സമൂഹവുമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ സർക്കാർ അനുമതിക്ക് കാത്തിരിക്കുകയാണ് സംഘാടകർ.
മറുനാടന് മലയാളി ബ്യൂറോ